കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നു: പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഛരൺ ജിത് സിങ് ഛന്നി. മുഖ്യമന്ത്രിയുടെ മരുമകൻ്റെ വീട്ടിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മരുമകൻ്റെ വീട്ടിലുണ്ടായ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റെയ്ഡിലൂടെ തന്നെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ് ബി.ജെ.പി സർക്കാർ. ഇതിലൂടെ പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ കൂടിയാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഷ്ട്രീയ ബന്ധമുള്ള നിരവധി പേർക്കെതിരെ അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത മാസം 20 നു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണം ശക്തമായി മുന്നോട്ടു പോകവെയാണ് പഞ്ചാബിൽ ഇ.ഡി റെയ്ഡ്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ ചൂടേറിയ വിഷയമാകുമെന്നാണ് കരുതുന്നത്. ഇത്തരം ആരോപണങ്ങൾക്കെതിരെ ശക്തമായ പ്രചാരണവുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിംങും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."