നാട്ടിലേക്കിറങ്ങുന്ന കാട്
ഡോ. അബേഷ് രഘുവരൻ
വയനാട്ടിൽനിന്ന് അടുത്തിടെ വരുന്ന വാർത്തകളെല്ലാം മനുഷ്യന് നൽകുന്ന ചില പ്രധാനപ്പെട്ട സൂചനകളായി കാണാവുന്നതാണ്. മനുഷ്യനെ മൃഗങ്ങൾ തിരിച്ചും ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുകയാണോ? കടുവ, കരടി, കാട്ടാന തുടങ്ങിയ വന്യജീവികൾ നാട്ടിൽ ഇറങ്ങുകയും കൃഷിനാശവും ആൾനാശവും വളർത്തു മൃഗങ്ങളെ വേട്ടയാടലും ഒക്കെയായി ഭീതിപ്പെടുത്തുന്ന ദിനങ്ങളാണ് അന്നാട്ടുകാർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇത് മുമ്പ് കേട്ടുകേൾവിയില്ലാത്ത സംഭവമായിരുന്നെങ്കിൽ അടുത്തിടെ ഇത്തരം വാർത്തകൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു.
പലപ്പോഴും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് കാടും നാടും എന്നത്. എന്താണ് ഇവ തമ്മിലുള്ള ബന്ധമെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട്. നാട് മനുഷ്യനും കാട് മറ്റു ജീവികൾക്കും എന്നാണ് ആ ഉത്തരം. കാടും നാടും രണ്ട് വ്യത്യസ്തമായ ആവാസവ്യവസ്ഥകളാണ്. കാട്ടിൽ ആയിരക്കണക്കിന് സസ്യ-ജന്തുജീവികൾ വസിക്കുമ്പോൾ നാട്ടിൽ മനുഷ്യനും അവന്റെ കീഴിൽ ഒതുങ്ങുന്ന ജന്തുക്കളും അവനാവശ്യമുള്ള സസ്യജാലങ്ങളും മാത്രമാണ് കാണപ്പെടുന്നത്. അവിടെനിന്ന് ആരംഭിക്കുകയാണ് വേർതിരിവിന്റെയും മനുഷ്യന്റെ അടിച്ചമർത്തലിന്റെയും ശാസ്ത്രവും രാഷ്ട്രീയവും.
കാട് പ്രകൃതിയുടെ തനതായ രീതിക്കനുസരിച്ച് അതിന്റെ പ്രവർത്തനം ക്രമീകരിക്കുമ്പോൾ നാട്ടിലാവട്ടെ മനുഷ്യൻ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. വയനാട്ടിൽ കാടിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ അടുത്തിടെ വന്യജീവികളുടെ കടന്നുകയറ്റം ഏറിയിരുന്നു. അവിടെ താമസിക്കുന്ന ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ കാട്ടിൽനിന്ന് വന്യജീവികൾ നാട്ടിലേക്ക് കടക്കുന്നത്?
കേരളത്തിലെ വനവിസ്തൃതി വലിയ നിലയിൽ കുറയുന്നില്ലെന്ന് കണക്കുകൾ പറയുന്നത് ആശ്വാസകരമാണെങ്കിൽ പോലും കാടും നാടും തമ്മിൽ, അതിനിടയിൽ ഉണ്ടായിരുന്ന ഒരു നേരിയ പ്രദേശമുണ്ട്. അതായത്, കാടിന്റെയും നാടിന്റെയും മാത്രമായ ഇടപെടലുകൾ ഇല്ലാതിരുന്ന പ്രദേശം. അവിടേക്ക് വന്യജീവികൾ വിരളമായി എത്തപ്പെട്ടിരുന്നുവെങ്കിലും കാടിന്റെ ശീതളിമയിലേക്കുതന്നെ മെല്ലെ തിരികെ പോകുമായിരുന്നു. ഇപ്പോൾ ആ രണ്ടിനും ഇടയിലുള്ള ലോലപ്രദേശത്തിലേക്കാണ് മനുഷ്യന്റെ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത്.
അതുകൊണ്ടുതന്നെ ആശയക്കുഴപ്പത്തിലായ വന്യമൃഗങ്ങൾ അത് അവർ മുമ്പും വിഹരിച്ചിരുന്ന പ്രദേശമായി തെറ്റിദ്ധരിച്ചുകൊണ്ട് അവിടെയെത്തുകയും മനുഷ്യനെയും മനുഷ്യന്റേതായ വസ്തുവകകളും കാണുന്നതോടെ അവ നശിപ്പിക്കുകയും ഭയചകിതരായി വിഹരിക്കുകയും ചെയ്യുന്നു. ഇതുമാത്രമല്ല വന്യജീവികളുടെ കടന്നുകയറ്റത്തിന്റെ കാരണം. മറ്റൊരു പ്രധാന കാരണം ആഗോളതാപനമാണ്. ചൂടിനും തണുപ്പിനുമൊക്കെ ഏറെ സെൻസിറ്റീവാണ് പല ജീവികളും.
മനുഷ്യരുടെ പ്രവൃത്തിമൂലം ഉണ്ടാകുന്ന ഊഷ്മാവിലെ ഈ ചെറിയ മാറ്റങ്ങൾ കാട്ടിലെ ജീവികളിൽ വലിയ അസ്വസ്ഥതയാണ് ഉളവാക്കുന്നത്. ശബ്ദമലിനീകരണം, പ്രകാശ മലിനീകരണം എന്നിവയൊക്കെ മനുഷ്യന്റെ പ്രവൃത്തിമൂലം ഉണ്ടാകുന്നെങ്കിലും മനുഷ്യൻ വലിയൊരളവിൽ അതിനെ പ്രതിരോധിക്കാനുള്ള കഴിവ് ആർജിക്കുമ്പോൾ ജന്തുക്കൾക്കും മറ്റും അതിന് കഴിയാതെപോകുന്നു. ഉദാഹരണത്തിന് കാടിനോട് ചേർന്നുകിടക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മനുഷ്യർ നഗരങ്ങളെയും പട്ടണങ്ങളെയും പ്രകാശമുഖരിതമാക്കുമ്പോൾ ജന്തുക്കളിലെ ജൈവഘടികാരം തന്നെ തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നു.
രാത്രിയിൽ ഉറങ്ങുന്നതും പകൽ ഉണർന്ന് മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും മനുഷ്യനെപ്പോലെ മറ്റെല്ലാ ജീവജാലങ്ങളുടെയും പ്രത്യേകതയാണ്. അത് അവരുടെ ജൈവഘടികാരത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന കാര്യമാണ്. എന്നാൽ, രാത്രിയിലെ പ്രകാശ-ശബ്ദ കോലാഹലങ്ങൾ ആ ജീവികളുടെ സ്വസ്ഥതയെ ബാധിക്കുകയും അവർ അതിനോട് ആകർഷിക്കപ്പെടുകയും ചെയ്യുന്നു.
എല്ലാ അർഥത്തിലും വനം വിലമതിക്കാനാവാത്ത സ്വത്താണ്. ലോകത്തിന്റെ കരഭാഗത്തിന്റെ മൂന്നിൽ ഒരു ഭാഗം വനമാണ്. ലോകത്തിലുള്ള പകുതിയോളം സസ്യങ്ങളും മൃഗങ്ങളും വനങ്ങളിലാണ് കാണപ്പെടുന്നത്. ലഭ്യമാകുന്ന ഔഷധത്തിന്റെ കാൽഭാഗവും ട്രോപ്പിക്കൽ വനങ്ങളിലെ ഔഷധസസ്യങ്ങളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. മാത്രമല്ല, പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് ഇവയൊക്കെ കൂടുതലായുള്ള പരിപ്പുവർഗങ്ങൾ, പഴങ്ങൾ, വിത്തുകൾ ഇവയൊക്കെ വനങ്ങളിൽ നിന്നാണ് പ്രധാനമായും ലഭിക്കുന്നത്. വനത്തിലെ മരങ്ങൾ വലിച്ചെടുക്കുന്ന ജലത്തിന്റെ 95% വരെ തിരികെനൽകാൻ മരങ്ങൾ കാരണമാകുകയും ചെയ്യുന്നു.
ജലത്തെ മണ്ണിൽത്തന്നെ പിടിച്ചുനിർത്തുകവഴി മണ്ണൊലിപ്പ് കുറയ്‌ക്കാനും പിന്നീട് ആ ജലം അന്തരീക്ഷത്തിലേക്കുതന്നെ നൽകുകവഴി അതിനുചുറ്റും തണുത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഭൂമിയുടെ ശ്വാസകോശമായിരുന്ന ആമസോൺ മഴക്കാടുകളുടെ വലിയ ഭാഗം ഓർമയായ സംഭവം അടുത്തിടെയാണല്ലോ ഉണ്ടായത്. അതുപോലെ വലുതും ചെറുതുമായ നൂറുകണക്കിന് കാടുകളാണ് ഭൂഗോളത്തിൽ ഓരോ ദിവസവും വികസനത്തിന്റെയോ മറ്റെന്തിന്റെയെങ്കിലും പേരിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അന്തരീക്ഷമലിനീകരണം മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം വർധിച്ചുകൊണ്ടിരിക്കുന്ന ഈയവസരത്തിൽ ജീവജാലങ്ങൾക്ക് ശ്വാസവായു ലഭ്യമാക്കാൻ വനങ്ങൾ വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതില്ലല്ലോ! ആ വനങ്ങൾ കൂടി ഇല്ലാതായാൽ നാളെ അഭിമുഖീകരിക്കാൻ പോകുന്ന ഭവിഷ്യത്തുകൾ ഒരുപക്ഷേ മുൻകൂട്ടി കാണുന്നതിനേക്കാൾ ഭീകരമായിരിക്കും.
ഇവിടെ കാടുകൾ നശിപ്പിക്കുന്നതിനൊപ്പംതന്നെ കാടിന്റെ സ്വതസിദ്ധ സ്വച്ഛതയ്ക്ക് കോട്ടം സംഭവിക്കുന്ന മനുഷ്യന്റെ പ്രവർത്തനങ്ങൾ കുറയ്ക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വന്യമൃഗങ്ങളെ തടയാൻ കാട്ടിൽ വേലികെട്ടി തിരിക്കുന്നത് ശരിയായ രീതിയല്ല. വേലിയും മതിലുമൊക്കെ മനുഷ്യന്റെ മനസിൽ രൂപപ്പെട്ട കാര്യങ്ങളാണ്. മനസിലും ഭൂമിയിലും വേലികെട്ടി തന്റെയെന്നും മറ്റുള്ളവരുടെയെന്നും ഭൂമിയെ തിരിക്കാൻ മൃഗങ്ങൾക്ക് കഴിവില്ല.
ഒരർഥത്തിൽ അതവരുടെ ഏറ്റവും ഉദാത്ത പ്രത്യേകതയായി തന്നെ കാണേണ്ടതുമുണ്ട്. അത്തരത്തിൽ വേലികെട്ടി തിരിക്കുന്നതിനേക്കാൾ അവരുടേതായ ഇടങ്ങൾ വിഹരിക്കാനായി നൽകുക എന്നതുതന്നെയാണ് ഉത്തമം. പ്രകൃത്യായുള്ള പ്രദേശങ്ങൾ കൃത്രിമമായി തരംമാറ്റിയതിന്റെ ഭവിഷ്യത്തായിരുന്നല്ലോ പരാജയത്തിലൂടെ അനുഭവിച്ചത്. പുഴയൊഴുകിയിരുന്ന വഴിയിൽ നിലം നികത്തി വീടുകളും ഫ്‌ളാറ്റുകളും നിർമിച്ചു. പിന്നീട് പുഴയിൽ വെള്ളം കൂടുതലായി വന്നപ്പോൾ പണ്ട് ഒഴുകിയിരുന്ന സ്ഥലത്തുകൂടി അവ വീണ്ടും ഒഴുകി. അതിനെ പ്രളയമെന്നു വിളിച്ചത് നമ്മൾ മാത്രമാണ്. പുഴയെ സംബന്ധിച്ച് അത് അവരുടെ ഇടങ്ങളെ തിരിച്ചുപിടിക്കൽ മാത്രമായിരുന്നു.
നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. പക്ഷേ ശാസ്ത്രത്തിനും ടെക്‌നോളജിക്കും ഇവിടെ മനുഷ്യനെ സംരക്ഷിക്കാനുള്ള പ്രതിവിധി കണ്ടെത്താൻ കഴിഞ്ഞെന്നിരിക്കും. പക്ഷേ അപ്പോഴും പ്രകൃതിയുടെ കണ്ണിൽ മനുഷ്യനെപ്പോലെതന്നെ പ്രാധാന്യമുള്ള മറ്റു മൃഗങ്ങളുടെ കാര്യമോ? അവർ പരാജയപ്പെട്ടുപോകുന്നു. പ്രശ്നങ്ങൾക്ക് പ്രതിവിധി ഉണ്ടാകുന്നുമില്ല. അല്ലെങ്കിലും മനുഷ്യന്റെ കണ്ടുപിടിത്തങ്ങളിൽ അവനെ സംരക്ഷിക്കുന്നതിനപ്പുറം മറ്റൊരു ജീവിയേയും സംരക്ഷിക്കുന്ന ഉത്തരവാദിത്വം പേറുന്നതായി കേട്ടുകേൾവിപോലും ഇല്ലല്ലോ.
(കൊച്ചി സർവകലാശാല, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."