കേരളത്തില്‍ ഇന്ന് ലോക്ഡൗണിന് സമാനനിയന്ത്രണം; അനുമതി അവശ്യസര്‍വീസുകള്‍ക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണം. പൊലിസ് പരിശോധന കര്‍ശനമായിരിക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയും ഉറപ്പാക്കും.
ജനുവരി 23, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വിസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് തസ്തികയുടെ പരീക്ഷ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റി.
അത്യാവശ്യയാത്രകള്‍ക്ക് കൃത്യമായ രേഖകളും സത്യവാങ്മൂലവും കരുതണം. ഇല്ലെങ്കില്‍ കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. കെ.എസ്.ആര്‍.ടി.സി അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ.
ഹോട്ടലുകള്‍, പഴം പച്ചക്കറി പലചരക്ക്, പാല്‍, മത്സ്യം,മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ ഏഴു മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറക്കാം.എന്നാല്‍ പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുത്തി ഭക്ഷണം നല്‍കാന്‍ പാടില്ല.
കേന്ദ്രസംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം ഇന്റര്‍നെറ്റ് കമ്പനികള്‍ തുടങ്ങിയവയ്ക്കാണ് തുറക്കാന്‍ അനുവാദമുള്ളത്. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി യാത്ര ചെയ്യാം. മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."