മോദിയുടെ ഒക്കച്ചങ്ങാതിമാര്‍
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും പദ്ധതികള്‍ക്കും വളരെ പ്രചാരണം ലഭിച്ചിട്ടുണ്ടെങ്കിലും അവയുടെ പരാജയത്തിന് പൊതുജനങ്ങളില്‍നിന്ന് ന്യായമായ വിമര്‍ശനവും ലഭിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഏറ്റവും വിജയകരമായ എന്നാല്‍ മാധ്യമശ്രദ്ധ നേടിയിട്ടില്ലാത്ത ഒരു 'പദ്ധതി'യാണ് Pra-dhan Mantri Billionaire Badhao - Billionaire Bac-hao - Billionaire Banao Yojana
. ഇത് സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പദ്ധതികളുടെ പരാജയത്തെ മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴില്‍, ഇതിനകം അഭിവൃദ്ധി പ്രാപിച്ച ശതകോടീശ്വരന്മാര്‍ക്ക് അവരുടെ ആസ്തിയിലേക്ക് കോടിക്കണക്കിന് രൂപ കൂട്ടിച്ചേര്‍ക്കാന്‍ സഹായകരമായി. അത്ര നന്നായി സമ്പാദിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ സ്വത്ത് നിലനിര്‍ത്താന്‍ ഒരു സഹായഹസ്തം നല്‍കുകയും ശതകോടീശ്വരന്മാരല്ലാത്തവരെ സര്‍ക്കാര്‍ കോടീശ്വരന്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മോദി സര്‍ക്കാരിനു കീഴിലെ ആദ്യ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ഇരട്ടി സമ്പന്നനായി. ഏകദേശം 23 ബില്യണ്‍ മുതല്‍ 55 ബില്യണ്‍ വരെ. ഇതിനര്‍ഥം, മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്റെ ജീവിതത്തിലെ 58 വര്‍ഷങ്ങളില്‍ സമ്പാദിച്ചതും പാരമ്പര്യമായി നേടിയതുമായ എല്ലാ സമ്പത്തിനേക്കാളും കൂടുതല്‍ മുകേഷ് അംബാനി ഈ ഭരണത്തിന്റെ അഞ്ച് വര്‍ഷത്തില്‍ ശേഖരിച്ചു എന്നാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ശതകോടികള്‍ ഇത്രത്തോളം വരില്ലെന്ന് ഒരുപക്ഷേ അദ്ദേഹം സമ്മതിച്ചേക്കാം. മോദിയുടെ ഗുണഭോക്താക്കളെക്കുറിച്ച് പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഉത്തമ സുഹൃത്തായ അദാനിയെ മറക്കരുത്. ഗുജറാത്തിലെ അദ്ദേഹത്തിന്റെ ഭരണകാലത്ത് അദാനി എന്റര്‍പ്രൈസസിന്റെ ആസ്തി 5,000 ശതമാനമായി വര്‍ധിച്ചതായി കണക്കാക്കുന്നു. മോദി ഡല്‍ഹിയിലേക്ക് മാറിയതിനുശേഷവും ഈ സൗഹൃദത്തിന്റെ ഫലങ്ങള്‍ തുടര്‍ന്നു. അദാനിയുടെ ആസ്തി നാലിരട്ടിയായി, 11.9 ബില്യണ്‍ ഡോളറാണ് മോദി ഭരണത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍. എന്നാല്‍ മറ്റു ശതകോടീശ്വരന്മാരില്‍ നിന്നും വ്യത്യസ്തമാണ് രാഷ്ട്രീയേതര മോദിയുടെ പ്രചാരകന്‍ ബാബ രാംദേവ്, 2014 നും 2018 നും ഇടയില്‍ അദ്ദേഹത്തിന്റെ കമ്പനിയായ പതഞ്ജലി ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് വളരുകയും ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളായി മാറുകയും ചെയ്തു. മോദി ഭരണത്തിന്‍ കീഴില്‍ തുച്ഛമായ ആനുകൂല്യങ്ങള്‍ നേടാന്‍ സാധാരണ പൊതുജനങ്ങള്‍ക്കുവേണ്ടി ഓരോ മേഖലയിലും നടപ്പിലാക്കിയ പദ്ധതികള്‍, ഉദാഹരണത്തിന് തൊഴില്‍, മിനിമം സപ്പോര്‍ട്ട് വിലകള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിലകുറഞ്ഞ വൈദ്യുതി, പാചക വാതകം മുതലായവ ഒന്നിനുപുറകെ ഒന്നായി ശതകോടീശ്വരന്മാരാകാനുള്ള അവസരമായിരുന്നു. അങ്ങനെ ഒരുപാട് പേര്‍ സാമ്പത്തികനേട്ടങ്ങളോടെ സമ്പന്നരായി എന്ന് മാത്രമല്ല, ഇതുപോലെയുള്ള സമ്പന്നരുടെ എഴുതിത്തള്ളിയ ബാങ്ക് വായ്പകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.
ബാങ്കില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാത്ത 50 പേരുടെ പട്ടിക കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നോ ധനമന്ത്രി നിര്‍മ്മല സീതാരാമനില്‍ നിന്നോ ഒരു മറുപടിയും ലഭിച്ചിരുന്നില്ല. പിന്നീട് ബാങ്ക് വായ്പകള്‍ തിരിച്ചടക്കാത്തവരുടെ പട്ടിക അവശ്യപ്പെട്ടുകൊണ്ട് ആക്ടിവിസ്റ്റ് സാകേത് ഗോഖലെ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ 10 വര്‍ഷത്തെ ഭരണകാലത്ത് വിവിധ ബാങ്കുകളില്‍ നിന്നായി എഴുതിത്തള്ളിയ വായ്പകളെ താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നിരട്ടിയിലധികം വായ്പകളാണ് ചുരുങ്ങിയ നാലുവര്‍ഷം കൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ എഴുതിത്തള്ളിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളുടെ മാത്രമല്ല, സ്വകാര്യമേഖലയിലെയും വിദേശ ബാങ്കുകളിലെയും സ്ഥിതിഗതികളെക്കുറിച്ച് ഞെട്ടിക്കുന്ന ചില ഉള്‍ക്കാഴ്ചകളാണ് വിവരാവകാശ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ എന്നിവരടങ്ങുന്ന ബി.ജെ.പിയുടെ നിരവധി സുഹൃത്തുക്കളുള്‍പ്പെടെ 50 പേരുടെ 68,607 കോടി രൂപ സാങ്കേതികമായി എഴുതിത്തള്ളിയുള്ള പട്ടികയാണ് ആര്‍.ബി.ഐയുടെ വിവരാവകാശ മറുപടിയായി നല്‍കിയിട്ടുള്ളത്.
വീഴ്ച വരുത്തിയവരുടെ പട്ടികയില്‍ ചോക്‌സിയുടെ കുംഭകോണ കമ്പനിയായ ഗീതാഞ്ജലി ജെംസാണ് ഒന്നാമത്, സെപ്റ്റംബര്‍ 30 വരെ 5,492 കോടി രൂപ ഈ കമ്പനിയുടേതായി എഴുതിത്തള്ളിയിട്ടുണ്ട്. കോടീശ്വരന്‍ നീരവ് മോദിയുടെ മാതൃ അമ്മാവനാണ് ചോക്‌സി. പട്ടികയില്‍ രണ്ടാമത്തേത് 4,314 കോടി രൂപയുടെ ആര്‍.ഇ.ഐ അഗ്രോ ലിമിറ്റഡാണ്. അതിന്റെ ഡയരക്ടര്‍മാരായ സന്ദീപ് സഞ്ജയ് ജുജുന്‍വാല ഒരു വര്‍ഷത്തിലേറെയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിലാണുള്ളത്. 4,076 കോടി രൂപയുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണത്തിലിരിക്കുന്ന ജതിന്‍ മേത്തയുടെ വിന്‍സോം ഡയമണ്ടാണ് തൊട്ടുപിന്നിലുള്ളത്. പട്ടികയില്‍ 2,850 കോടി രൂപയുമായി വിക്രം കോത്താരിയുടെ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡും 2,326 കോടി രൂപയുമായി കുഡോസ് ചെമി ലിമിറ്റഡുമുണ്ട്. അതുപോലെ, 2,212 കോടിയുമായി രാംദേവിന്റെ പതഞ്ജലിയുടെ ഉടമസ്ഥതയിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും 2,012 കോടിയുമായി സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് മറ്റു പ്രധാന കമ്പനികള്‍. 1943 കോടി രൂപയുടെ കുടിശ്ശികയുമായി വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. ഫോറെവര്‍ പ്രെഷ്യസ് ജ്വല്ലറി ആന്‍ഡ് ഡയമണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,962 കോടിയും ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡിന്റെ 1915 കോടിയും എഴുതിത്തള്ളിയിട്ടുണ്ട്.
പട്ടികയില്‍ ഭൂരിഭാഗവും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലോ, അന്വേഷണത്തിലോ അല്ലെങ്കില്‍ നടപടി നേരിടുകയോ, ഒളിച്ചോടുകയോ ചെയ്തവരാണ്. അവയില്‍ പലരും പ്രമുഖ ദേശീയ പൊതുമേഖലാ സ്വകാര്യ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തിട്ടുള്ളവരാണ്. വിവരാവകാശ നിയമപ്രകാരം സി.എന്‍.എന്‍ - ന്യൂസ് 18 ന് റിസര്‍വ് ബാങ്ക് നല്‍കിയ ബാങ്ക് തിരിച്ചുള്ള 2019 മാര്‍ച്ച് 31 വരെ വായ്പ എഴുതിത്തള്ളിയ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ 100 കോടിയിലധികം രൂപയും 500 കോടിയിലധികം രൂപയും വായ്പ എഴുതിത്തള്ളിയ പ്രത്യേക വിഭാഗങ്ങളുണ്ട്. 100 കോടിയിലധികം രൂപയുടെ കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ 980 വായ്പക്കാരെയും 500 കോടിയിലധികം രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളിയ 71 വായ്പക്കാരെയും റിസര്‍വ് ബാങ്ക് ഇന്ത്യയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യില്‍നിന്നും 100 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയ 220 വീഴ്ചക്കാരില്‍ നിന്നുമായി 76,600 കോടി രൂപയുടെയും 500 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയ 33 വീഴ്ചക്കാരില്‍ നിന്നുമായി 37,700 കോടി രൂപയുടെയും വായ്പകളുമാണ് എഴുതിത്തള്ളിയത്. 100 കോടിയിലധികം രൂപയുടെ കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ 980 വായ്പക്കാരില്‍ 220 പേരും (അഞ്ചിലൊന്നില്‍ കൂടുതല്‍) അതുപോലെ 500 കോടിയിലധികം രൂപയുടെ വായ്പക്കാരില്‍ ആകെയുള്ള 71 ല്‍ 33 പേരും (46%) എസ്.ബി.ഐയില്‍നിന്നും വായ്പയെടുത്തവരാണ്. എസ്.ബി.ഐക്ക് തൊട്ടുപിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കാണ് (പി.എന്‍.ബി) പട്ടികയിലുള്ളത്. 100 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയ 94 പേരുടെയും 500 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയ 12 പേരുടെയും കടങ്ങളാണ് എഴുതിത്തള്ളിയത്. പൊതുമേഖലാ ബാങ്കുകളില്‍ എസ്.ബി.ഐയും, പി.എന്‍.ബിയും ഒന്നാമതെത്തിയപ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ ഐ.ഡി.ബി.ഐ ബാങ്കാണ് ഒന്നാമത്. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ തുടങ്ങി ഒട്ടനവധി പൊതുമേഖലാ സ്വകാര്യ ബാങ്കുകളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് എഴുതിത്തള്ളിയത്.
രാജ്യം മുഴുവന്‍ കൊറോണ വൈറസിനെതിരേ പോരാടുമ്പോഴും പൊതുസമൂഹങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പാവപ്പെട്ട തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ ഇത്രയും വലിയ തുക എഴുതിത്തള്ളുകയും വ്യവസായികള്‍ക്ക് ശതകോടീശ്വരന്‍മാരാവാന്‍ അനുകൂലമായ പരിഷ്‌കരണങ്ങളും പദ്ധതികളും രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക നിയമത്തിന്റെയും പ്രതിഫലങ്ങളും നേട്ടങ്ങളും കൈവരിക്കാന്‍ പോകുന്നത് കര്‍ഷകരോ തൊഴിലാളികളോ ആയിരിക്കില്ല, മറിച്ച് കോര്‍പറേറ്റ് കമ്പനികളോ ശതകോടീശ്വരന്‍മാരായ വ്യവസായികളോ ആയിരിക്കും. കര്‍ഷകര്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം രാജ്യത്തെ നാശത്തിലേക്കും ദുരിതത്തിലേക്കും നയിക്കും. ഈ വ്യവസായികള്‍ കാര്‍ഷികമേഖലയുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാല്‍ ഭക്ഷണ, ഭക്ഷണോല്‍പ്പന്നങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരികയും കൃഷിക്കാര്‍ക്ക് ഭൂമിയും ഉപജീവനവും നഷ്ടപ്പെടുകയും, മാത്രമല്ല, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."