അന്ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥി ; ഇന്ന് അതേ ദിനത്തിൽ ആനയുടെ മുന്നിൽപ്പെട്ട് മരണം
കരുളായി
2001ൽ രാഷ്ട്രപതിയുടെ അതിഥിയായി റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ആദിവാസിക്ക് രണ്ടുപതിറ്റാണ്ടിനിപ്പുറം അതേ ദിനത്തിൽ ആനയുടെ മുന്നിൽപ്പെട്ട് ദാരുണാന്ത്യം. കരുളായി ഉൾവനത്തിലെ കുപ്പമല ആദിവാസി കോളനിയിലെ കരിമ്പുഴ മാതൻ (67) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലേക്ക് റേഷൻ വാങ്ങാൻ വരുകയായിരുന്ന ആദിവാസികൾ ആനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഒാടിമാറിയെങ്കിലും പ്രായാധിക്യം കാരണം മാതന് രക്ഷപ്പെടാനായില്ല. ആനയുടെ ചവിട്ടേറ്റ് മാതൻ തൽക്ഷണം മരിച്ചു.
കൂടെയുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അധികൃതർക്ക് മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാനായത്. നിലമ്പൂർ തഹസിൽദാർ പി.രഘുനാഥ്, വഴിക്കടവ് എസ്.എച്ച്.ഒ ബഷീർ എന്നിവരുടെ മേൽനോട്ടത്തിൽ പൂക്കോട്ടുംപാടം എസ്.ഐ ജയകൃഷ്ണൻ ഇക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. പൊലീസ് ഫോറൻസിക് സർജൻ ഡോ. മെഹ്ജ് സി ഫാത്തിമയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വാൾക്കെട്ട് മലയിൽ സംസ്‌കരിച്ചു. ഭാര്യ: കരിക്ക. ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടയാളാണ് മാതൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."