ഏക സിവിൽകോഡ്: ലക്ഷ്യം മുസ് ലിംകൾ മാത്രം
ഏക സിവിൽകോഡ് ബിൽ പാസാക്കിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സർക്കാർ. ഇതോടെ രാജ്യത്ത് ഏക സിവിൽകോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാനും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കാനും നിയമം സഹായിക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറയുന്നത്. അതേസമയം, ഉത്തരാഖണ്ഡിലെ പട്ടികവർഗ വിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കി.
ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം വരുന്ന ഈ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഈ അവകാശങ്ങളൊന്നും വേണ്ടതില്ല. മുഖ്യമന്ത്രിയുടെ വാദം വെറും തെരഞ്ഞെടുപ്പ് വായ്ത്താരിയാണ്. ഫലത്തിൽ മുസ് ലിംകളെയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. ഭൂരിപക്ഷത്തിന്റെ ആചാരങ്ങൾ അടിച്ചേൽപ്പിക്കാനും രാജ്യത്തെ മുസ് ലിം സ്വത്വം ഇല്ലാതാക്കാനുമുള്ള നീക്കം ഇതിനു പിന്നിലുണ്ടെന്ന കാര്യം വ്യക്തമാണ്. രാജ്യത്തെ വൈവിധ്യം ഇല്ലാതാക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്‌ക്കെതിരാണ്.
ഏക സിവിൽകോഡ് വന്നതോടെ ഉത്തരാഖണ്ഡിൽ മുസ്‌ലിം വ്യക്തിനിയമത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള പലതും ഈ നിയമമനുസരിച്ച് കുറ്റകരമാണ്. മുസ്‌ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹമോചന രീതികൾ കുറ്റകരമായി പ്രഖ്യാപിക്കുനതാണ് ഏക വ്യക്തിനിയമം. നികാഹ് ഹലാല, മുത്വലാഖ്, ഇദ്ദ തുടങ്ങിയ രീതികളാണ് മുപ്പതാംവകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരം കുറ്റകരമാക്കിയത്. നികാഹ് ഹലാല പിന്തുടരാൻ ആരെങ്കിലും നിർബന്ധിച്ചാൽ മൂന്നുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
സാധാരണ വിവാഹമോചനത്തിനുള്ള കാരണങ്ങളിൽ മറ്റു പലതിനുമൊപ്പം മതംമാറ്റവും ഉൾപ്പെടുത്തി. ഇതും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന് വ്യക്തമാണ്. നിയമത്തിലെ ഇരുപത്തെട്ടാം വകുപ്പനുസരിച്ച് വിവാഹം നടന്ന ദിവസം മുതൽ ഒരുവർഷം പൂർത്തിയായാലേ വിവാഹമോചന നടപടികൾ ആരംഭിക്കാൻ കഴിയൂ എന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. അനിവാര്യഘട്ടങ്ങളിൽ വിവാഹമോചനങ്ങളെയാണ് ഈ വ്യവസ്ഥ സങ്കീർണമാക്കുന്നത്.
വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ കൊണ്ടുവരുന്നതാണ് മറ്റൊന്ന്.
ഹിന്ദു യുവതികൾ മുസ് ലിം പുരുഷന്മാർക്കൊപ്പം വിവാഹം കഴിച്ചോ അല്ലാതെയോ ജീവിക്കുന്നുവെന്ന ഹിന്ദുത്വവാദികളുടെ ആശങ്കയിൽ നിന്നാണ് ഈ വകുപ്പുണ്ടാകുന്നത്. നിലവിൽ വിവാഹം കഴിക്കുന്നതിന് മതം മാറാൻ നിയമതടസമുണ്ട്. അത് മറികടക്കാൻ കമിതാക്കൾ ചെയ്യുന്നത് വിവാഹം രജിസ്റ്റർ ചെയ്യാതെ ഒന്നിച്ചു ജീവിക്കുകയെന്നതാണ്. നിയമപ്രകാരം ഉത്തരാഖണ്ഡിൽ ജീവിക്കുന്ന ഇത്തരത്തിലുള്ള എല്ലാ പങ്കാളികളും അവരവർ താമസിക്കുന്ന പരിധിയിൽപ്പെട്ട രജിസ്ട്രാർക്ക് ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് അറിയിക്കുന്ന പ്രസ്താവന നൽകണമെന്നാണ് പുതിയ നിയമം നിഷ്‌കർഷിക്കുന്നത്.
രജിസ്ട്രാർ ഈ രേഖയുടെ പകർപ്പ് അതത് പൊലിസ് സ്റ്റേഷൻ ഇൻ ചാർജിന് അയച്ചുകൊടുക്കും.പങ്കാളികളിൽ ആരെങ്കിലും 21 വയസിൽ താഴെയുള്ളവരാണെങ്കിൽ അവരുടെ മാതാപിതാക്കൾക്കും പ്രസ്താവനയുടെ പകർപ്പ് അയച്ചുകൊടുക്കും. തുടർന്ന് പ്രസ്താവന സത്യമാണോ എന്ന് രജിസ്ട്രാർ അന്വേഷണം നടത്തും. പങ്കാളികളിൽ ആരെങ്കിലും വിവാഹിതരാണോ പ്രായപൂർത്തിയാകാത്തവരാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ രജിസ്‌ട്രേഷൻ നൽകില്ല.
പ്രസ്താവന ലഭിച്ച് 30 ദിവസത്തിനകം രജിസ്‌ട്രേഷൻ നൽകണം. നിഷേധിച്ചാൽ അതിനുള്ള കാരണങ്ങൾ എഴുതി നൽകുകയും വേണം. ലിവ്ഇൻ റിലേഷൻഷിപ്പിൽ ഉള്ളവർ പ്രസ്താവന നൽകിയില്ലെങ്കിൽ അവർക്ക് രജിസ്ട്രാർ നോട്ടിസ് നൽകുകയും ക്രിമിനൽ നടപടി ആരംഭിക്കുകയും ചെയ്യും. പ്രസ്താവന നൽകാതെ ഒരുമാസം ഒന്നിച്ചുജീവിച്ചാൽ മൂന്നുമാസം വരെ തടവും പതിനായിരം രൂപ വരെ പിഴയുമാണ് ശിക്ഷ. രജിസ്ട്രാർ നോട്ടിസ് നൽകിയ ശേഷവും പങ്കാളികളിൽ ആരെങ്കിലും പ്രസ്താവന നൽകാതിരുന്നാൽ ശിക്ഷ ആറുമാസം തടവും 25000 രൂപ പിഴയുമായി കൂടൂം. രണ്ടോ അതിലധികമോ സ്ത്രീകളെ വിവാഹം കഴിക്കുന്നത് ക്രിമിനൽ കുറ്റമാണ്.
ഭാര്യയോ ഭർത്താവോ ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ വിവാഹം കഴിക്കാൻ പാടില്ല. പെൺകുട്ടികൾ 18 വയസ് തികയാതെയോ ആൺകുട്ടികൾ 21 വയസ് തികയാതെയോ വിവാഹം നടത്തരുതെന്നും നിയമത്തിൽ പറയുന്നു.
മുൻ ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി സമിതിയുടെ ശുപാർശകൾ അനുസരിച്ചാണ് നിയമം തയാറാക്കപ്പെട്ടത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നുകൂടി നടപ്പാക്കപ്പെടുന്നതിന്റെ തുടക്കമാണ് ഉത്തരാഖണ്ഡിൽ സംഭവിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ് സർക്കാരുകളും ഏക വ്യക്തിനിയമം തയാറാക്കാൻ സമിതികളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കുന്നത് രാജ്യമൊന്നാകെ ഏക സിവിൽകോഡ് നടപ്പാക്കുന്നതിന്റെ മുന്നോടിയാണ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം വിദ്വേഷമാണ് ബി.ജെ.പിയുടെ തുരുപ്പുചീട്ട്. അയോധ്യയ്ക്കും ജ്ഞാൻവാപിക്കും ഷാഹി ഈദ്ഗാഹിനുമൊപ്പം ഏക സിവിൽകോഡും ബി.ജെ.പിയുടെ പ്രചാരണ ആയുധമാകുമെന്നുറപ്പാണ്. ലോകം വൈവിധ്യങ്ങളെ കൂടുതൽ അംഗീകരിക്കുമ്പോൾ രാജ്യം കൂടുതൽ ഇടുങ്ങുകയാണ്. മനുഷ്യരുടെ ജീവിതം ആയാസരഹിതമാക്കുക എന്നതായിരിക്കണം നിയമനിർമാണങ്ങളുടെ ലക്ഷ്യം. എന്നാൽ ജനജീവിതം കൂടുതൽ കഠിനമാക്കുകയാണ് നിയമനിർമാണങ്ങളിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.
വിവാഹപ്രായം, വിവാഹ രജിസ്‌ട്രേഷൻ, മുത്വലാഖ് നിരോധനം തുടങ്ങിയ നിയമങ്ങളിലൂടെ ഇതിനകം തന്നെ മുസ് ലിം വ്യക്തിനിയമത്തിൽ കേന്ദ്രസർക്കാർ കടന്നുകയറലുകൾ നടത്തിയിട്ടുണ്ട്. പിന്തുടർച്ചാവകാശം പോലുള്ള ഏതാനും കാര്യങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഉത്തരാഖണ്ഡിൽ അതും ഇല്ലാതായിരിക്കുന്നു. രാജ്യം മുഴുവൻ ഏക സിവിൽകോഡ് നടപ്പാക്കുമ്പോൾ ഗോത്രവിഭാഗങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇളവു നൽകുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്.
ഉത്തരാഖണ്ഡിൽ അത് പാതിയെങ്കിലും യാഥാർഥ്യമായിരിക്കുന്നു. സി.എ.എ പോലെ, മുത്വലാഖ് നിയമം പോലെ വ്യക്തമായ വിവേചനമുള്ള നിയമമാണ് ഉത്തരാഖണ്ഡ് നടപ്പാക്കുകയും മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കാൻ പോകുകയും ചെയ്യുന്നത്. മുസ് ലിംവിരുദ്ധത മാത്രം ഒരു സർക്കാരിന്റെ അജൻഡയാവുന്നത് രാജ്യത്തെ ജനാധിപത്യത്തെ എവിടെയെത്തിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."