കമ്പളത്ത് ഗോവിന്ദൻ നായർ:ഏറനാട്ടിൻ ധീരമകൻ
ഡോ. കെ.ടി ജലീൽ
1914 ഏപ്രിൽ പതിനഞ്ചിനാണ് കമ്പളത്ത് ഗോവിന്ദൻ നായർ എന്ന കമ്യൂണിസ്റ്റുകാരൻ ജനിച്ചത്. കറകളഞ്ഞ മതേതരവാദി, അധ്യാപക പ്രസ്ഥാന സ്ഥാപകൻ, നാടകകൃത്ത്, അഭിനേതാവ്, സാംസ്കാരിക വിമർശകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രസിദ്ധനാണ്. 1921ൽ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ നടന്ന കാർഷിക കലാപത്തെ അതിൻ്റെ അന്തസ്സത്തയിൽ വിലയിരുത്തിയ മനുഷ്യസ്നേഹികൂടിയാണ് കമ്പളത്ത്. ഏഴാം വയസിൽ ജന്മദേശം ഉൾക്കൊള്ളുന്ന മണ്ണിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളെ സത്യസന്ധമായാണ് അദ്ദേഹം വിലയിരുത്തിയത്. മാപ്പിളലഹള എന്ന് സാമ്രാജ്യത്വ ശക്തികൾ പേരിട്ടു വിളിച്ച സ്വാതന്ത്ര്യ സമരത്തെ വർഗീയമായി ചിത്രീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ഗോവിന്ദൻ നായർ രചിച്ച 'ഏറനാട്ടിൻ ധീരമക്കൾ' എന്ന കവിത. തൻ്റെ ചുറ്റുവട്ടത്ത് കണ്ടതും അനുഭവിച്ചതും അച്ഛനമ്മമാരിൽ നിന്നും ബന്ധുമിത്രാദികളിൽ നിന്നും കേട്ടുമനസിലാക്കിയതുമായ യാഥാർഥ്യങ്ങളെ ആസ്പദിച്ചാണ് കമ്പളത്ത് ഗോവിന്ദൻ നായർ മലബാർ കലാപത്തിൻ്റെ കാര്യകാരണങ്ങൾ കവിതയിൽ വിശദീകരിക്കുന്നത്.
നായർ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനോ കുടുംബാംഗങ്ങൾക്കോ സമരക്കാരായ മാപ്പിള പോരാളികളിൽ നിന്ന് ഒരുതരത്തിലുള്ള തിക്താനുഭവങ്ങളും ഉണ്ടായില്ലെന്നതിൻ്റെ സാക്ഷ്യപത്രം കൂടിയാണ് കമ്പളത്തിൻ്റെ 'മുദ്രാവാക്യ കവിത'. അതുകൊണ്ടുതന്നെയാണ് കവിത പ്രസിദ്ധീകരിച്ച ദേശാഭിമാനി ആഴ്ചപ്പതിപ്പ് വെള്ളക്കാർ കണ്ടുകെട്ടിയത്. ബ്രിട്ടിഷുകാർക്കെതിരേ നിരന്തരം സംസാരിക്കുകയും എഴുതുകയും ചെയ്ത കമ്പളത്ത് ഗോവിന്ദൻ നായരെ 1941 ജൂൺ നാലിനു നെടിയിരുപ്പിലെ തൻ്റെ വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തു. തുടർന്ന് കമ്പളത്തിന് ഏൽക്കേണ്ടിവന്ന പൊലിസ് മർദനം വിവരണാതീതമാണ്. 'ഏറനാട്ടിൻ ധീരമക്കൾ' എന്ന കവിത അക്കാലത്ത് കുട്ടികളുടെയും യുവതീ യുവാക്കളുടെയും മധ്യവയസ്കരുടെയും വയോജനങ്ങളുടെയും ചുണ്ടുകളിൽ ഒരുപോലെ തത്തിക്കളിച്ചു. നഷ്ടപ്പെട്ടു പോകുമായിരുന്ന ആ വരികൾ മലയാളക്കരക്ക് ലഭ്യമാക്കിയത് കമ്പളത്തിൻ്റെ പേരമകനും എഴുത്തുകാരനും എൻ.ജി.ഒ യൂനിയൻ നേതാവുമായ കെ. വിജയകുമാറാണ്. തൻ്റെ മുത്തച്ഛൻ ജീവൻ നൽകിയ അക്ഷരങ്ങളുടെ സമാഹാരമായ 'ഏറനാട്ടിൻ ധീരമക്കൾ' എന്ന കവിതയെ വിശകലനം ചെയ്തുകൊണ്ട് വിജയകുമാർ എഴുതിയ ശ്രദ്ധേയമായ പ്രബന്ധത്തിൽ പറയുന്നത്; 'വെള്ളക്കാരൻ്റെ മുഖത്ത് കുത്തിയ പടപ്പാട്ടിൻ്റെ ചൂട്ടാ'ണ് പ്രസ്തുത രചന എന്നാണ്.
കയ്യൂർ സമരത്തെ സംബന്ധിക്കുന്ന കമ്പളത്തിൻ്റെ നാടകവും 'ഏറനാട്ടിൻ ധീരമക്കൾ' എന്ന കവിതയും 'ജന്മിത്തത്തിൻ്റെ കാലടിയിൽ' എന്ന നീണ്ടലേഖനവും അക്കാലത്ത് ചെയ്ത നിരവധി പ്രസംഗങ്ങളും പതിനായിരങ്ങളെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് പ്രേരിപ്പിച്ചു. ഇത് സായിപ്പുമാരെ സംഭ്രാന്തമാക്കി. 1931ൽ അൺട്രൈൻഡ് അധ്യാപകനായി ആലുങ്ങൽ എയ്ഡഡ് മാപ്പിള സ്കൂളിൽ ചേർന്ന കമ്പളത്ത്, മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിയമലംഘന പ്രസ്ഥാനത്തിൻ്റെ ഭാഗമായി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതോടൊപ്പം അധ്യാപകരെ സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങി. അധ്യാപക യൂനിയൻ നേതാക്കളായ ടി.സി നാരായണൻ നമ്പ്യാരുമായും പി.ആർ നമ്പ്യാരുമായും അദ്ദേഹം സഹകരിച്ച് പ്രവർത്തിച്ചു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ധാരയിലെ പ്രമുഖനായ ഇ.എം.എസുമായി ഗോവിന്ദൻ നായർ പുലർത്തിയ ആത്മബന്ധമാണ് അദ്ദേഹത്തെ തികഞ്ഞ കമ്യൂണിസ്റ്റാക്കിയത്. ജൻമിത്വത്തെയും ബ്രിട്ടിഷ് മേധാവിത്വത്തെയും കമ്പളത്ത് നിരന്തരം ചോദ്യം ചെയ്തു. അവക്കെതിരേ തൂലിക പടവാളാക്കി അനുസ്യൂതം പൊരുതി. 1940കളിൽ കോഴിക്കോട്ടുനിന്ന് പുറത്തിറങ്ങിയ 'കാഹള'ത്തിൽ കമ്പളത്ത് സ്ഥിരമായി എഴുതി. കാഹളത്തിൽ എഴുതിയ 'ജന്മിത്തത്തിൻ്റെ കാലടിയിൽ' എന്ന ലേഖനം ബ്രിട്ടിഷുകാരെ പ്രകോപിപ്പിച്ചു. അതേ തുടർന്ന് അദ്ദേഹത്തിൻ്റെ രചനകളെല്ലാം പൊലിസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തു. എഴുത്ത് നിർത്താൻ കമ്പളത്തിൻ്റെ വലതുകൈ പൊലിസ് അടിച്ചൊടിച്ചു. നഖം പിഴുതെടുത്തു. ആറുമാസം കഠിനതടവിനു ശിക്ഷിച്ചു. മൂന്നുവർഷം എഴുത്തിനു വിലക്കേർപ്പെടുത്തി.
ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബുമായി കമ്പളത്തിനുണ്ടായിരുന്ന അടുത്ത ബന്ധം സുവിദിതമാണ്. 1940കളിൽ ജാതിവാൽ ഉപേക്ഷിച്ച ഗോവിന്ദൻ നായർ പിന്നീട് എഴുതിയതും അറിയപ്പെട്ടതും കമ്പളത്ത് എന്ന പേരിലാണ്. ഒരേസമയം ഭരണകൂടത്തെയും ഭൂജന്മിമാരെയും അദ്ദേഹം എതിർത്തു. അവർക്കെതിരേ പടനയിച്ചവരെ പിന്തുണച്ചു. സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ പലതവണ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു.
കമ്പളത്തിൻ്റെ ബാല്യം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. കുട്ടിയായിരിക്കെ തന്നെ അദ്ദേഹം അനാഥനായി. അച്ഛൻ തേലംപറമ്പത്ത് കുഞ്ഞൻനായരുടെ മരണത്തെ തുടർന്ന് ഗോവിന്ദനെ വളർത്തി വലുതാക്കിയത് അമ്മ കമ്പളത്ത് നാരായണിയമ്മയാണ്. ഖിലാഫത്ത് പ്രക്ഷോഭം ശക്തമായ നാളുകളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. നെടിയിരുപ്പ് പ്രൈമറി സ്കൂളിലും ദേവതാർ യു.പി സ്കൂളിലുമാണ് കമ്പളത്ത് പഠിച്ചത്. തൻ്റെ ചുറ്റുവട്ടത്ത് താമസിക്കുന്ന മാപ്പിള കർഷക കുടിയാൻമാരുടെയും പിന്നോക്ക ജാതിക്കാരുടെയും ജീവിതദുരിതങ്ങൾ അദ്ദേഹത്തിലെ വിപ്ലവകാരിയെ ജ്വലിപ്പിച്ചു. സ്കൂൾ കാലത്ത് മനപ്പൊരുത്തമുള്ള ഒരുപാട് സുഹൃത്തുക്കളെ അദ്ദേഹത്തിനു കിട്ടി. പാലോത്ത് ഗോപാലൻനായരും കുഞ്ഞപ്പ നായരും കാദർ മാസ്റ്ററും വേലായുധൻ നായരുമെല്ലാം സുഹൃദ് വലയത്തിൽ ഉൾപ്പെട്ടവരാണ്. പാലേത്തുമായുള്ള അടുപ്പം കമ്പളത്തിലെ സാഹിത്യാഭിരുചിയെ സമൃദ്ധമാക്കി. ഗോവിന്ദൻ്റെ മേൽകൈയിൽ കൊട്ടുക്കര അങ്ങാടിയിൽ വായനശാല ആരംഭിച്ചു. വിദ്യാപോഷിണി വായനശാല. ഈ ഗ്രന്ഥാലയത്തിലാണ് യഥാർഥ കമ്പളത്ത് പിറവിയെടുത്തത്.
മലബാറിലെ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ ഫലപ്രദമായി തടയാൻ ബ്രിട്ടിഷുകാർ രൂപം കൊടുത്ത പ്രത്യേക സേനാവിഭാഗമാണ് "മലബാർ സ്പെഷൽ പൊലിസ്"(എം.എസ്.പി). 1921-ൽ റിച്ചാർഡ് ഹോവാഡ് ഹിച്ച്കോക്കായിരുന്നു എം.എസ്.പി തലവൻ. ദയാദാക്ഷിണ്യം തൊട്ടുതീണ്ടാത്ത പട്ടാള ഉദ്യോഗസ്ഥനായിരുന്നു ഹിച്ച്കോക്ക്. ബ്രിട്ടിഷ് സാമ്രാജ്യം നിലനിർത്താൻ എന്തു ക്രൂരതയും ചെയ്യാൻ അദ്ദേഹത്തിനു യാതൊരു മടിയും ഉണ്ടായിരുന്നില്ല. 1923ൽ ബ്രിട്ടിഷ് താൽപര്യങ്ങൾ സംരക്ഷിച്ച് അവർ ചെയ്ത ക്രൂരതകൾ മറച്ചുവച്ച് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് വർഗീയ നിറം നൽകി അവതരിപ്പിച്ച 'മലബാർ റെബല്യൻ 1921' എന്ന പുസ്തകം മദ്രാസ് സർക്കാരിൻ്റെ നിർദേശപ്രകാരം തയാറാക്കിയത് ഹിച്ച്കോക്കാണ്. ദൗർഭാഗ്യവശാൽ ഈ പുസ്തകമാണ് കലാപം ഹിന്ദു-മുസ് ലിം ലഹളയാണെന്ന് സമർഥിക്കാൻ സംഘ്പരിവാർ മനസുള്ളവർ ഇന്നും ഉപയോഗിക്കുന്നത്. കമ്പളത്തിൻ്റെ കവിതയെ കുറിച്ചോ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ 'ഖിലാഫത്ത് സ്മരണകൾ' എന്ന ഗ്രന്ഥത്തെ കുറിച്ചോ സൗമേന്ദ്രനാഥ ടാഗോറിൻ്റെ 'Peasant Revolt' എന്ന കൃതിയെ കുറിച്ചോ കലാപത്തെ പിന്തുണച്ചതിൻ്റെ പേരിലുള്ള എം.പി നാരായണ മേനോൻ്റെ ജയിൽവാസത്തെ സംബന്ധിച്ചോ വാഗൺ ട്രാജഡിയിൽ മരിച്ച മൂന്ന് ഹൈന്ദവ സഹോദരന്മാരെ പറ്റിയോ അവർ പറയുകയേ ഇല്ല. ഇന്ത്യക്കാരായ മനുഷ്യർ 1921ൽ നടത്തിയ സാമ്രാജ്യത്വവിരുദ്ധ, ജന്മിത്വവിരുദ്ധ പോരാട്ടത്തെ സംബന്ധിച്ച് മനസിലാക്കാൻ 'ദേശഭക്തർ' എന്ന് ഓരിയിടുന്നവർ ആശ്രയിക്കുന്ന ആധികാരിക പ്രമാണം ബ്രിട്ടിഷ് പാട്ടാള കമാൻഡൻ്റിൻ്റെ രചനയാണെന്നത് ഏറെ വൈരുധ്യമുളവാക്കുന്നതാണ്.
കേരളത്തിലെ ഇടത് അധ്യാപക പ്രസ്ഥാനത്തിൻ്റെ സ്ഥാപകനാണ് കമ്പളത്ത് ഗോവിന്ദൻ നായർ. 1946ൽ കമ്പളത്തിനോട് മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കാൻ പാർട്ടി നിർദേശിച്ചു. അസംഘടിതരായ അധ്യാപകരെ സംഘടിപ്പിക്കലായിരുന്നു ചുമതല. ഏൽപ്പിച്ച ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിർവഹിച്ചു. 1948ൽ പാർട്ടി നിരോധിക്കപ്പെട്ടതോടെ ഗോവിന്ദൻ നായരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. നിരോധനം നീങ്ങിയതോടെ 1952ൽ കമ്പളത്ത് സർവിസിൽ തിരിച്ചെത്തി. വീണ്ടും അധ്യാപക സംഘാടനത്തിൽ വ്യാപൃതനായി. 1953ൽ കോഴിക്കോട്ട് യോഗം ചേർന്ന് സംഘടന പുനരുജ്ജീവിപ്പിച്ചു. 1958ൽ തിരു-കൊച്ചിയിലെയും മലബാറിലെയും യൂനിയൻ പ്രതിനിധികൾ സംയുക്തമായി എറണാകുളത്ത് ചേർന്ന് കേരള ഗവൺമെൻ്റ് പ്രൈമറി ടീച്ചേഴ്സ് യൂനിയൻ രൂപീകരിച്ചു. സംസ്ഥാന പ്രസിഡൻ്റ് കമ്പളത്തായിരുന്നു. പിന്നീട് സംഘടനയുടെ പേര് കെ.ജി.ടി.എ എന്നായി. അതിപ്പോൾ കെ.എസ്.ടി.എ ആയി. 1969ൽ സർവിസിൽ നിന്ന് വിരമിച്ച കമ്പളത്ത് കൊണ്ടോട്ടിയിൽ ആധാരം എഴുത്തുകാരനായി കുറച്ചുകാലം ജോലിനോക്കി. 1983 ഏപ്രിൽ 30ന് ഗോവിന്ദൻ നായർ അന്തരിച്ചു.
കമ്പളത്തിൻ്റെ ലഭ്യമായ ഏക കവിതാ സമാഹാരം 'ഓണപ്പുടവ'യാണ്. മൂന്നു കവിതകളാണ് അതിലുള്ളത്. 1945 ഒാഗസ്റ്റിൽ പുറത്തിറങ്ങിയ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയത് എം.എസ് ദേവദാസാണ്. കമ്പളത്ത് എഴുതി, പാടി പ്രചരിപ്പിച്ച 'ഏറനാടിൻ ധീരമക്കൾ' ആദ്യമായി മെഗഫോണിൽ പാടിയത് പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ വി.എം കുട്ടിയാണ്. 1962ൽ മദ്രാസിൽ വച്ച് റെക്കോർഡ് ചെയ്ത പാട്ട് വലിയ ഹിറ്റായി. മുസ് ലിം വീടുകളിലെ കുറിക്കല്യാണങ്ങളിലെ പെട്ടിപ്പാട്ടിലെ പാട്ടുകളിൽ ഏറെ ആരാധകരെ സൃഷ്ടിച്ച പാട്ടിൻ്റെ രചയിതാവെന്ന ഖ്യാതിയും കമ്പളത്ത് ഗോവിന്ദൻ നായരെന്ന 'കമ്യൂണിസ്റ്റ് മാപ്പിള'ക്ക് അവകാശപ്പെട്ടതാണ്. കമ്പളത്തിനെപ്പോലെ എഴുതുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നല്ല മനുഷ്യരുടെ നിറസാന്നിധ്യമാണ് മലയാളക്കരയുടെ എക്കാലത്തെയും സൗഭാഗ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."