ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ
കോഴിക്കോട്: സെപ്റ്റംബർ 28നു സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങളാണ് തഹിയ്യ ആപ്പ് ലോഞ്ചിങ് നിർവഹിച്ചത്. സമസ്ത സ്ഥാപകദിനത്തിൽ ആരംഭിച്ച സമാഹരണം നവംബർ 15 വരെയായിരുന്നു ഫണ്ട് സ്വീകരിക്കുന്നതിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവിധ രാജ്യങ്ങളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും അഭ്യർഥനപ്രകാരം 15 ദിവസംകൂടി നീട്ടിനൽകുകയായിരുന്നു. ഒരുനൂറ്റാണ്ട് കാലം കേരളത്തിന്റെ വിവിധ മേഖലകളിൽ സമസ്ത സാധ്യമാക്കിയ സാമുദായിക സാമൂഹിക നവോത്ഥാനത്തിന്റെ തുടർച്ച വരുംതലമുറകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക പദ്ധതികളിലൂടെ സമസ്ത ലക്ഷ്യമാക്കുന്നത്.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഒരു ലക്ഷം രൂപ നൽകി ആദ്യ നിക്ഷേപം നിർവഹിച്ചു. തുടർന്ന് സമസ്ത മുശാവറ അംഗങ്ങളും തങ്ങളുടെ വിഹിതം നൽകി. സമസ്ത നൂറാം വാർഷികം സ്വാഗതസംഘം ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബി.കെ അബ്ദുൽ ഖാദിർ മുസ്്‌ലിയാർ ബംബ്രാണയുടെയും കൺവീനർ സാബിഖലി ശിഹാബ് തങ്ങളുടെയും നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടന്നത്.
മഹല്ല്, മദ്‌റസാ, യൂനിറ്റ് തലങ്ങളിൽ ജനകീയമുന്നേറ്റം നടത്തിയ തഹിയ്യ ഫണ്ട് ശേഖരണത്തിലേക്ക് വീട്ടകങ്ങളിൽനിന്ന് ആത്മനിർവൃതിയുടെ വിഹിതങ്ങൾ ഒഴുകി. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ജി.സി.സി രാജ്യങ്ങളിൽനിന്നുമായി മികച്ച പ്രതികരണങ്ങളാണ് തഹിയ്യയ്ക്ക് ലഭിച്ചത്. സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്‌നാട്ടിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതികൾ, ഇ-ലേണിങ് വില്ലേജ്, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ ആൻഡ് പാലിയേറ്റീവ് സെന്റർ, പ്രധാന നഗരങ്ങളിൽ ആസ്ഥാനവും ഹോസ്റ്റൽ സംവിധാനവും കൈത്താങ്ങ് 2025, ഇന്റർനാഷനൽ ഹെറിറ്റേജ് മ്യൂസിയം, 10,313 പ്രബോധകരുടെ സേവന പ്രവർത്തനങ്ങൾ എന്നിവയ്ക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടത്തിയത്.
ഇന്നലെ വൈകിട്ട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന തഹിയ്യ ഫണ്ട് സമാഹരണ പ്രാർഥനാ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വിശുദ്ധമായ ദീനിനെ ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കുകയും അവരെ ആ സരണിയിൽ ഉറപ്പിച്ച് നിർത്തുകയും ചെയ്യുന്ന ഏറ്റവും വലിയ ദൗത്യമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തികൊണ്ടിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. സമസ്തയെ സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മുസ് ലിംഗളെന്നും സമസ്തയെ സ്നേഹിക്കുന്ന പ്രവർത്തകരുടെയും അനുഭാവികളുടെയും പ്രവർത്തനത്തിൻ്റെ വിജയമാണ് തഹിയ്യ ഫണ്ട് സമാഹരണമെന്നും ജിഫ്്രി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്ത നൂറാം വാർഷികം സ്വാഗതസംഘം ഫിനാൻസ് കമ്മിറ്റി ചെയർമാൻ ബി.കെ അബ്ദുൽ ഖാദിർ മുസ്്‌ലിയാർ ബംബ്രാണ അധ്യക്ഷനായി. കൺവീനർ സാബിഖലി ശിഹാബ് തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർഥനയ്ക്കു നേതൃത്വം നൽകി. സമാഹരണത്തിൽ പങ്കാളികളായവർക്കു വേണ്ടി പ്രത്യേക പ്രാർഥന നടത്തി.
സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹിമാൻ മുസ്്‌ലിയാർ, സമസ്ത മുശാവറ അംഗം അസ്ഗറലി ഫൈസി പട്ടിക്കാട്, ഹാശിറലി ശിഹാബ് തങ്ങൾ, അബ്ദുറശീദലി ശിഹാബ് തങ്ങൾ, ഒ.എം.എസ് തങ്ങൾ, ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, ടി.പി.സി തങ്ങൾ, അബ്ദുല്ലക്കോയ തങ്ങൾ, ശുഹൈബ് തങ്ങൾ, മുബശ്ശിർ തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഒ.പി.എം അഷ്‌റഫ് മൌലവി, റശീദ് ഫൈസി വെള്ളായിക്കോട്, ബഷീർ ബാഖവി പൊന്മള, ബഷീർ ഫൈസി ദേശംഗലം, സലാം ഫൈസി മുക്കം, അൻവർ മുഹ് യുദ്ദീൻ ഹുദവി ആലുവ, യൂനുസ് ഫൈസി വെട്ടുപാറ, വലിയുദ്ദീൻ ഫൈസി വാഴക്കാട്, ഷാജഹാൻ ദാരിമി കംബ്ലക്കാട്, മൊയ്തു നിസാമി കണ്ണൂർ, അയ്യൂബ് മുട്ടിൽ, ഹാരിസ് കാസർക്കോട്, ഷാഫി ഫൈസി എക്കാപറമ്പ്, ഹാരിസ് ബാഖവി കംബ്ലക്കാട്, എ.കെ അബ്ദുൽ ബാഖി, മുഹമ്മദ് മൗലവി ദക്ഷിണ കന്നഡ, ബഷീർ ദാരിമി പന്തിപ്പൊയിൽ, ഹാരിസ് പള്ളിപ്പുഴ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."