യോഗി ഗൊരഖ്പൂരിൽ; ആദ്യഘട്ട പട്ടികയുമായി ബി.ജെ.പി
ന്യൂഡൽഹി
യു.പി തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 107 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
ഫെബ്രുവരി പത്തിന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള 57 സ്ഥാനാർഥികളും ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള 48 സ്ഥാനാർഥികളും പ്രഖ്യാപിച്ച പട്ടികയിലുണ്ട്. ആദ്യഘട്ടത്തിൽ 58 സീറ്റുകളിലേക്കും രണ്ടാംഘട്ടത്തിൽ 55 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂർ അർബനിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിരാതുവിലും മത്സരിക്കും.
ഗൊരഖ്പൂരിൽ മാർച്ച് മൂന്നിലെ ആറാം ഘട്ടത്തിലും സിരാതുവിൽ ഫെബ്രുവരി 27ലെ അഞ്ചാംഘട്ടത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ പാർട്ടി പാർലമെന്ററി ബോർഡും ദേശീയ അധ്യക്ഷനും തീരുമാനമെടുക്കുമെന്ന് പട്ടിക പുറത്തുവിട്ട വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ധർമേന്ദ്രപ്രധാൻ അറിയിച്ചു. ഇതിൽ ചില സീറ്റുകൾ സഖ്യകക്ഷികൾക്ക് വേണ്ടി മാറ്റിവച്ചതുണ്ടെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
തങ്ങൾ ജനറൽ സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെയും മത്സരിപ്പിക്കുന്നുണ്ട്. 300ലധികം സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്നും ധർമേന്ദ്രപ്രധാൻ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."