HOME
DETAILS
MAL
വാഹനാപകടം: സഊദിയിൽ മലയാളിക്ക് 15 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം ലഭിച്ചു
backup
January 23 2022 | 05:01 AM
റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 75,000 റിയാൽ (15 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം ലഭിച്ചു. രണ്ട് വർഷം സാപ്റ്റ്‌കോ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി സെബാസ്റ്റ്യൻ ജോസഫിനാണ് റിയാദ് ജനറൽ കോടതിയിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചത്. രണ്ട് വർഷം മുമ്പ് നടന്ന അപകടത്തിലാണ് നഷ്ടപരിഹാരം ലഭ്യമായത്. റിയാദിൽ നിന്ന് ദവാദ്മിയിലേക്ക് പോകുന്നതിനിടെ മറാത്തിൽ വെച്ച് ബസ് മറിയുകയും അതേ തുടർന്ന് വലതുകാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
2019 ഡിസംബർ 18നാണ് അപകടം നടന്നത്. മറാത്തിലെത്തുന്നതിന് മുമ്പെയുള്ള വളവിൽ ശക്തമായ മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ടിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വലതു കാൽ പാദം മുറിഞ്ഞുപോയ സ്ഥിതിയിൽ ബസിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു ഇദ്ദേഹം. സീറ്റിന്റെ കമ്പികൾക്കിടയിൽ പെട്ടാണ് വലത് കാലിന്റെ മുൻഭാഗം വിരലുകളടക്കം അറ്റുപോയത്. ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ റെഡ്ക്രസന്റ് അധികൃതർ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഭേദമാവാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ 19 ദിവസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മൂന്നു മാസത്തെ വിദഗ്ധ ചികിത്സക്ക് ശേഷം വലതു കാലിന്റെ ശേഷി വീണ്ടെടുക്കുകയും കൃത്രിമ പ്രൊസ്‌തെസിസിന്റെ സഹായത്തോടെ സാധാരണ രീതിയിൽ നടക്കാനും സാധ്യമായി.
ഇതിനിടെ കൊവിഡ് പ്രതിസന്ധിയിൽ വിമാന വിലക്കുകൾ മൂലം 10 മാസത്തോളം നാട്ടിൽതന്നെ തുടർന്ന ശേഷം റിയാദിലെത്തി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് കേസ് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. ഒടുവിൽ നഷ്ടപരിഹാരമായി സാപ്റ്റ്‌കോ കമ്പനി 75,000 റിയാൽ നൽകാൻ കോടതി വിധിച്ചു. കഴിഞ്ഞ ദിവസം പണം ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."