കാത്തിരിക്കാം ക്ലാരയെ
വിനീഷ്
വിയറ്റ്‌നാമില്‍ നിന്നുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ ഫാസ്റ്റും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടിട്ട് രണ്ടുമാസം ആകുന്നതേയുള്ളൂ. ഇതിനിടെ കഴിഞ്ഞ ഫെബ്രുവരി 25 ന് തൂത്തുക്കുടിയില്‍ 400 ഏക്കര്‍ സ്ഥലത്ത് പ്ലാന്റ് നിര്‍മാണപ്രവൃത്തികള്‍ ആഘോഷപൂര്‍വം തുടങ്ങുകയും ചെയ്തു. തറക്കല്ലിട്ടത് മുഖ്യമന്ത്രി സ്റ്റാലിനും. ഇതു പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍മവന്നത്, ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരും ജനതയും തങ്ങളുടെ നാടിനെ എങ്ങനെ മുന്നോട്ടു നയിക്കുന്ന എന്നതിന് മനോഹരമായ ഉദാഹരണമാണിത്. വാചക കസര്‍ത്തുകളില്ലാതെ തമിഴ്‌നാട് മുന്നേറുമ്പോള്‍ നമ്മള്‍ കണ്ടുനെടുവീര്‍പ്പിടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.
പ്രീമിയം ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ വിന്‍ ഫാസ്റ്റ് ഇന്ത്യയില്‍ കാര്‍ നിര്‍മിക്കാന്‍ മാത്രമായല്ല എത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും നിരത്തിലിറക്കുന്ന കമ്പനി തങ്ങളുടെ ക്ലാര എസ് എന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ഇന്ത്യയില്‍ ഡിസൈന്‍ പേറ്റന്റ് നേടിക്കഴിഞ്ഞു. അതായത്, വിയറ്റ്‌നാമിലെ നിരത്തുകള്‍ കീഴടക്കിയ ശേഷം ഇന്ത്യന്‍ ഹൃദയങ്ങളിലേക്കും ഓടിക്കയറാന്‍ ക്ലാര വരികയാണെന്ന് സാരം. ക്ലാര എന്ന പേരിനൊപ്പം മറ്റൊരു മനോഹാരിതകൂടി ഈ സ്‌കൂട്ടറിനുണ്ട്, 194 കി.മീ എന്ന കണ്ണുതള്ളിക്കുന്ന റേഞ്ച്. ഇതോടൊപ്പം VF 3 എന്ന ഇ.വി എസ്.യു.വിക്കും ഡിസൈന്‍ പേറ്റന്റ് ഇന്ത്യയില്‍ വിന്‍ ഫാസ്റ്റ് നേടിയിട്ടുണ്ട്. ലാസ് വെഗാസ് കണ്‍സ്യൂമര്‍ ഇലക്ട്രിക് ഷോയില്‍ കമ്പനി അവതരിപ്പിച്ച VF 3യ്ക്ക് രണ്ട് ഡോറും 210 ക.മീ റേഞ്ചും ഉണ്ട്. നിലവില്‍ ഇന്ത്യയിലുള്ള ടു ഡോര്‍ ഇ.വിയായ എം.ജി കോമെറ്റിനേക്കാള്‍ വലുതാണിത്.
ഇനി, ക്ലാരയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കായി, ടി.വി.എസ് iQube ന് സമാനമായി ഹബ് മൗണ്ടഡ് മോട്ടോറോടു കൂടിയതാണ് വിന്‍ ഫാസ്റ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍. 78 കി.മീ ടോപ് സ്പീഡും കൈവരിക്കും. LFP ബാറ്ററിയിലാണിത് ഓടുന്നത്. സാധാരണ ഇ.വി സ്‌കൂട്ടറുകളില്‍ കാണുന്ന ലിത്തിയം അയണ്‍ ബാറ്ററിയേക്കാള്‍ ഭാരക്കൂടുതലുണ്ട് ലിത്തിയം അയണ്‍ ഫോസ്‌ഫേറ്റ് അഥവാ LFP ബാറ്ററികള്‍ക്ക്. എന്നിട്ടും സ്‌കൂട്ടറിന്റെ ഭാരം 122 കിലോയായി ക്രമീകരിക്കാന്‍ വിന്‍ ഫാസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ( high drain application) ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായത് LFP ബാറ്ററികളാണ്. തീപിടിത്തം പോലുള്ള സാധ്യതകളും കുറവാണ്. എന്നാല്‍ ഭാരക്കൂടുതല്‍ വരുന്നതാണ് ലിത്തിയം അയണ്‍ ബാറ്ററിയിലേക്ക് തിരിയാന്‍ വാഹന നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നത്. ഇലക്ട്രിക് വാഹന ഭീമനായി ടെസ് ല പോലും തങ്ങളുടെ മീഡിയം റേഞ്ച് കാറുകളിലൊന്നായ മോഡല്‍ 3 യില്‍ അടുത്തിടെ LFP ബാറ്ററിയിലേക്ക് മാറിയിരുന്നുവെന്നതാണ് മറ്റൊരു കാര്യം.
ഏകദേശം 1.18 ലക്ഷം രൂപയ്ക്ക് അടുത്തുവരും വിയറ്റ്‌നാമില്‍ ക്ലാരയുടെ വില. നിലവില്‍ ഇന്ത്യയിലുള്ള ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പുറത്തിറക്കുന്ന സ്‌കൂട്ടറുകളുടെ അഗ്രസീവ് ഡിസൈനൊന്നും ക്ലാരയില്‍ കാണാനില്ല. ഒതുങ്ങിയ ഒരു ഫാമിലി സ്‌കൂട്ടറിന്റെ രൂപഭാവങ്ങള്‍ ആണിതിന്. വശക്കാഴ്ചയിലാണ് അല്‍പമെങ്കിലും സ്‌പോട്ടിനെസ് നോന്നുന്നത്. 14 ഇഞ്ച് വീലുകളും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഒക്കെയായി ഈ വിയറ്റ്‌നാമുകാരി ഒലയുടെയും എഥറിന്റെയും ബജാജിന്റെയും ടി.വി.എസിന്റെയും ഒക്കെ ചങ്കിടിപ്പ് കൂട്ടുമോ ആവോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."