ഇടതിലുറച്ച് കേരളാ കോണ്‍ഗ്രസ് (ബി)
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തു തന്നെ ഉറച്ചുനില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) തീരുമാനം. ഇടതുമുന്നണി തുടര്‍ഭരണം പ്രതീക്ഷിക്കുന്നതും യു.ഡി.എഫില്‍ കെ.ബി ഗണേഷ് കുമാറിനെതിരേ ശക്തമായ വികാരം നിലനില്‍ക്കുന്നതുമാണ് ഈ തീരുമാനത്തിനു പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. കൂടാതെ കൊട്ടാരക്കര നഗരസഭയില്‍ പാര്‍ട്ടിക്ക് ചെയര്‍മാന്‍ പദവി ലഭിച്ചതും ഈ തീരുമാനത്തിനു പ്രേരണയാണ്. എല്‍.ഡി.എഫ് ഭരിക്കുന്ന ജില്ലയിലെ മൂന്നു നഗരസഭകളില്‍ ഒന്നില്‍പോലും സി.പി.എയെ തുടക്കത്തില്‍ പരിഗണിക്കാതിരുന്നപ്പോഴാണ് പാര്‍ട്ടിക്ക് ഈ പരിഗണന ലഭിച്ചത്.പാര്‍ട്ടിക്ക് സ്വാധീനമുള്ള പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പിലും നിലനിര്‍ത്തണമെങ്കില്‍ സി.പി.എമ്മിന് ഈ ബന്ധം തുടരേണ്ടതുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ചിലയിടങ്ങളില്‍ നേരിട്ട അവഗണനയും കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ഗണേഷ്‌കുമാറിന്റെ വീട്ടിലുണ്ടായ പൊലിസ് പരിശോധനയും പാര്‍ട്ടിയില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫ് വിടാന്‍ പാര്‍ട്ടിയില്‍ ആലോചന നടന്നിരുന്നു. ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കിയെങ്കിലും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ യു.ഡി.എഫിലെത്താനുള്ള നീക്കം കേരളാ കോണ്‍ഗ്രസ് (ബി) നടത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടി മുന്നണി വിടാനുള്ള സാധ്യതയുണ്ടെന്ന വിവരം ഇടതു നേതാക്കള്‍ക്കു ലഭിച്ചതിനെ തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ സി.പി.എം കാര്യമായി പരിഗണിക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."