തരിശുപാടം പച്ചയണിയിക്കാന്‍ വയലിലിറങ്ങി ജനപ്രതിനിധികള്‍
പടിഞ്ഞാറത്തറ: നെല്‍വയലുകള്‍ പച്ചയണിയിക്കാന്‍ തോളോട് തോള്‍ ചേര്‍ന്ന് ജനപ്രതിനിധികള്‍. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തംഗങ്ങളാണ് തരിശിട്ടിരിക്കുന്ന നെല്‍പാടങ്ങളില്‍ കൃഷിയിറക്കാന്‍ ഒന്നിച്ചിറങ്ങിയത്.
ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി തരിശിട്ടിരുന്ന കുപ്പാടിത്തറ മാക്കോട്ട് വയലിലെ ഒരു ഹെക്ടര്‍ വയലിലാണ് ആഘോഷപുര്‍വ്വം കൃഷി ആരംഭിച്ചത്. പഞ്ചായത്തില്‍ ആകെ 800 ഹെക്ടര്‍ സ്ഥലം നെല്‍വയലായിട്ടുണ്ടെങ്കിലും നിലവില്‍ 270 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് നെല്‍കൃഷി നടക്കുന്നത്. ബാക്കി വയലുകളില്‍ വാഴ, കവുങ്ങ് കൃഷിയും ഏറിയ ഭാഗവും തരിശുമായി കിടക്കുകയാണ്. നെല്‍കൃഷി നഷ്ടത്തിലായത് കാരണം കൃഷി ഉപേക്ഷിച്ചതും അന്യ ദേശങ്ങളിലുള്ളവര്‍ സ്ഥലം വിലക്കെടുത്ത് കൃഷിയിറക്കാത്തതുമാണ് ഈ വയലുകള്‍ തരിശായി കിടക്കാന്‍ പ്രധാന കാരണം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ വ്യാപകമായിരുന്ന റിയല്‍ എസ്റ്റേറ്റ് ലോബികള്‍ പടിഞ്ഞാറത്തറയില്‍ വ്യാപകമായി നെല്‍ വയലുകള്‍ വാങ്ങിക്കൂട്ടിയിരുന്നു, പിന്നീട് ഇത് വില്‍പന നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ പാടങ്ങളത്രയും നിലവില്‍ നെല്‍കൃഷിയിറക്കുന്നില്ല. ഇത്തരത്തിലുള്ള പാടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി അവരില്‍ നിന്നും അനുവാദം വാങ്ങിയാണ് തരിശ ഭൂമികളില്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. പത്ത് വര്‍ഷം മുമ്പ് വരെ 500 ഹെക്ടര്‍ സ്ഥലം നെല്‍കൃഷി മുടങ്ങാതെ നടന്ന വയലുകളായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നത്. വര്‍ഷം തോറും നെല്‍കൃഷിയിലുണ്ടായ ഗണ്യമായ കുറവും തരിശു വയലുകള്‍ ഏറിയതുമാണ് പഞ്ചായത്തംഗങ്ങളെ മാതൃകാ കൃഷിക്ക് പ്രേരണയായത്. പുതിയ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തരിശു വയലുകളില്‍ നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് നെല്‍കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 25000 രൂപ കര്‍ഷകനും 5000 രൂപ സ്ഥല ഉടമക്കും സഹായധനം നല്‍കുന്ന പദ്ധതിയും പഞ്ചായത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ നെല്‍വിത്ത് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുമുണ്ട്. ഇതോടൊപ്പമാണ് പൊതു ജനങ്ങള്‍ക്ക് മാതൃകയായി പഞ്ചായത്തംഗങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ വയലിലിറങ്ങാന്‍ തീരുമാനിച്ചത്. ഇതിനാവശ്യമായ ചിലവുകള്‍ ആകെയുള്ള അംഗങ്ങള്‍ തന്നെയാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വിളനാട്ടി ഉത്സവത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍, പി.ജി സജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ തന്നെ പഴയ കാല നെല്ലുല്‍പാദനത്തിലേക്കെത്തിക്കുവാന്‍ കര്‍ഷകര്‍ക്ക് മാതൃകയാകും തങ്ങളുടെ പ്രവൃത്തിയെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പഞ്ചായത്തിലെ ജനപ്രതിനിധികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."