അറിവിന്റെ വാതായനങ്ങള്‍
കാഴ്ചാ അനുഭവം സാധ്യമാകുന്ന ഇന്ദ്രിയമാണ് കണ്ണ്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സസ്തനികള്‍ക്കെല്ലാം രണ്ട് കണ്ണുകളുണ്ട്. ഇവ ഒരേ സമയം ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കും.
ഈ കഴിവിനെ ദ്വിനേത്ര ദര്‍ശനം (ബൈനോക്കുലര്‍ വിഷന്‍) എന്നാണു വിളിക്കുന്നത്. ബാഹ്യ ലോകത്തെക്കുറിച്ചുള്ള എണ്‍പത് ശതമാനം വിവരങ്ങളും തലച്ചോറിന് ലഭ്യമാകുന്നത് കണ്ണിലൂടെയാണ്. മനുഷ്യ നേത്രങ്ങള്‍ക്ക് മൂന്നു പാളികളാണുള്ളത്. ഇതില്‍ ഏറ്റവും പുറമേ കാണുന്ന ഭാഗമാണ് ദൃഢ പടലം, രക്തപടലം, ദൃഷ്ടിപടലം എന്നിവയാണ് പിന്നീടുള്ള പാളികള്‍. ദൃഢപടലം വെളുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. അതാര്യമായ ഈ ഭാഗത്തോടൊപ്പം സുതാര്യമായ മറ്റൊരു ഭാഗവുമുണ്ട്. കോര്‍ണിയ എന്നാണ് അതിന്റെ പേര്.
ദൃഢപടലത്തിന്റെ പുറമേനിന്നു കാണുന്ന ഭാഗത്തെ നേത്രാവരണം കൊണ്ടുമൂടിയിരിക്കും. മധ്യ ഭാഗത്തെ പാളിയാണ് രക്തപടലം. ഇവയിലെ നേര്‍ത്ത രക്തലോമികളാണ് കണ്ണിലെ കലകള്‍ക്ക് ഓക്‌സിജനും പോഷണവും ലിതരണം ചെയ്യുന്നത്. കോര്‍ണിയക്ക് പിന്നിലുള്ള രക്തപടലത്തിന്റെ ഭാഗം വൃത്താകൃതിലുള്ളതും മധ്യഭാഗത്ത് സുഷിരമുള്ളതുമാണ്. ഇവയെ ഐറിസ് എന്നാണ് വിളിക്കുന്നത്. സുഷിരത്തെ കൃഷ്ണമണി (പ്യൂപിള്‍) എന്നും വിളിക്കുന്നു. പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ഈ ഭാഗത്ത് സങ്കോചവികാസങ്ങളുണ്ടാകുന്നുണ്ട്. കൃഷ്ണമണിക്കു പിന്നിലാണ് കോണ്‍ വെക്‌സ് ലെന്‍സ് സ്ഥിതി ചെയ്യുന്നത്. ഇതാണ് ദീര്‍ഘ ദൃഷ്ടിക്ക് സഹായകമാകുന്നത്. കണ്ണിന്റെ ഏറ്റവും പിന്നിലുള്ള ഭാഗമാണ് ദൃഷ്ടി പടലം.
റെറ്റിന എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭാഗത്താണ് നാം കാണുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്. പ്രകാശത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന നാഢീ കോശങ്ങള്‍ ഇവിടെയുണ്ട്. റോഡ് കോശങ്ങളും കോണ്‍ കോശങ്ങളും എന്നാണ് അവയുടെ പേര്. മങ്ങിയ വെളിച്ചത്തിലുള്ള കാഴ്ച സാധ്യമാക്കുന്ന കോശങ്ങളാണ് റോഡ് കോശങ്ങള്‍. മങ്ങിയ പ്രകാശത്തില്‍ പോലും ഉത്തേജിപ്പിക്കപ്പെടുന്ന ഇവയ്ക്ക് വസ്തുക്കളെ കറുപ്പും വെളുപ്പും നിറത്തില്‍ തിരിച്ചറിയാനേ സാധിക്കുകയുള്ളൂ. റോഡോപ്‌സിന്‍ എന്ന വര്‍ണവസ്തുവാണ് മങ്ങിയ വെളിച്ചത്തില്‍ ഉത്തേജിക്കാനുള്ള കഴിവ് നല്‍കുന്നത്. രാത്രി സഞ്ചാരികളായ ജീവികളുടെ ശരീരത്തില്‍ റോഡ് കോശങ്ങല്‍ കൂടുതലായിരിക്കും. നിറങ്ങളെ കാണാന്‍ സഹായിക്കുന്ന കോശങ്ങളാണ് കോണ്‍ കോശങ്ങള്‍. ഒരു മനുഷ്യ നേത്രത്തില്‍ ഒരു കോടിയിലേറെ റോഡുകോശങ്ങളും അറുപതു ലക്ഷം കോണ്‍ കോശങ്ങളും ഉണ്ട്. ദൃഷ്ടി പടലവുമായി ബന്ധപ്പെട്ടാണ് നേത്രനാഡി നില കൊള്ളുന്നത്.
നേത്ര വൈകല്യങ്ങള്‍
ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും
വളരെ അടുത്തുള്ള വസ്തുവിനെ കാണാന്‍ പ്രയാസമുള്ള കാഴ്ചാവൈകല്യമാണ് ഹ്രസ്വ ദൃഷ്ടി. നേത്രഗോളത്തിന്റെ നീളം സാധാരണയില്‍ കൂടുതലായിരിക്കുന്നതിനാല്‍ ലെന്‍സ് സൃഷ്ടിക്കപ്പെടുന്ന പ്രതിബിംബം റെറ്റിനയുടെ മുന്‍ഭാഗത്തായാണ് രൂപപ്പെടുന്നത്. ഈ കാഴ്ചാ വൈകല്യത്തെ ഹ്രസ്വദൃഷ്ടി (മയോപ്പിയ) എന്നു വിളിക്കുന്നു. ചെറിയ തരം ഹ്രസ്വദൃഷ്ടിയെ സിംപിള്‍ മയോപ്പിയ എന്നും കൂടിയ തരം ഹ്രസ്വ ദൃഷ്ടിയെ പോഗ്രസ്സീവ് മയോപ്പിയ എന്നും പറയുന്നു. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാന്‍ അനുയോജ്യമായ കോണ്‍കേവ് ലെന്‍സ് ഉപയോഗിക്കുന്നു. ദീര്‍ഘ ദൃഷ്ടിയെന്നാല്‍ അടുത്തുള്ള വസ്തുക്കളെ കാണാനാകാത്ത അസുഖമാണ്. കണ്ണിന് സമീപത്തുള്ള വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പിറകിലായി രൂപപ്പെടുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍വെക്‌സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നു.
പ്രെസ് ബയോപ്പിയ
വെള്ളെഴുത്ത് എന്ന പേരിലാണ് ഈ രോഗം നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്. ദീര്‍ഘദൃഷ്ടിവൈകല്യത്തില്‍പ്പെടുന്ന ഈ അസുഖത്തിന് കാരണം കണ്ണിന് അടുത്തായി വരുന്ന പ്രകാശരശ്മികള്‍ റെറ്റിനയുടെ പിന്നില്‍ കേന്ദ്രീകരിക്കുന്നതാണ്.
ഇത് കാഴ്ച വ്യക്തമാകാതിരിക്കാന്‍ കാരണമാകുന്നു. പ്രായമാകുന്നതോടു കൂടി കണ്ണുകളിലെ സീലിയറി പേശികളുടെ പ്രവര്‍ത്തന ശേഷി കുറയുന്നതാണ് ഇതിനു കാരണം. ഇതു കൊണ്ട് ക്രിസ്റ്റലീയ ലെന്‍സിന്റെ പവര്‍ ഒരു പരിധിയില്‍ നില നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഈ അസുഖത്തെ വൈദ്യശാസ്ത്രം രോഗമായല്ല ശാരീരിക മാറ്റമായാണ് കണക്കാക്കുന്നത്.
ഗ്ലോക്കോമ
കണ്ണിലെ കലകള്‍ക്ക് പോഷണം നല്‍കുന്ന അക്വസ് ദ്രവം രക്തത്തില്‍നിന്നുണ്ടാകുകയും രക്തത്തിലേക്കു തന്നെ പുനരാഗിരണം നടക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ കാഴ്ച എളുപ്പമാകുകയുള്ളൂ. ഇവയുടെ പുനരാഗിരണത്തില്‍ നടക്കുന്ന തകരാറുകള്‍ കണ്ണിനുള്ളില്‍ മര്‍ദ്ദം സൃഷ്ടിക്കാറുണ്ട്. ഈ അവസ്ഥയാണ് ഗ്ലോക്കോമ. ഇതുമൂലം റെറ്റിനയ്ക്കും പ്രകാശഗ്രാഹികള്‍ക്കും നാശമുണ്ടാക്കുകയും ക്രമേണ അന്ധതയിലേക്ക് നയിക്കുകയും ചെയ്യും.
വര്‍ണാന്ധത
ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളുടെ തകരാറ് മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ് വര്‍ണാന്ധത.
അസ്റ്റിഗ്മാറ്റിസം
നേത്രപടലത്തിന്റെ ഉപരിതല വക്രതയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ് ഈ അസുഖമുണ്ടാകുന്നത്. കാഴ്ച്ചക്കുറവാണ് ഈ വൈകല്യത്തിന്റെ പ്രധാന ലക്ഷണം. കണ്ണിനുള്ളിലെ വേദനയും അനുബന്ധബുദ്ധിമുട്ടുകളും കൃത്യമായ പരിശോധനയും കണ്ണടയുടെ ഉപയോഗവും മൂലം നിയന്ത്രണ വിധേയമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."