ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്; പരീക്ഷാതിയതിയില്‍ തല്ക്കാലം മാറ്റമില്ല
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും ഭാഗികമായി അടക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കളുടെകൂടി ആശങ്ക പരിഗണിച്ചാണ് ഒന്നുമുതല്‍ ഒന്പതുവരെ ക്ലാസുകള്‍ അടക്കാന്‍ തീരുമാനമായത്.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ പതിവുപോലെ സ്കൂളുകളില്‍ തന്നെ നടക്കും. നേരത്തെ സ്കൂളുകള്‍ പൂര്‍ണമായും അടച്ചിടേണ്ടതില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പത്തുമുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ സ്കൂളുകളില്‍ തന്നെ തുടരാനായിരുന്നു തീരുമാനം.
ഇതിന് യോഗം അംഗീകാരം നല്‍കുകയായിരുന്നു. 15 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കിയതുകൊണ്ടാണ് പത്താം ക്ലാസ് മുതലുള്ളവര്‍ക്ക് സ്കൂളില്‍തന്നെ ക്ലാസ് തുടരാന്‍ തീരുമാനിച്ചത്. വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്സ് വഴിയാകുമോ ക്ലാസ്സുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. തിങ്കളാഴ്ച മാര്‍ഗരേഖ പുറത്തിറക്കും എന്നാണ് വിവരം. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന് നല്‍കും.
വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന് വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം നേരത്തെ വന്നിരുന്നു. അതേസമയം, വാര്‍ഷിക പരീക്ഷയുടെ കാര്യത്തില്‍ ഇപ്പോള്‍ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച രീതിയില്‍ തന്നെ പരീക്ഷ നടത്തും.
ഏതെങ്കിലും സാഹചര്യത്തില്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ മാത്രം പരീക്ഷാതിയതികള്‍ മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."