ഇടതു സ്വതന്ത്രനാകുമെന്ന അഭ്യൂഹം: നിലപാട് വ്യക്തമാക്കാതെ കെ.വി തോമസ്
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുമ്പോഴും നിലപാട് വ്യക്തമാക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായ പ്രൊഫ. കെ.വി തോമസ്.
നിലവില്‍ കൊവിഡ് റിവേഴ്‌സ് ക്വാറന്റൈനിലാണ് അദ്ദേഹം. അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ മാസം 28ന് ശേഷം പ്രതികരണമെന്നായിരുന്നു മറുപടി.
വിഷയത്തില്‍ പ്രതികരിക്കാന്‍ സി.പി.എമ്മും തയാറായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചതു മുതല്‍ അതൃപ്തിയിലാണ് തോമസ്. തുടര്‍ന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പദവിയോ എ.ഐ.സി.സിയില്‍ ഭാരവാഹിത്വമോ ലഭിക്കണമെന്നായിരുന്നു തോമസിന്റെ ആവശ്യം.
രണ്ടും നടന്നില്ല. പകരം വീക്ഷണത്തിന്റെയും ജയ്ഹിന്ദ് ചാനലിന്റെയും ചുമതലയാണ് കെ.പി.സി.സി നല്‍കിയത്. എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നു പറഞ്ഞ് തോമസ് പിന്മാറി. ഇതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം കൂടുതല്‍ അകന്നതായാണ് സൂചന. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയെങ്കിലും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പൊന്നും കിട്ടിയില്ല. കൊച്ചി, വൈപ്പിന്‍ സീറ്റുകളിലൊന്നിലാണ് തോമസിനു താല്‍പര്യം.
എറണാകുളത്തെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പാണ് തോമസിനു തടസ്സമായി പ്രധാന നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.
1984 മുതല്‍ പലവട്ടം എം.പിയും എം.എല്‍.എയും കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമായ തോമസിന് ഇനിയും അവസരം കൊടുക്കുന്നതിനോട് പല നേതാക്കള്‍ക്കും വിയോജിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."