തണുത്ത് മരവിച്ച് സഊദി; പലയിടങ്ങളിലും മൈനസ് ഡിഗ്രി തണുപ്പ്
റിയാദ്: സഊദിയിൽ പലയിടങ്ങളിലും കടുത്ത തണുപ്പും മഞ്ഞു വീഴ്ച്ചയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും ശക്തമായ ശീതക്കാറ്റും ഒപ്പം പൊടിക്കാറ്റും അടിച്ചു വീശുന്നുണ്ട്. പലയിടങ്ങളിലും തണുപ്പ് ശക്തമായതോടെ വെള്ളം ഐസായി രൂപാന്തരപ്പെടുകയും ചെയ്തു.
തബൂക്കിലാണ് തണുപ്പ് ശക്തമായതിനെത്തുടർന്ന് ടാങ്കിൽ കെട്ടി നിർത്തിയിരിക്കുന്ന വെളളം മുഴുവൻ ഐസായി മാറിയത്. ഇതിനിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി. തബൂക്കിലെ ജബൽ ലോസിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ ടാങ്കിലേക്ക് കല്ലെറിയുമ്പോൾ പാറയിൽ എറിയുന്നതിന് സമാനമായാണ് അനുഭവപ്പെടുന്നത്.
തുറൈഫിൽ -3 ഡിഗ്രിയാണ് തണുപ്പ്, ഗുറയാത്തിൽ -1.4, റഫ്ഹ -1.3, അറാർ - 1 ഡിഗ്രി എന്നീ നഗരങ്ങളിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. അൽ ജൗഫ്, തബൂക്, ഹായിൽ, അൽ ഖൈസൂമ, ഖസീം എന്നിവിടങ്ങളിൽ ഒന്ന് മുതൽ അഞ്ചു വരെയും ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. ഏറ്റവും കൂടിയ താപനില ജിദ്ദയിലാണ് രേഖപ്പെടുത്തിയത്. 22.5 ഡിഗ്രിയാണ് ഇവിടെ അനുഭവപ്പെട്ടത്.
കടുത്ത ശീതക്കാറ്റിനോപ്പം അടിച്ചു വീശിയ പൊടിക്കാറ്റിനെ തുടർന്ന് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ബാധിച്ചു. കാറ്റിനെ തുടർന്ന് ചരക്കിറക്കിനെയും ഗതാഗതത്തെയും സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദി എയർ ലൈൻസ് ഏതാനും പ്രാദേശിക വിമാന സർവ്വീസും നിർത്തി വെച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മോശം കാലാവസ്ഥയെ തുടർന്ന് സർവ്വീസുകൾ താത്കാലികമായി നിർത്തി വെക്കുന്നതായി സഊദിയ അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങൾ കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."