അച്ചടക്കരാഹിത്യം: മൂന്നു വെപ്പ് വള്ളങ്ങള്‍ക്ക് ബോണസ് നല്‍കില്ല
ആലപ്പുഴ: 64-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തില്‍ അച്ചടക്കരാഹിത്യം കാട്ടിയ മൂന്നു വെപ്പ് എ ഗ്രേഡ് വള്ളങ്ങള്‍ക്ക് അയോഗ്യത കല്‍പിക്കാന്‍ എന്‍.റ്റി.ബി.ആര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ ആധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം വള്ളങ്ങള്‍ക്ക് ബോണസ് നല്‍കേണ്ടെന്നും തീരുമാനമെടുത്തു.
വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ മത്സരിച്ച പുന്നത്ര വെങ്ങാഴി, കോടപ്പറമ്പന്‍, ചെത്തിക്കാടന്‍ എന്നിവയെ അയോഗ്യരാക്കി. അച്ചടക്കലംഘനത്തിന് ചമ്പക്കുളം, ചെറുതന, പുളിങ്കുന്ന് ചുണ്ടനുകള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയുടെ കാര്യം റേസ് കമ്മിറ്റിക്ക് വിട്ടു. ടിക്കറ്റ് വില്‍പ്പനയില്‍ ഇതുവരെ 58 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഇനിയും ചില ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് വില്‍പ്പനയുടെ കണക്കും എണ്ണവും ലഭിക്കാനുണ്ട്. ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് അനുവദിച്ച ഒരു കോടി രൂപ അക്കൗണ്ടില്‍ ലഭിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു.
സമയത്തിന്റെ അടിസ്ഥാനത്തില്‍ ഹീറ്റ്‌സ് വിജയിയെ കണ്ടെത്തുന്ന ചുണ്ടന്‍ വള്ളങ്ങളിലെ ആദ്യപരീക്ഷണം വന്‍വിജയമായിരുന്നെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, ഇന്‍ഫ്രാസ് സ്ട്രക്ചര്‍ കമ്മിറ്റി ഓഫീസര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ, മുന്‍ എം.എല്‍.എ. കെ.കെ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ എ. സുബൈര്‍കുട്ടി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ക്ക് എന്‍.റ്റി.ബി.ആര്‍. സൊസൈറ്റിയുടെ യാത്രയയപ്പ് നല്‍കി. കെ.കെ. ഷാജു, ആര്‍.കെ. കുറുപ്പ്, ആര്‍.ഡി.ഒ. എന്നിവര്‍ ചേര്‍ന്ന് കളക്ടര്‍ക്ക് ഉപഹാരം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."