പ്രബുദ്ധ കേരളം ഇപ്പോഴും സുരക്ഷിതമാണ്!
മ നുഷ്യൻ മൃഗങ്ങളേക്കാൾ അധപതിക്കുമെന്ന ഖുർആനിന്റെ മുന്നറിയിപ്പ് ദിനേന പുലർന്നുകൊണ്ടിരിക്കുന്നു. സദാചാരമില്ലായ്മയുടെയും ധാർമിക തകർച്ചയുടെയും നരകത്തിലേക്ക് മനുഷ്യൻ മുതലക്കൂപ്പ് നടത്തുന്നത് കാണണമെങ്കിൽ മുമ്പ് പാശ്ചാത്യ നാടുകളിലെയോ മഹാനഗരങ്ങളിലെ ചുവന്നതെരുവുകളുടെയോ വാർത്തകൾ വായിക്കണമായിരുന്നു. ഇന്നു കാലം മാറി. പുരോഗമനം സകല സീമയ്ക്കപ്പുറം ഉയർച്ച പ്രാപിച്ചു, എല്ലാ രംഗത്തുമെന്ന പോലെ സ്വകാര്യജീവിതത്തിൽ പോലും.
സമൂഹത്തെ സദാചാരമൂല്യങ്ങളിൽനിന്ന് ദുഷ്പ്രവണതകളിലേക്ക് വലിച്ചിഴക്കുന്ന ഘടകങ്ങൾ പലതാണ്. ലഹരിയും സാമ്പത്തികഭ്രമവും ആഢംബര പ്രിയവുമൊക്കെ അതിൽ ചെറുതായെങ്കിലും പങ്കുവഹിക്കുന്നവയാണ്. ലൈംഗികതയോടുള്ള പുതുതലമുറയുടെ സമീപനം ഇതിൽ മുഖ്യ റോൾ നിർവഹിക്കുന്നു. മനുഷ്യവംശത്തിന്റെ സമ്പൂർണ നാശം യുദ്ധങ്ങളിലൂടെയാവില്ല, മറിച്ച് കുത്തഴിഞ്ഞ അവിഹിത ജീവിതത്തിലൂടെയാണെന്ന മനശ്ശാസ്ത്ര പാഠങ്ങൾ അനുഭവത്തിലൂടെ തെളിയിക്കപ്പെടുന്ന വർത്തമാനങ്ങളാണ് പ്രബുദ്ധ കേരളം കേട്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യാ മഹാരാജ്യത്തിന്റെ യശസിനു കളങ്കം ചാർത്തുന്നതിൽ മുമ്പ് മുഖ്യ പങ്കുവഹിച്ചിരുന്നത് കാമാത്തിപ്പുര എന്ന ചുവന്നതെരുവുകളിലെ അർധനഗ്‌നകളായിരുന്നുവെങ്കിൽ ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കൊച്ചുകേരളത്തിന്റെ കുഗ്രാമങ്ങൾ പോലും ചുവന്നതെരുവുകളായി മാറിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിനു പ്രൊഫഷനലുകൾ വരെ കേരളത്തിലുണ്ട്.
ഭാര്യാഭർതൃ ബന്ധമെന്ന പവിത്രതയ്ക്കു പോലും കളങ്കമേൽപ്പിച്ച വൈഫ് സ്വാപ്പിങ് (പങ്കാളി കൈമാറ്റം) വാർത്തയാണിന്ന് കേരളീയ ചുറ്റുപാടിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന്. ഉപഭോഗ സംസ്‌കാരത്തിന്റെ മോഹവലയങ്ങളിൽപെട്ട് വ്യഭിചാരികളായിത്തീരുന്നവരും ഗൾഫിന്റെയും ജോലിയുടെയും അഭിനയങ്ങളുടെയും വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവരും എല്ലാം അറിഞ്ഞിട്ടും മനഃപൂർവം ഫീൽഡിൽ ഇറങ്ങിയവരും വിവാഹിതരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഭർത്താക്കന്മാരുടെ നിർബന്ധത്തിനു വഴങ്ങിയവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നറിയുമ്പോഴാണ് സമൂഹത്തിന്റെ ലൈംഗിക കാഴ്ചപ്പാടുകളുടെ പരാജയത്തിന്റെ ആഴം ബോധ്യമാവുക.
മെട്രോ പോളിറ്റൻ നഗരങ്ങളിലെ രതിവൈകൃതങ്ങൾ നാട്ടിൻപുറങ്ങളിൽ പോലും വ്യാപിച്ചുകഴിഞ്ഞു. ലൈംഗിക അരാജകത്വം വരുംതലമുറയുടെ ദുര്യോഗമാണെന്ന പഠന റിപ്പോർട്ടുകൾ ഫയലുകൾക്കുള്ളിൽ ഗാഢനിദ്രയിലാണ്. ജീവിതപങ്കാളിയെ വച്ചുമാറുന്ന (വൈഫ് സ്വാപ്പിങ്) വൻ സംഘത്തെയാണ് കോട്ടയത്തുനിന്ന് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ വരുന്ന വാർത്തകൾ സാംസ്‌കാരിക കേരളത്തിന്റെ മാനം കെടുത്തുന്നതും. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ആറുപേരെ കറുകച്ചാൽ പൊലിസ് പിടികൂടിയതോടെയാണ് ഒരിടവേളയ്ക്കു ശേഷം, വൈഫ് സ്വാപ്പിങ് രീതി കേരളത്തിൽ വീണ്ടും ചർച്ചയാകുന്നത്. നേരത്തെ, 2013ലും 2018-19കളിൽ കൊച്ചിയിൽ നാലുപേരുടെ അറസ്റ്റോടെയുമാണ് കേരളം ഇണയെ വച്ചുമാറുന്ന സംസ്‌കാരശൂന്യമായ പ്രവൃത്തിയെക്കുറിച്ച് ഇതിനുമുമ്പ് കേൾക്കുന്നത്.
ഷെയർചാറ്റ്, ഫേസ്ബുക്ക് മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ എന്നിങ്ങനെയുള്ള നവമാധ്യമങ്ങളുടെ അനന്തമായ സാധ്യതകളെ ദുരുപയോഗപ്പെടുത്തിയാണ് പ്രസ്തുത സംഘങ്ങളുടെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിനു ദമ്പതികളാണ് വിവിധ ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികൾ പരസ്പരം പരിചയപ്പെടുന്നത്. സൗഹൃദങ്ങൾ ദൃഢമായ ശേഷം ഗ്രൂപ്പ് അംഗങ്ങൾ നേരിട്ടു കാണുകയും ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു.
കേരളത്തിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായല്ല. 2019ൽ കായംകുളത്ത് യുവതി ഭർത്താവിനെതിരേ സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു. 2018 മുതലാണ് സംഭവങ്ങളുടെ തുടക്കം. കായംകുളത്തെ യുവതിയുടെ പരാതിയിൽ നാലു പേർക്കെതിരേ ബലാത്സംഗത്തിനു പൊലിസ് കേസെടുത്തിരുന്നു. ഇവർക്കൊപ്പമുള്ള യുവതികളെ കേസിൽ പ്രതിചേർക്കാനായിരുന്നില്ല. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ഇടപെടൽ കുറ്റകരമല്ലെന്ന സുപ്രിംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. ഭർത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ പലർക്കും കാഴ്ചവച്ചെന്ന പരാതിയുള്ളതുകൊണ്ട് യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള നാലു പുരുഷൻമാരെ പൊലിസ് പ്രതിചേർത്തു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാത്തതുകൊണ്ട് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിനെതിരേ അന്ന് പൊലിസിനു മറ്റൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട മറ്റു യുവതികൾ പൂർണ സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നത്.
ഭാര്യാഭർതൃ ജീവിതത്തിലെ സ്വകാര്യതകൾ പുറത്തുപറയുക പോലും ചെയ്യരുതെന്ന് കർശന നിർദേശം നൽകിയ ഇസ്‌ലാമിക അധ്യാപനങ്ങളുടെ പ്രസക്തി വർധിച്ചുവരുന്ന കാഴ്ചയാണ് ഇവിടെ വ്യക്തമാക്കുന്നത്. ഉത്കണ്ഠാകുലമാണ് സമൂഹഭാവി. പ്രശ്‌നം നിലനിൽപ്പിന്റേതു തന്നെയാണ്. സുഖഭോഗങ്ങൾക്ക് അടിപ്പെട്ട് വ്യക്തിത്വം നശിച്ച വലിയ തലമുറയാണ് നമ്മുടെ മുമ്പിലുള്ളതെന്നു വന്നാൽ പിന്നെ എന്തു അസ്തിത്വമാണ് നമുക്ക് ഉയർത്തിപ്പിടിക്കാനുള്ളത്? ഈ മേഖലയിൽ ബന്ധപ്പെട്ടവരിൽനിന്ന് എന്നതിലുപരി, ഓരോ വ്യക്തിയിൽനിന്നും ഒരു മാറ്റത്തിന്റെ തുടികൊട്ട് അനിവാര്യമാണ്. അതിനു കരണീയം വ്യഭിചരിക്കരുതെന്നല്ല, അതിലേക്ക് അടുക്കുക പോലും ചെയ്യരുതെന്ന കർശന നിർദേശം നൽകിയ വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശത്തിലേക്കുള്ള തിരിച്ചുനടത്തമാണ്. മൃഗങ്ങൾക്കില്ലാത്ത വിശേഷബുദ്ധി കൊണ്ട് അനുഗൃഹീതരായ മനുഷ്യൻ അത് ഉപയോഗപ്പെടുത്താൻ തയാറായെങ്കിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."