പഴയകാല കാര്‍ഷിക ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനം നടത്തി
എരുമപ്പെട്ടി: കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് എരുമപ്പെട്ടി ഗവ: എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പഴയകാല കാര്‍ഷിക ഗ്യഹോപകരണങ്ങളുടെ പ്രദര്‍ശനം നടത്തി.പഴയകാല നിത്യോപയോഗ സാധനങ്ങളേയും കൃഷിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളേയും കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതിന് വേണ്ടിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കാര്‍ഷിക ഉപകരണങ്ങളായ തേക്കൊട്ട, തുമ്പി, തുടി, നുകം, നിരപ്പലക, കലപ്പ, ഗ്യഹോപകരണങ്ങളായ പറ, നാഴി, ഇടങ്ങഴി, മരത്തവികള്‍,ഓട്ട്കിണ്ണം,കിണ്ടണ്ടി ,ഓട്ട്മണി,തൂക്ക് വിളക്ക്,ധൂപക്കോരി,കോളാമ്പി,ചീനഭരണി,പനമ്പ്,തൊപ്പിക്കുട, മുറം, വട്ടി, കൊട്ട എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് പ്രദര്‍ശന വസ്തുക്കളുടെ ശേഖരണം നടത്തിയത്. ആധുനിക ഉപകരണങ്ങള്‍ കണ്ട് വളരുന്ന പുതുതലമുറയിലെ വിദ്യാര്‍ഥികളില്‍ പഴയകാല ഉപകരണങ്ങളുടെ പ്രദര്‍ശനം ആശ്ചര്യവും ആകാംക്ഷയ്ക്കും വഴിയൊരുക്കി. കാര്‍ഷിക സംസ്‌കൃതി എന്ന പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശനം സ്‌കൂള്‍ പ്രധാന അധ്യാപിക പി.മധുപാല ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ് അധ്യക്ഷയായി. അധ്യാപകരായ കെ.ആര്‍.സുനിതഭായ്,കെ.എ.സുചിനി,അനിത ഹസ്സന്‍, എ.പി.ഷാന്റി, എം.പി.ടി.എ.അംഗം സിമി റോഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ നാടന്‍പാട്ടുകള്‍, കൊയ്ത്ത്പാട്ട് നാടോടിനൃത്തം എന്നിവ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."