കോണ്‍ഗ്രസ് മുക്ത കേരളം ആര്‍.എസ്.എസ് അജന്‍ഡ
രാജ്യഭരണം കിട്ടിയ ശേഷം സംസ്ഥാനങ്ങളില്‍ അധികാരം നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലെന്ന് പലതവണ തെളിയിച്ച ബി.ജെ.പി കേരളത്തിലും അതു നേടിയെടുക്കാനും കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി മുന്നേറാനും ആസൂത്രിത കുതന്ത്രം ആവിഷ്‌കരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ച് അതിനെത്തുടര്‍ന്ന് യു.ഡി.എഫിനുണ്ടാകുന്ന തകര്‍ച്ച മുതലെടുത്ത് 2026ല്‍ കേരളത്തില്‍ അധികാരത്തിലെത്തുക എന്നതാണ് ആ അജന്‍ഡ.
തെരഞ്ഞെടുപ്പിനു മുന്നോടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി നടത്തുന്ന പഠനശിബിരങ്ങളിലാണ് സംസ്ഥാന നേതാക്കള്‍ ഈ നിര്‍ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കുന്നത്. അതിലെ കണക്കുകൂട്ടലുകള്‍ ഏറെ കൃത്യവുമാണ്. കാര്യമായി ഒന്നും ചെയ്യാനുള്ള പ്രാപ്തിയില്ലാതിരുന്ന ചില സംസ്ഥാനങ്ങളില്‍ പോലും കുതിരക്കച്ചവടങ്ങളിലൂടെയും അട്ടിമറികളിലൂടെയും മറ്റു പാര്‍ട്ടികളിലെ ഭിന്നിപ്പ് മുതലെടുത്തുമൊക്കെ അധികാരത്തിലെത്താന്‍ ബി.ജെ.പിക്കായെങ്കിലും രണ്ടു ശക്തമായ മുന്നണികള്‍ തമ്മിലുള്ള ബലാബലത്തിന്റെ രാഷ്ട്രീയ സമവാക്യം നിലനില്‍ക്കുന്ന കേരളം ഇന്നും അവര്‍ക്ക് ബാലികേറാമലയായി തുടരുകയാണ്. ഇതില്‍ ഒരു മുന്നണിയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന പ്രതിപക്ഷ ശൈഥില്യം മുതലെടുത്ത് അധികാരം നേടുക എന്നതാണ് അവര്‍ക്കു മുന്നിലുള്ള ഏക വഴി. അതിനൊപ്പം സംഘ്പരിവാറിന്റെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അജന്‍ഡയിലേക്കുള്ള വലിയൊരു കുതിപ്പുകൂടി അവര്‍ ലക്ഷ്യമിടുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ് അജന്‍ഡയാണ്. ആര്‍.എസ്.എസിന്റെ അജന്‍ഡകള്‍ നടപ്പാക്കാനുള്ള രാഷ്ട്രീയ മുഖാവരണം മാത്രമാണ് ബി.ജെ.പി. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ക്കെല്ലാം രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കായി ഇത്തരം രാഷ്ട്രീയ മുഖംമൂടികളുണ്ട്. ഈ രാഷ്ട്രീയ രൂപങ്ങളുടെയെല്ലാം കാര്യപരിപാടികള്‍ തീരുമാനിച്ച് പ്രവൃത്തിപഥത്തിലെത്തിക്കുന്നത് പിന്നിലുള്ള വര്‍ഗീയ സംഘടനകളാണ്. വേണ്ടിവന്നാല്‍ ലക്ഷ്യപ്രാപ്തിക്കായി സ്വന്തം രാഷ്ട്രീയ ഉപകരണങ്ങളെ താല്‍ക്കാലികമായി അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനു പോലും അവര്‍ക്കു മടികാണില്ല.
ഇത് ആര്‍.എസ്.എസ് ദീര്‍ഘകാലമായി പ്രയോഗവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നൊരു തന്ത്രമാണ്. അജന്‍ഡകളിലേക്കുള്ള വഴിയായി ആരെയും പിന്തുണയ്ക്കാനോ സഹായിക്കാനോ അവര്‍ക്കു മടിയില്ല. അടിയന്തരാവസ്ഥയ്‌ക്കൊടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് പ്രതിപക്ഷ ഐക്യത്തില്‍ രൂപം കൊണ്ട ജനതാ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് ആര്‍.എസ്.എസിന്റെ കലവറയില്ലാത്ത പിന്തുണകൊണ്ടു കൂടിയായിരുന്നു. അന്ന് തോറ്റമ്പിയ കോണ്‍ഗ്രസിനെ ഇന്ദിരാവധത്തെ തുടര്‍ന്നുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതിനു പിന്നിലും ആര്‍.എസ്.എസിന്റെ അപ്രഖ്യാപിത പിന്തുണയുണ്ടായിരുന്നു. കശ്മിര്‍, പഞ്ചാബ് വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും അതിന്റെ പേരില്‍ ഇന്ദിരാ ഗാന്ധിക്ക് ജീവന്‍ വെടിയേണ്ടിവന്ന സാഹചര്യവുമൊക്കെയാണ് ബി.ജെ.പിയെ പാര്‍ലമെന്റില്‍ രണ്ടു സീറ്റുകളിലൊതുക്കിക്കൊണ്ടുപോലും കോണ്‍ഗ്രസിനെ സഹായിക്കാന്‍ ആര്‍.എസ്.എസിനെ പ്രേരിപ്പിച്ചത്. ലക്ഷ്യത്തിലെത്താന്‍ ആരെ സഹായിക്കാനും ആര്‍.എസ്.എസിന് ഒരു മടിയുമില്ല.
സംസ്ഥാനത്തെ വോട്ടുകണക്കുകള്‍ വച്ചുകൊണ്ടുള്ള അവരുടെ കണക്കുകൂട്ടലുകളും യാഥാര്‍ഥ്യത്തോടു ചേര്‍ന്നുപോകുന്നതാണ്. വോട്ട് ശതമാനത്തിന്റെ ചെറിയ വ്യത്യാസത്തില്‍ പോലും മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരുന്ന കേരളത്തില്‍ ഇതുവരെ അധികാരത്തിലെത്താനായിട്ടില്ലെങ്കിലും സംഘ്പരിവാര്‍ വോട്ടുബാങ്ക് ഗണ്യമായ രാഷ്ട്രീയ ശക്തിയാണെന്ന് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. ബി.ജെ.പിക്കു കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളില്‍ 70 ശതമാനത്തോളം എവിടേക്കു വേണമെങ്കിലും നിഷ്പ്രയാസം മറിക്കാന്‍ ആര്‍.എസ്.എസിനു സാധിക്കും. അത് അതീവ രഹസ്യമായി തന്നെ നിര്‍വഹിക്കാനുള്ള കൃത്യമായ കേഡര്‍ സംഘടനാ സംവിധാനവും അവര്‍ക്കുണ്ട്. കേരളത്തിലെ ഏതെങ്കിലുമൊരു പ്രബല മുന്നണിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കാന്‍ അതു ധാരാളം മതിയാകും. അതിനു പരസ്യ പിന്തുണയുടെയൊന്നും ആവശ്യവുമില്ല. എല്‍.ഡി.എഫിനു ഭരണത്തുടര്‍ച്ച ലഭിച്ചോട്ടെ എന്ന് ആര്‍.എസ്.എസ് തീരുമാനിച്ചാല്‍ തന്നെ അതു സംഭവിക്കുമെന്നുറപ്പാണ്.
മാത്രമല്ല, ഈ നീക്കത്തില്‍ അണികളെ കൂടെനിര്‍ത്താന്‍ ആര്‍.എസ്.എസിന് കാരണമാക്കാന്‍ പാകത്തില്‍ സംഘ്പരിവാറിന്റെ ചില അജന്‍ഡകള്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിപ്പോരുന്നുമുണ്ട്. 2017ല്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ദിനത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ നടത്താന്‍ സര്‍ക്കുലറിറക്കിക്കൊണ്ടാണ് അതിനു തുടക്കമിട്ടത്. സസ്യാഹാരം മഹത്തരമെന്നു പ്രഖ്യാപിച്ചും മാംസാഹാരം മ്ലേച്ഛമെന്നു ധ്വനിപ്പിച്ചും പരസ്യമായി സംസാരിക്കുന്നൊരു ബി.ജെ.പി ഇതര വിദ്യാഭ്യാസ മന്ത്രിയുണ്ടായത് കേരളത്തില്‍ മാത്രമാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച ചില ദലിത്, ന്യൂനപക്ഷ വിരുദ്ധ നടപടികളും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. മാവോയിസ്റ്റുകള്‍ ധാരാളമുള്ള, ബി.ജെ.പി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായതിലേറെ മാവോയിസ്റ്റ് വേട്ടകള്‍ നടന്നത് മാവോയിസം കാര്യമായൊരു ചലനവും സൃഷ്ടിക്കാത്ത കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ വേണമെങ്കില്‍ എല്‍.ഡി.എഫിനെ സഹായിക്കാന്‍ ആര്‍.എസ്.എസിനു കാരണങ്ങളേറെയാണ്.
തുടര്‍ന്നുള്ള അവരുടെ സ്വപ്നങ്ങളും യാഥാര്‍ഥ്യമായേക്കും. യു.ഡി.എഫിന് തുടര്‍ച്ചയായി ഭരണം നഷ്ടപ്പെട്ടാല്‍ സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമില്ല എന്ന അവസ്ഥ വരും. ജനാധിപത്യത്തില്‍ അനിവാര്യമായ പ്രതിപക്ഷ റോള്‍ അവര്‍ക്കു നഷ്ടപ്പെടുന്നതോടെ മറ്റൊരു പ്രതിപക്ഷ ചേരിക്കു സാധ്യത തെളിയും. അധികാരവും സമ്പത്തുമുള്ളിടത്തേക്ക് മാറാന്‍ മനഃസാക്ഷി തെല്ലും അലട്ടാത്ത രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തില്‍ അധികാരപ്രതീക്ഷയില്ലാത്ത യു.ഡി.എഫ് വിട്ടുപോകാന്‍ ധാരാളം ആളുകളുണ്ടാകും. തുടര്‍ച്ചയായ ഭരണം സൃഷ്ടിക്കുന്ന രാഷ്ട്രീയ ജീര്‍ണതയുടെ ആഴം മൂലം എല്‍.ഡി.എഫ് വിട്ടുപോകാനും കാണും ഏറെയാളുകള്‍. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കള്‍ ബി.ജെ.പിയായിരിക്കുമെന്നതില്‍ രണ്ടു പക്ഷമുണ്ടാവാനിടയില്ല. അവര്‍ക്ക് സംസ്ഥാന ഭരണത്തിലേറാനുള്ള പാത എളുപ്പമാകും. അങ്ങനെ സംഭവിച്ചാല്‍ മതേതര കേരളം അതിനു നല്‍കേണ്ടിവരുന്നത് കനത്ത വിലയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."