ബൈഡന്‍ അധികാരമേല്‍ക്കുന്നത് നെടുകെ പിളര്‍ന്ന യു.എസില്‍
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജനകീയ വോട്ടും എതിരാളിയെക്കാള്‍ 76 അധികം ഇലക്ടറല്‍ കോളജ് വോട്ടുമായി ഡമോക്രാറ്റ് ജോ ബൈഡന്‍ 46-ാമത് പ്രസിഡന്റായി ചുമതല ഏല്‍ക്കുകയാണ്. 81.3 ദശലക്ഷം ജനകീയ വോട്ടുകളാണ് ബൈഡന് ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ 70 ലക്ഷം അധികം വോട്ടുകള്‍! യു.എസ് തെരഞ്ഞെടുപ്പു സമ്പ്രദായം അനുസരിച്ച് അമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 538 ഇലക്ടറല്‍ കോളജ് പ്രതിനിധികളില്‍ ട്രംപിന്റെ 232 ന് എതിരേ 306 പേരുടെ പിന്തുണ ബൈഡന് ലഭിക്കുകയുണ്ടായി. ബൈഡന്റെ ജനകീയ വോട്ട് തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റുമാര്‍ക്ക് ലഭിച്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടെങ്കില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജനകീയ വോട്ടിന്റെ ഉടമയായി ട്രംപ്. ബൈഡന്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51.3 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ മതിപ്പുളവാക്കുന്ന 46.8 ശതമാനം വോട്ടുകള്‍ നേടാന്‍ ട്രംപിനായി. അതായത്, ബൈഡന്‍ യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ അത് അക്ഷരാര്‍ഥത്തില്‍ നെടുകെ പിളര്‍ന്ന രാഷ്ട്രത്തിന്റെ തലവനായി ആയിരിക്കും.
ഇരുപത്തിഅയ്യായിരം നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളെയാണ് അധികാര കൈമാറ്റ ചടങ്ങുകളുടെ സുരക്ഷക്കായി വാഷിങ്ടണില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്. ഈ സേനാംഗങ്ങളെത്തന്നെ ഉന്നത സേനാ നേതൃത്വം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്. അവര്‍ക്കുള്ളില്‍ നിന്നുതന്നെ നിയുക്ത പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങി ഭരണകൂട നേതൃത്വത്തിനു നേരെ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്ക സേനാനേതൃത്വവും എഫ്.ബി.ഐ അടക്കം സുരക്ഷാ അന്വേഷണ ഏജന്‍സികളും മറച്ചുവയ്ക്കുന്നില്ല. നാഷണല്‍ ഗാര്‍ഡിനു പുറമെ രഹസ്യാന്വേഷണ വിഭാഗം, എഫ്.ബി.ഐ, വാഷിങ്ടണ്‍ മെട്രോപോലിറ്റന്‍ പൊലിസ്, കാപിറ്റോള്‍ പൊലിസ്, യു.എസ് പാര്‍ക്ക് പൊലിസ് തുടങ്ങി നിരവധി സൈനിക, നിയമപാലക ഏജന്‍സികളാണ് അഭൂതപൂര്‍വമായ സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. നാഷണല്‍ ഗാര്‍ഡുകളുടെ എണ്ണം തന്നെ പതിവിന് വിരുദ്ധമായി രണ്ടര ഇരട്ടിയിലധികമാണ്. ജനുവരി ആറിന്റെ കാപിറ്റോള്‍ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് അതിവിപുലമായ ഈ തയാറെടുപ്പുകള്‍.
'ബൈഡന്‍, ഹാരിസ് ഉദ്ഘാടന ചടങ്ങുകള്‍ കൂടുതല്‍ സുരക്ഷിതമായ നിലവറകളില്‍ നടത്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു', യു.എസ് പ്രസിഡന്റുമാരുടെ ചരിത്രകാരനായ മിഷെല്‍ ബസ്ച്‌ലസ് ഒരു പ്രമുഖ യു.എസ് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. 'യു.എസ് ആഭ്യന്തര യുദ്ധത്തിന്റെ കാലത്തുപോലും പ്രസിഡന്റ് എബ്രഹാം ലിങ്കനും ജനപ്രതിനിധികള്‍ക്കും ഇത്രയും വിപുലമായ സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വന്നിട്ടില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിവിപുലമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷാ ഏജന്‍സികളില്‍ ഗണ്യമായൊരു വിഭാഗം ഇപ്പോഴും ട്രംപിന്റെ നിയന്ത്രണത്തിലാണെന്ന ഭയം പ്രകടമാണ്. വാഷിങ്ടണിലും സംസ്ഥാനങ്ങളിലും ഭരണസിരാകേന്ദ്രങ്ങളായ കാപിറ്റോളുകള്‍ക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്ന ഭയം വ്യാപകമാണ്. മിഷിഗണിലടക്കം സായുധരായ ട്രംപ് അനുകൂലികള്‍ കാപിറ്റോളുകള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. എഫ്.ബി.ഐ ഉള്‍പ്പെടെ സുരക്ഷാ ഏജന്‍സികള്‍ അത്തരം മുന്നറിയിപ്പുകള്‍ പരസ്യമായി നല്‍കി. വാഷിങ്ടണ്‍ കാപിറ്റോളില്‍ അടക്കം ആക്രമണങ്ങള്‍ക്ക് ട്രംപ് അനുകൂലികളായ സുരക്ഷാസേനാ അംഗങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ലഭിച്ചിരുന്നതായി സൂചനകളുണ്ട്. അത്തരം അക്രമഭീഷണികളുടെ ഒരു ലക്ഷ്യം ബൈഡന്റെ അധികാരാരോഹണ ചടങ്ങിന്റെ നിറം കെടുത്തുക കൂടിയാണെന്നും സംശയിക്കുന്നു.
രാജ്യത്തുടനീളം ട്രംപ് അനുകൂല റാലികള്‍ക്ക് വലതുപക്ഷ തീവ്രവാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. ഭരണസിരാകേന്ദ്രങ്ങളിലും കോണ്‍ഗ്രസ് അംഗങ്ങളുടെ വസതികള്‍ക്കു നേരെയും ആക്രമണം ഉണ്ടായേക്കാമെന്നും പൊലിസ് ജാഗ്രത പാലിക്കണമെന്നും എഫ്.ബി.ഐ മേധാവി ക്രിസ്റ്റഫൊര്‍ റേ നേരിട്ട് മുന്നറിയിപ്പു നല്‍കി. വാഷിങ്ടണ്‍ കാപിറ്റോളിനു നേരെ നടന്ന ആക്രമണത്തെ കുറിച്ച് എഫ്.ബി.ഐ നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടത് അഞ്ചുപേരുടെ മരണത്തിലും അമേരിക്കയെ ലോകത്തിനു മുന്നില്‍ അപമാനിതമാക്കുന്നതിലും കലാശിച്ചിരുന്നു. തനിക്കെതിരേ ചിന്തിക്കുന്നവരിലും പ്രവര്‍ത്തിക്കുന്നവരിലും ഭീതി പരത്താന്‍ ട്രംപിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കഴിഞ്ഞു.
ട്രംപ് വിരുദ്ധ ടീഷര്‍ട്ടുകള്‍ ധരിക്കുന്നവര്‍ ജീവഭയംകൊണ്ട് അത് ഒഴിവാക്കാന്‍ നിര്‍ബന്ധിതരായി. ട്രംപ് വിരുദ്ധ സ്റ്റിക്കറുകള്‍ വീടിന്റെ ജനാലകളിലും കാറുകളിലും പതിച്ചിരുന്നുവര്‍ അക്രമം ഭയന്ന് അത് നീക്കം ചെയ്തു. കറുത്തവരുടെ മനുഷ്യാവകാശങ്ങള്‍, സ്ത്രീസ്വാതന്ത്ര്യം, ലൈംഗിക ന്യൂനപക്ഷ അവകാശങ്ങള്‍ എന്നിവയ്ക്കായി വാദിക്കുന്നവരും തൊഴിലാളി പ്രവര്‍ത്തകരും മത, വര്‍ണ, വംശീയ ന്യൂനപക്ഷങ്ങളും ഭയത്തിന്റെ നിഴലിലാണ്. ട്രംപിസത്തിന്റെ നാല് വര്‍ഷം മനുഷ്യാവകാശങ്ങളുടെ പറുദീസയെന്നും ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്നും മറ്റുമുള്ള അവകാശവാദങ്ങളെ അപഹാസ്യമാക്കി മാറ്റുക മാത്രമല്ല അമേരിക്കന്‍ രാഷ്ട്രീയ, സാമൂഹിക ജീവിതത്തെ അത് രണ്ടായി വിഭജിച്ചു.
ചരിത്രവിജയം നേടിയ ജോ ബൈഡനും ജനപ്രതിനിധി സഭയില്‍ വ്യക്തമായ ഭൂരിപക്ഷവും യു.എസ് കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റില്‍ സാങ്കേതികമായി മേല്‍കൈയും കരസ്ഥമാക്കിയ ഡമോക്രാറ്റിക് പാര്‍ട്ടിയും കനത്ത വെല്ലുവിളികളെയാണ് നേരിടുന്നത്. തങ്ങള്‍ക്ക് കരഗതമായ അധികാരം ഉപയോഗിച്ച് ട്രംപിന്റെ പ്രതിലോമ, ജനദ്രോഹ നടപടികള്‍ തിരുത്താന്‍ ബൈഡനും ഡമോക്രാറ്റുകള്‍ക്കും കഴിഞ്ഞേക്കും. അനന്തര നടപടികള്‍ക്ക് യു.എസിലും ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗത്തുനിന്നും പിന്തുണയും കൈയടിയും നേടിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞേക്കും. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സമവായവും ഐക്യവും സാമൂഹ്യ സ്വരച്ചേര്‍ച്ചയും കൈവരിക്കുക എന്നത് കനത്ത വെല്ലുവിളിയായി അവശേഷിക്കുന്നു.
ബൈഡന്റെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച ട്രംപ് യു.എസ് വ്യോമ, നാവിക സേനകളുടെ സംയുക്ത താവളമായ മേരിലാന്‍ഡിലെ ആന്‍ഡ്രൂസില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ച് ക്ഷണക്കത്തുകള്‍ അയച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് നിര്‍ദിഷ്ട പ്രസിഡന്റിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിക്കുകയെന്ന പതിവ് ചടങ്ങ് ഒഴിവാക്കി ട്രംപ് രാഷ്ട്രീയ പോരാട്ട തുടര്‍ച്ചയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെക്കാലമായി യു.എസില്‍ തുടര്‍ന്നുപോന്നിരുന്ന സമാധാനപരമായ അധികാര കൈമാറ്റ ചരിത്രമാണ് ട്രംപ് തിരുത്തിയത്. 2017-ല്‍ ട്രംപ് അധികാരമേല്‍ക്കാന്‍ വൈറ്റ് ഹൗസില്‍ പത്‌നി മെലാനിയയുമൊത്ത് എത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ ബറാക് ഒബാമയും മിഷേലയും സന്നിഹിതരായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന നയതന്ത്ര മര്യാദയും സൗഹൃദ അന്തരീക്ഷവും കൂടിയാണ് തിരുത്തിക്കുറിക്കപ്പെടുന്നത്. എന്നാല്‍ ട്രംപിനോടൊപ്പം സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് ലഭ്യമായ സൂചന. അത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ജനസമ്മതിക്കും ഇടിവ് തട്ടിയിരിക്കുന്നതായാണ് സൂചന. തന്റെ ഭരണകാലയളവിലെ ഏറ്റവും കുറഞ്ഞ ജനപിന്തുണയായ 34 ശതമാനവുമായാണ് ആ പടിയിറക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനുണ്ടായിരുന്ന പിന്തുണ 80 ശതമാനത്തില്‍ നിന്നും 14 ശതമാനം കണ്ട് കുറഞ്ഞതായും പഠനങ്ങള്‍ പറയുന്നു. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ ജനുവരി ആറിന്റെ കാപിറ്റോള്‍ ആക്രമണത്തിന്റെ പേരില്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയുണ്ടായി. 2019-ലെ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുകൂലമായി ഒരൊറ്റ റിപ്പബ്ലിക്കനും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
13 മാസത്തെ ഇടവേളയില്‍ നടക്കുന്ന ഇപ്പോഴത്തെ ഇംപീച്ച്‌മെന്റ് നടപടിയിലൂടെ രണ്ടുതവണ കോണ്‍ഗ്രസിന്റെ ഭത്സനം നേരിടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരിക്കും ട്രംപ്. ബൈഡന്‍ അധികാരം ഏറ്റെടുത്തതിനു ശേഷമായിരിക്കും ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിന്റെ പരിഗണനക്കായി വരിക. സെനറ്റില്‍ 50 സീറ്റുകള്‍ വീതമാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്. കാപിറ്റോള്‍ അതിക്രമത്തെ തുടര്‍ന്ന് റിപ്പബ്ലിക്കന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസംതൃപ്തി ട്രംപിനെതിരേ വോട്ട് ചെയ്യാന്‍ അവരില്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചേക്കും. 17 റിപ്പബ്ലിക്കന്‍ വോട്ടുകള്‍ കൂടി ഇംപീച്ച്‌മെന്റിന് അനുകൂലമായി ലഭിച്ചാല്‍ ട്രംപിന്റെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാവും. എന്തായാലും അധികാരത്തില്‍ നിന്നു പുറത്തായതിനുശേഷവും ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആളായി ട്രംപ് ചരിത്രത്തില്‍ സ്ഥാനം പിടിക്കും. യു.എസ് ചരിത്രത്തില്‍ രണ്ട് പ്രസിഡന്റുമാര്‍ക്ക് മാത്രമേ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വന്നിട്ടുള്ളു. 1868ല്‍ ആന്‍ഡ്രൂ ജോണ്‍സനും 1998ല്‍ ബില്‍ക്ലിന്റനും. ഇരുവരെയും കോണ്‍ഗ്രസ് കുറ്റവിമുക്തരാക്കുകയും അവര്‍ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ട്രംപില്‍ നിന്ന് ബൈഡനിലേക്കുള്ള യു.എസിന്റെ കാലപ്പകര്‍ച്ച ആ രാജ്യത്തിന്റെയും ഒരുപക്ഷേ ലോകത്തിന്റെയും ചരിത്രത്തിലെ വഴിത്തിരിവിനെയായിരിക്കും അടയാളപ്പെടുത്തുക. ആഭ്യന്തര രംഗത്തും ആഗോളതലത്തിലും അമേരിക്ക കടുത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. അമേരിക്കന്‍ സമൂഹത്തില്‍ വെള്ളക്കാരുടെ ആധിപത്യ മനോഭാവവും തല്‍ഫലമായുള്ള മത, വര്‍ണ, വംശ വിവേചനത്തിന്റെ അക്രമാസക്തിയുടെയും വേരുകള്‍ അവിടെ നിലനില്‍ക്കുന്ന സാമ്പത്തിക അനീതിയില്‍ അധിഷ്ഠിതമാണ്. ആഗോളതലത്തിലും യു.എസിന്റെ സാമ്പത്തിക മേല്‍ക്കോയ്മ കനത്ത വെല്ലുവിളിയെയാണ് നേരിടുന്നത്. നെടുകെ വിഭജിക്കപ്പെട്ട യു.എസ് രാഷ്ട്രീയത്തില്‍ ബൈഡന്‍ ഭരണകൂടം എങ്ങനെ ആ വെല്ലുവിളികളെ നേരിടുമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അതിനെ ആശ്രയിച്ചിരിക്കും ലോകരാഷ്ട്രീയത്തില്‍ ഇനിമേല്‍ യു.എസിന്റെ പങ്ക് നിര്‍ണയിക്കപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."