നിളയെ പ്രണയിച്ചൊരാള്‍
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയും കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിലെ അധ്യാപകനും എഴുത്തുകാരനും സഞ്ചാരിയുമായ കെ.ഐ എബിന് കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ വിശേഷങ്ങള്‍ അറിയാന്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും നിള സന്ദര്‍ശിക്കുന്നു.
പഠിപ്പിക്കുന്ന വിഷയം ടൂറിസം ആയതിനാല്‍ യാത്രകളെ എബിന് ഏറെ ഇഷ്ടപ്പെടുന്നുണ്ട്. എഴുത്തിന്റെ മേഖലയിലേക്കുള്ള വരവിനു എബിനെ ഏറെ സ്വാധീനിച്ചതും നിള നദിയാണ്.
തുടക്കം 2011ല്‍
നിള സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത് 2011ല്‍ ആണ്. അതിനു മുന്‍പ് കോഴിക്കോട്ടുനിന്ന് കുട്ടിക്കാലത്ത് ബസില്‍ നാട്ടില്‍ വരുമ്പോഴും തിരിച്ചു പോകുമ്പോഴും ആണ് ഭാരതപ്പുഴ കണ്ടിരുന്നത്. കുറ്റിപ്പുറം പാലവും നിളയും മനോഹരമായി കണ്ട ഓര്‍മകള്‍ ഇന്നും മനസില്‍ മായാതെ നില്ക്കുന്നു.
കുറ്റിപ്പുറത്തെ സ്കൂള്‍ കടവില്‍ ആണ് നിള കാണാന്‍ ഏറ്റവും കൂടുതല്‍ പോയിരിക്കുന്നത്. തോണിയില്‍ യാത്ര ചെയ്തു പുഴയുടെ സൗന്ദര്യം ആസ്വദിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. തോണിക്കാരന് മുസ്തഫയോട് കുശലം പറഞ്ഞുള്ള യാത്ര നല്ല ഓര്‍മകളാണ് എപ്പോഴും നല്‍കിയത്.
ഭാവങ്ങള്‍ മാറുന്ന ഭാരതപ്പുഴ
ഏറ്റവും കൂടുതല്‍ മനോഹരമായ കേരളത്തിലെ നദി ഏതാണെന്നു എബിനോട് ചോദിച്ചാല്‍ അത് ഭാരതപ്പുഴ ആണ് എന്നാണ് ഉത്തരം. ഓരോ കാലത്തും മാറുന്ന ഭാവങ്ങള്‍ ആണ് നിളയ്ക്ക്. വര്‍ഷകാലത്ത് രൗദ്ര ഭാവമുള്ള നിള വേനലില്‍ വറ്റി വരളുന്നു. 2018 ലും 2019ലും നിള കര കവിഞ്ഞൊഴുകിയതു കാണാന്‍ ഷൊര്ണുരിലും പട്ടാമ്പിയിലും കുറ്റിപ്പുറത്തും പോയി. വേനലില്‍ ജലം ഇല്ലാത്ത നിള കാണുന്നത് ഏറെ വേദനയാണ് സമ്മാനിച്ചതെന്ന് എബിന് പരിഭവിക്കുന്നു.
വേനലില്‍ ആറ്റുവഞ്ചി പുല്കാടുകള്ക്കു തീപിടിക്കുന്നത് അനേകം പക്ഷികളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കുന്നുണ്ട്. മത്സ്യസമ്പത്തിനു പേരുകേട്ട നിളയിലെ പ്രധാന നാടന്‍ ഇനങ്ങളാണ് വാള, കുയില്‍, പൊട്ടന് മുതലായവ.
ഓര്‍മകളുടെ ചിത്രങ്ങള്‍
നിളയുടെ മനോഹരമായ ചിത്രങ്ങളുടെ ഒരു വന്‍ ശേഖരം എബിന്റെ കൈവശം ഉണ്ട്. ശൈത്യകാലത്ത് കടല്‍ കാക്കകള്‍ നിളയിലെ മണല്‍പ്പരപ്പില്‍ ധാരാളമായി എത്തുന്നുണ്ട്. ഈ കാഴ്ചകള്‍ കാണാന്‍ എല്ലാ വര്‍ഷവും ശൈത്യ കാലത്ത് നിള സന്ദര്‍ശിക്കുന്നുണ്ട്.
നിള യാത്രയില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായി പങ്ക് വയ്ക്കുന്നുണ്ട് എബിന്. ഇതിനായി നിളയോടൊപ്പം എന്ന വാട്സ്ആപ്പ് കൂട്ടായ്മ 2020ല്‍ എബിന് തുടങ്ങി. പുഴയുടെ ഫോട്ടോകളും വിഡിയോകളും ഷെയര്‍ ചെയ്യുന്നതിനോടൊപ്പം ചര്‍ച്ചകളും വാട്സ്ആപ്പ് ഗ്രൂപ്പില്‍ സംഘടിപ്പിക്കുന്നുണ്ട് എബിന്.
ലേഖനങ്ങളും
പുസ്തകങ്ങളും
നിളയുമായി ബന്ധപ്പെട്ട നാല്‍പ്പതോളം ലേഖനങ്ങള്‍ എബിന് എഴുതിയിട്ടുണ്ട്. ഭാരതപ്പുഴ എന്നൊരു പുസ്തകം മലയാള മനോരമ ഡൈജസ്റ്റിനു വേണ്ടി എഴുതി. ക്വിസ് ഭാരതപ്പുഴ എന്ന പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കും. നിളയുമായി ബന്ധപെട്ട് ഇനിയും ഒരുപാട് എഴുതണം എന്നതാണ് ആഗ്രഹമെന്ന് എബിന് പറയുന്നു.
ഭാരതപ്പുഴ
സംഗമം 2020
മൂന്ന് ദിവസം നീണ്ടു നിന്ന ഭാരതപ്പുഴ സംഗമം ഡിസംബര്‍ 18 മുതല്‍ 20 വരെ നിളയോടൊപ്പം വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തി. സുഹൃത്തുക്കളോടൊപ്പം ആയിരുന്ന ഈ കൂട്ടായ്മ നിളയുടെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ തേടി ഉള്ളതായിരുന്നു. കുറ്റിപ്പുറം, ചെമ്പിക്കല്‍, തിരുന്നാവായ, തവനൂര്‍, ചമ്രവട്ടം, കുമ്പിടി, കാങ്കപ്പുഴ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നിളയിലെ നീരാട്ടും നാട്ടുരുചികളും പുഴയോരകാഴ്ചകളും ആസ്വദിച്ചാണ് മടങ്ങിയത്.
ജീവിതത്തിന്റെ ഭാഗമാണ് ടൂറിസം അധ്യാപകന് ആയ എബിന് ഇന്ന് നിള. നിളയോടുള്ള പ്രണയം ഏറെ സന്തോഷം നല്കുന്നു. ആ മണല്‍പ്പരപ്പില്‍ ഇരിക്കുമ്പോള്‍, പുഴയില്‍ കുളിക്കുമ്പോള്‍, കാഴ്ചകള്‍ കാണുമ്പോള്‍ സമയം പോകുന്നത് അറിയില്ല എന്നാണ് എബിന് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."