നസീറക്ക് വൃക്ക നല്‍കാന്‍ പിതാവ് തയ്യാറാണ്, വേണ്ടത് സുമനസുകളുടെ കനിവ്
കല്‍പ്പറ്റ: രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് ധനസമാഹരണത്തിന് കമ്മിറ്റി രൂപീകരിച്ചു. വൈത്തരി ചുണ്ടേല്‍ ആനപ്പാറ മദീനത്ത് നിഷാദിന്റെ ഭാര്യ നസീറയുടെ(27) ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് മേപ്പാടി പഞ്ചായത്ത് ഭരണസമിതിയംഗം ബീന സുരേഷ് ചെയര്‍പേഴ്സണായി കമ്മിറ്റി രൂപീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗം സി.എ അരുണ്‍ദേവ്, വൈത്തിരി പഞ്ചായത്ത് ഭരണസമിതിയംഗം എന്‍.ഒ ദേവസി, പുറ്റാട് ദാറുല്‍ തൗഫിഖ് അക്കാദമിയിലെ മുഹമ്മദലി സഖാഫി, ആനപ്പാറ ജുമാമസ്ജിദ് പ്രതിനിധി സലാം യമാനി എന്നിവര്‍ കമ്മിറ്റി രക്ഷാധികാരികളും ഗവ.പാലിയേറ്റീവ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി എം വേലായുധന്‍ കണ്‍വീനറുമാണ്. ഒരു വര്‍ഷം മുന്‍പ് വൃക്കരോഗം സ്ഥിരീകരിച്ച നസീറക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ. ജീവന്‍ നിലനിര്‍ത്തുന്നതിന് വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
പിതാവ് നാസര്‍ വൃക്കദാനത്തിന് സന്നദ്ധനാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഏകദേശം 10 ലക്ഷം രൂപ വേണം. ഈ തുകയുടെ പത്തിലൊന്നുപോലും സ്വന്തമായി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് നസീറയുടെ കുടുംബം. ഭര്‍ത്താവ് നിഷാദ് കൂലിപ്പണിക്കാരനാണ്. ഈ സാഹചര്യത്തിലാണ് ധനസമാഹരണത്തിന് കമ്മിറ്റി രൂപീകരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയില്‍ 3879618674 നമ്പരില്‍(ഐ.എഫ്.എസ്.സി- CBIN0280971) അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."