വ്യോമസേനയില്‍ എയര്‍മെന്‍ ആകാം, സഊദി ആരോഗ്യമന്ത്രാലയത്തില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം....
ഇന്ത്യന്‍ വ്യോമസേനയിലെ എയര്‍മെന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് എക്‌സ് ട്രേഡുകള്‍ (എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെ), ഗ്രൂപ്പ് വൈ ട്രേഡുകള്‍ (സെക്യൂരിറ്റി, മ്യൂസിഷന്‍ ട്രേഡുകള്‍ ഒഴികെ) എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ക്ക് കൊച്ചിയിലെ എയര്‍മെന്‍ സെലക്ഷന്‍ സെന്ററാണ് തിരഞ്ഞെടുപ്പ് നടത്തുക.
ഗ്രൂപ്പ് എക്‌സ് വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ അടങ്ങിയ പ്ലസ്ടു അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. ഗ്രൂപ്പ് വൈ വിഭാഗത്തില്‍ പ്ലസ്ടു അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് ആണ് യോഗ്യത. ഗ്രൂപ്പ് വൈ വിഭാഗത്തിലെ മെഡിക്കല്‍ ട്രേഡിലേക്കാണെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായുള്ള പ്ലസ് ടു പാസായിരിക്കണം.
കോഴ്‌സിന് ആകെയും ഇംഗ്ലീഷിന് മാത്രമായും കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്നത് പൊതുനിബന്ധനയാണ്. ഡിപ്ലോമക്കാര്‍ക്ക് ഗ്രൂപ്പ് എക്‌സ് വിഭാഗത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നിശ്ചിത യോഗ്യതയുള്ള പ്ലസ്ടുക്കാര്‍ക്ക് ഗ്രൂപ്പ് എക്‌സ്, ഗ്രൂപ്പ് വൈ വിഭാഗത്തിലേക്ക് ഒരുമിച്ച് അപേക്ഷ നല്‍കാം.
2001 ജനുവരി 16നും 2004 ഡിസംബര്‍ 29നും ഇടയില്‍ (രണ്ട് തിയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയകളും പൂര്‍ത്തിയാകുമ്പോള്‍ പരമാവധി പ്രായം 21 വയസായിരിക്കണം.
ഐ.എ.എഫ്. (പൊലിസ്) വിഭാഗത്തില്‍ കുറഞ്ഞത് 175 സെന്റിമീറ്ററും ഓട്ടോടെക് ട്രേഡില്‍ 165 സെന്റിമീറ്ററുമാണ് ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം. മറ്റ് ട്രേഡുകളിലെല്ലാം കുറഞ്ഞ ഉയരം 152.5 സെന്റിമീറ്ററാണ്. നെഞ്ചളവിന്റെ കുറഞ്ഞ വികാസം അഞ്ച് സെന്റിമീറ്റര്‍. ഭാരം ഉയരത്തിനും വയസിനും അനുസൃതമായുണ്ടായിരിക്കണം. ഓപറേഷന്‍ അസിസ്റ്റന്റ് ട്രേഡിലുള്ളവര്‍ക്ക് ചുരുങ്ങിയത് 55 കിലോഗ്രാം ആവശ്യമാണ്. ആവശ്യമായ മറ്റ് ശാരീരിക യോഗ്യതകളുടെ വിശദവിവരങ്ങള്‍ www.airmenselection.cdac.in എന്ന വെബ്‌സൈറ്റിലുണ്ട്.മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഓണ്‍ലൈന്‍ പരീക്ഷയാണ്. ഇതില്‍ വിജയിച്ചവര്‍ക്കാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. പരീക്ഷാകേന്ദ്രം നേരത്തേ അറിയിക്കും. ഓണ്‍ലൈന്‍ പരീക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കും. ഗ്രൂപ്പ് എക്‌സ് വിഭാഗത്തിലേക്ക് അപേക്ഷിച്ചവര്‍ക്ക് പരീക്ഷ 60 മിനിറ്റായിരിക്കും. പ്ലസ് ടു സിലബസിലെ ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക.
ഗ്രൂപ്പ് വൈ വിഭാഗത്തിലുള്ളവര്‍ക്ക് പരീക്ഷ 45 മിനിറ്റാണ്. പ്ലസ് ടു സിലബസിലെ ഇംഗ്ലീഷില്‍നിന്നും ഒപ്പം റീസണിങ് ആന്‍ഡ് ജനറല്‍ അവയര്‍നസില്‍ നിന്നുമുള്ള ചോദ്യങ്ങളാണുണ്ടാകുക. ഗ്രൂപ്പ് എക്‌സ്, വൈ വിഭാഗങ്ങളിലേക്ക് ഒരുമിച്ച് പരീക്ഷയെഴുതാം. ഇവര്‍ക്ക് 85 മിനിറ്റിന്റെ പരീക്ഷയാണുണ്ടാകുക. ചോദ്യങ്ങള്‍ പ്ലസ് ടു സിലബസിലെ ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ നിന്നുള്ളതും റീസണിങ് ആന്‍ഡ് ജനറല്‍ അവയര്‍നസ് അളക്കുന്നതുമായ ചോദ്യങ്ങളുണ്ടാകും. ശരിയായ ഉത്തരത്തിന് ഒരു മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് നഷ്ടപ്പെടും.മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. രണ്ടാംഘട്ടത്തില്‍ കായികക്ഷമതാപരിശോധനയും രണ്ട് എഴുത്തുപരീക്ഷകളും രേഖാപരിശോധനയുമുണ്ടാകും. രണ്ടാംഘട്ടം വിജയിക്കുന്നവര്‍ക്ക് മൂന്നാംഘട്ടത്തില്‍ ആരോഗ്യപരിശോധനയുണ്ടാകും.രാജ്യത്തെ ഏതെങ്കിലും പരിശീലന കേന്ദ്രത്തില്‍ ജോയിന്റ് ബേസിക് ഫേസ് ട്രെയിനിങ്ങിനാണ് അത് നിയോഗിക്കുക. പരിശീലന കാലയളവില്‍ 14,600 രൂപ സ്‌റ്റൈപ്പന്‍ഡായി ലഭിക്കും. പരിശീലനത്തിനു ശേഷം അതത് ട്രേഡുകളില്‍ നിയമനം ലഭിക്കും. ട്രേഡ് പിന്നീട് മാറ്റാന്‍ സാധിക്കില്ല. 250 രൂപയാണ് പരീക്ഷ ഫീസ്. ഇത് ഓണ്‍ലൈനായോ ആക്‌സിസ് ബാങ്കില്‍ നേരിട്ടോ അടയ്ക്കാം.
വിശദവിവരങ്ങള്‍ www.airmenselection.cdac.in,www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിന് കൊച്ചിയിലെ എയര്‍മെന്‍ സെലക്ഷന്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2427010, 9188431092, 9188431093. അവസാന തിയതി: ഫെബ്രുവരി 7.
സേനയില്‍ 194 മതാധ്യാപക ഒഴിവുകള്‍
കരസേനയില്‍ മതാധ്യാപകരാകാന്‍ അവസരം. ആകെ 194 ഒഴിവുകളാണുള്ളത്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികയിലായിരിക്കും നിയമനം. പുരുഷന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് എന്നീ മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്. റജിമെന്റുകളിലെയും യൂണിറ്റുകളിലെയും വിവിധ മതചടങ്ങുകള്‍ നടത്തുന്നതിനുവേണ്ടിയാണ് നിയമനം.
പണ്ഡിറ്റ് - 171, പണ്ഡിറ്റ് (ഗൂര്‍ഖ) - 9, ഗ്രന്ഥി - 5, പാതിരി - 2, മൗലവി (സുന്നി) - 5, പാതിരി (ഷിയ) - 1, ബുദ്ധസന്ന്യാസി (മഹായാന) - 1. ഇതില്‍ പണ്ഡിറ്റ് (ഗൂര്‍ഖ) ഗൂര്‍ഖ റജിമെന്റിനുവേണ്ടിയാണ്. ഹിന്ദു ഗൂര്‍ഖകള്‍ക്കുമാത്രം അപേക്ഷിക്കാം. മൗലവി (ഷിയ), ബുദ്ധസന്ന്യാസി എന്നിവര്‍ ലഡാക്ക് സ്‌കൗട്ട്‌സ് റജിമെന്റിനുവേണ്ടിയുള്ളതാണ്. മൗലവി (ഷിയ) ഒഴിവിലേക്ക് ലഡാക്കി മുസ്‌ലിം ഷിയാ വിഭാഗക്കാര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ.
എല്ലാ വിഭാഗത്തിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. അതതു മതത്തില്‍പ്പെട്ടവരായിരിക്കണം. ഇതുകൂടാതെ പണ്ഡിറ്റിന്റെ ഒഴിവിലേക്കപേക്ഷിക്കുന്നവര്‍ക്ക് സംസ്‌കൃതത്തില്‍ ആചാര്യ അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ ശാസ്ത്രിയും കര്‍മകാണ്ഡത്തില്‍ ഒരുവര്‍ഷത്തെ ഡിപ്ലോമയും വേണം. മൗലവിയുടെ ഒഴിവിലേക്കപേക്ഷിക്കുന്നവര്‍ അറബിയില്‍ മൗലവി ആലിമോ ഉറുദുവില്‍ ആദിബ് ആലിമോ നേടിയവരായിരിക്കണം.
അംഗീകൃത സര്‍വകലാശാലകളോ സ്ഥാപനങ്ങളോ നല്‍കിയ യോഗ്യതകളേ പരിഗണിക്കൂ. പാതിരിയാകുന്നവര്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അച്ചന്‍പട്ടം നേടിയവരും പ്രാദേശിക ബിഷപ്പിന്റെ അംഗീകാരപ്പട്ടികയിലുള്ളവരുമായിരിക്കണം.
നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. ഉയരം 160 സെന്റിമീറ്റര്‍ വേണം. ലക്ഷദ്വീപുകാര്‍ക്ക് 155 സെന്റിമീറ്റര്‍ മതി. നെഞ്ചളവ് 77 സെന്റിമീറ്റര്‍. കുറഞ്ഞ നെഞ്ചളവ് വികാസം: അഞ്ചു സെന്റിമീറ്റര്‍. ഭാരം: 50 കിലോഗ്രാം.
പ്രായം: 1987 ഒക്ടോബര്‍ ഒന്നിനും 1996 സെപ്റ്റംബര്‍ 30നും ഇടയില്‍ (രണ്ടു തിയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷം നിശ്ചിതയോഗ്യതയുള്ള അപേക്ഷകരെ തിരഞ്ഞെടുക്കും. അതിനുശേഷം ആദ്യഘട്ടത്തില്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന, കായികക്ഷമതാപരീക്ഷ, ആരോഗ്യപരിശോധന എന്നിവയുണ്ടാകും.
വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. അവസാനതിയതി: ഫെബ്രുവരി 9.
സഊദി ആരോഗ്യമന്ത്രാലയത്തില്‍
വനിതാ നഴ്‌സുമാര്‍ക്ക് അവസരം
സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പിഎച്ച്.ഡി (നഴ്‌സിങ്) യോഗ്യതയും 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് സര്‍ജറി, ഐ.സി.യു (മുതിര്‍ന്നവര്‍) ,എന്‍.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി ഒന്നു മുതല്‍ 10 തിയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ ww.norkaroots.org(http:demo.norkaroots.netecruitment2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. അവസാന തിയതി ഈ മാസം 28.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍
പരീക്ഷ മലയാളത്തിലും എഴുതാം
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനുള്ള പരീക്ഷ മലയാളത്തിലും എഴുതാന്‍ പി.എസ്.സി. അനുമതി നല്‍കി.
ഫെബ്രുവരി 15നാണ് പരീക്ഷ നടത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി മാറ്റംവരുത്തിയ പരീക്ഷാ കലണ്ടര്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.വിവരണാത്മക പരീക്ഷയുടെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും.
ഉത്തരം മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. എന്നാല്‍, രണ്ടു ഭാഷയും ഇടകലര്‍ത്തി ഉപയോഗിക്കാനാകില്ല. ഏത് ഭാഷയിലാണ് ഉത്തരമെഴുതുന്നതെന്ന് ചോദ്യോത്തര പുസ്തകത്തില്‍ ആദ്യമേ രേഖപ്പെടുത്തണം. അപേക്ഷകരില്‍ നിശ്ചിത യോഗ്യതയുള്ളവരായി കണ്ടെത്തിയ 670 പേര്‍ക്കാണ് മുഖ്യപരീക്ഷ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."