നിയമ ലംഘനം; അഞ്ഞൂറിലധികം ഉംറ കമ്പനികൾക്ക് വിലക്ക്, പതിനായിരത്തോളം പേർക്ക് തൊഴിൽ നഷ്‌ടം
മക്ക: നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് അഞ്ഞൂറിലധികം ഉംറ കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയതായി നാഷനൽ ഹജ്, ഉംറ കമ്മിറ്റി മുൻ പ്രസിഡന്റ് ജമീൽ അൽഖുറശി വെളിപ്പെടുത്തി. തീർത്ഥാടനത്തിന് ശേഷം വിസാ കാലാവധിക്കുള്ളിൽ വിദേശ ഉംറ തീർത്ഥാടകർ രാജ്യങ്ങളിലേക്ക് മടങ്ങിപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് 540 ഉംറ സർവീസ് കമ്പനികൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയത്.
ഉംറ തീർഥാടകർ അനധികൃതമായി രാജ്യത്ത് തങ്ങിയതിന് സർവീസ് കമ്പനികൾക്ക് ഭീമമായ പിഴകൾ ചുമത്തിയിട്ടുണ്ട്. വിസാ കാലാവധിക്കുള്ളിൽ സ്വദേശത്തേക്ക് മടങ്ങാത്ത ഒരു തീർഥാടകന് 25,000 റിയാൽ തോതിലാണ് സർവീസ് കമ്പനിക്ക് പിഴ ചുമത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഉംറ സർവീസ് കമ്പനികൾക്ക് കോടിക്കണക്കിന് റിയാലിന്റെ നഷ്ടം നേരിട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ഭീമമായ തുകകൾ പിഴകൾ അടക്കാൻ കഴിയാത്തതിനാൽ വിലക്കേർപ്പെടുത്തിയ സർവീസ് കമ്പനികൾക്കും പ്രവർത്തനാനുമതി നൽകണമെന്ന് ഉംറ കമ്പനികൾ ആവശ്യപ്പെട്ടു.
നിയമ ലംഘനങ്ങൾ ആവർത്തിക്കില്ല എന്നതിന് രേഖാമൂലം ഉറപ്പുകൾ വാങ്ങി സർവീസ് കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകാവുന്നതാണ്. മടക്കയാത്രക്ക് ബുക്കിംഗ് ലഭ്യമല്ലാതിരിക്കൽ അടക്കം ഉംറ സർവീസ് കമ്പനികളുടെയും തീർഥാടകരുടെയും നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാണ് ഉംറ തീർഥാടകർ അനധികൃതമായി രാജ്യത്ത് തങ്ങുന്നതിലേക്ക് നയിച്ചത്. തീർഥാടകരുടെ എണ്ണക്കുറവും പൂർണ തോതിലുള്ള വിമാന സർവീസ് പുനഃരാരംഭിക്കൽ മാർച്ച് 31 ലേക്ക് നീട്ടിവെച്ചതും കൊറോണ മഹാമാരി സൃഷ്ടിച്ച മറ്റു പ്രയാസങ്ങളും കണക്കിലെടുത്ത് ഉംറ കമ്പനികൾക്ക് അധികൃതർ പ്രവർത്തനാനുമതി നൽകണമെന്ന് ജമീൽ അൽഖുറശി ആവശ്യപ്പെട്ടു.
നിലവിൽ 100 ഉംറ സർവീസ് കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അഞ്ഞൂറിലധികം ഉംറ കമ്പനികൾ അടച്ചതോടെ പതിനായിരത്തോളം സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയെന്നുമാണ് കണക്കുകകൾ. ഓരോ സർവീസ് കമ്പനിക്കും കീഴിൽ എയർപോർട്ടുകളിലും മറ്റു അതിർത്തി പോസ്റ്റുകളിലും ഹോട്ടലുകളിലും കമ്പനി ആസ്ഥാനങ്ങളിലും ചുരുങ്ങിയത് 20 ഓളം ഫീൽഡ് ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് പുറമെ ഓരോ കമ്പനികളിലും മാനേജർമാർ, സിഇഒ മാർ, മാനേജിങ് ഡയറക്ർറ്റർമാൻ എന്നിവരും മറ്റു ജോലിക്കാരും ഉൾപ്പെടും. ഇവർക്കെല്ലാം തൊഴിൽ നഷ്ടമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."