കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസിന് പുതുമുഖമെത്തിയേക്കും
കൊടുങ്ങല്ലൂര്‍: ആഞ്ഞുപിടിച്ചാല്‍ കൂടെ പോരുമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്ന കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയ്ക്ക് അനുദിനം നീളം കൂടുന്നു.
സ്ഥിരം മുഖങ്ങള്‍ സ്ഥാനാര്‍ഥിക്കുപ്പായം അഴിച്ചുവയ്ക്കണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമുള്ള വാദം ഗ്രൂപ്പുകള്‍ക്കതീതമായി ഇവിടെ ഉയരുന്നുണ്ട്. ഈ ആവശ്യത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചാല്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ പുതുതലമുറ സ്ഥാനാര്‍ഥി വരും. കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസനാണ് സാധ്യതാ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
മണ്ഡലത്തിലെ രാഷ്ട്രീയത്തിനതീതമായ സൗഹൃദം ശ്രീനിവാസന് അനുകൂല ഘടകമാണ്. കെ.കെ.ടി.എം കോളജ് യൂനിയന്‍ ചെയര്‍മാനില്‍ തുടങ്ങി രണ്ടര പതിറ്റാണ്ടു കാലമായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രീനിവാസന് സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തന മികവും തുണയാകും.
എ ഗ്രൂപ്പിനാണ് മണ്ഡലം ലഭിക്കുന്നതെങ്കില്‍ മറ്റൊരു പുതുമുഖത്തിന് സാധ്യതയുണ്ട്. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗിരി അപ്രതീക്ഷിതമായി സാധ്യതാ പട്ടികയില്‍ ഇടം പിടിച്ചത് ഈ കണക്കുകൂട്ടലിലാണ്. അതേസമയം മുന്‍ എം.പി കെ.പി ധനപാലന്‍ വൈപ്പിനില്‍ അല്ലെങ്കില്‍ കൊടുങ്ങല്ലൂരില്‍ മത്സരിച്ചേക്കാമെന്ന് ശ്രുതിയുമുണ്ട്. കഴിഞ്ഞ തവണ വി.ആര്‍ സുനില്‍കുമാറിനോട് പരാജയപ്പെട്ട ധനപാലന്‍ എറണാകുളം ജില്ലയില്‍ സീറ്റ് ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ കൊടുങ്ങല്ലൂരിലേക്ക് തിരിയുകയുള്ളൂ. മുമ്പ് ടി.എന്‍ പ്രതാപന് വേണ്ടി വഴിയൊഴിഞ്ഞു കൊടുത്ത മുന്‍ എം.എല്‍.എ ടി.യു രാധാകൃഷ്ണന്‍ ഐ ഗ്രൂപ്പിന്റെ സാധ്യതാ പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."