അനര്‍ഹമായത് നേടിയതാര്, സര്‍ക്കാര്‍ ധവളപത്രമിറക്കണം
ക്രിസ്ത്യന്‍ സമൂഹം ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ വൈകിയാണെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചിരിക്കുകയാണ്. കേരളീയ പൊതുജീവിതത്തെ അസ്വസ്ഥപ്പെടുത്തുന്നതാണ് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ കഴിഞ്ഞ കുറെ മാസങ്ങളായി ഉയര്‍ത്തുന്ന ആശങ്കകള്‍. വിഷയത്തെ അവധാനതയോടെ സമീപിക്കാനോ അവര്‍ ഉന്നയിക്കുന്ന ആശങ്കകളെ അഭിസംബോധന ചെയ്യാനോ സംസ്ഥാന സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ സന്നദ്ധമായതുമില്ല. അവസരം മുതലെടുത്ത് സംഘ്പരിവാര്‍ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സഭകളുടെ പേരില്‍ മുസ്‌ലിം സമുദായത്തിനെതിരേ വര്‍ഗീയവിദ്വേഷ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചണ്ഡമായ പ്രചാരണമാണ് നടത്തുന്നത്. അപകടം മനസ്സിലാക്കിയ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ അവസരത്തിനൊത്ത് ഉയരുകയും മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള ഇത്തരം കുപ്രചാരണങ്ങളില്‍ സഭകള്‍ക്കു പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ ജ്വലിപ്പിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാമെന്നുള്ള സംഘ്പരിവാര്‍ മോഹത്തിന് തിരിച്ചടിയുണ്ടായി.
സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഫണ്ടുകള്‍ വ്യാപകമായി മുസ്‌ലിം സമുദായത്തിലേക്ക് പോയി എന്ന ക്രൈസ്തവരില്‍ ചിലരുടെ ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഈ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാനും യാഥാര്‍ഥ്യം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ ബോധ്യപ്പെടുത്താനും സര്‍ക്കാരോ വിദ്യാഭ്യാസ വകുപ്പോ തയാറായില്ല. അപ്പോള്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ യാഥാര്‍ഥ്യമുണ്ടെന്ന് പലരും കരുതി. അവസരം മുതലെടുത്ത് സംഘ്പരിവാര്‍ കളംപിടിക്കാന്‍ രംഗത്തിറങ്ങുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ തുടക്കത്തില്‍ തന്നെ പരാജയപ്പെടുത്താമായിരുന്നു.
അതേസമയം ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നോക്കാവസ്ഥ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന കമ്മിഷന്‍ അനര്‍ഹമായത് നേടിയതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയാല്‍ വസ്തുതകള്‍ പുറത്തുവരും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള അര്‍ധ സത്യങ്ങളും ഇല്ലാക്കഥകളും പല ഭാഗത്തുനിന്നും വന്നതോടെയാണ് മുസ്‌ലിം സമുദായത്തിനെതിരേയുള്ള തെറ്റായ ആരോപണങ്ങള്‍ ഇത്രയ്ക്ക് ഉയര്‍ന്നത്.
പ്രധാനമന്ത്രിയെ സമീപിച്ച് തങ്ങളുടെ അവകാശങ്ങള്‍ മുസ്‌ലിം സമുദായത്തിലേക്ക് പോകുന്നു എന്ന് വരെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് പരാതിപ്പെടാനുള്ള അവസരമുണ്ടാക്കിക്കൊടുത്തതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് വലുതാണ്. മുസ്‌ലിം സമുദായത്തിന് ഈ ഭരണകൂടത്തില്‍ നിന്ന് അനര്‍ഹമായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വസ്തുത. 2005 മാര്‍ച്ച് ഒന്‍പതിനാണ് രജീന്ദര്‍ സച്ചാര്‍ സമിതി നിലവില്‍ വന്നത്. രാജ്യത്ത് പട്ടികജാതി- പട്ടിക വര്‍ഗങ്ങളേക്കാളും പിന്നോക്കമാണ് സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളില്‍ മുസ്‌ലിംകളുടെ അവസ്ഥയെന്ന് സച്ചാര്‍ സമിതി കണ്ടെത്തുകയുണ്ടായി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായപ്പോള്‍ നിയമിതമായ സമിതി 2006 നവംബര്‍ 30ന് ലോക്‌സഭയുടെ മേശപ്പുറത്ത് റിപ്പോര്‍ട്ട് വച്ചു. ഇന്ത്യന്‍ മുസ് ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുമുള്ള ശുപാര്‍ശകളും പരിഹാര നടപടികളുമുണ്ടായിരുന്നു റിപ്പോര്‍ട്ടില്‍. എന്നാല്‍ പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ താല്‍പര്യം കാണിച്ചില്ല.
കേരളത്തില്‍ സച്ചാര്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്കായി കോച്ചിങ് സെന്ററുകള്‍, സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുകയുണ്ടായി. എന്നാല്‍ ഈ ആനുകൂല്യത്തില്‍നിന്ന് 20 ശതമാനം കേരളത്തിലെ ഭരണകൂടം ക്രൈസ്തവര്‍ക്കു കൈമാറി. മുസ്‌ലിംകള്‍ക്കു മാത്രം അവകാശപ്പെട്ടതില്‍നിന്നാണ് ഈ ശതമാനം അവര്‍ക്കു നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ 80 ശതമാനം മുസ്‌ലിംകള്‍ക്ക് ലഭിച്ചെന്നും ക്രിസ്ത്യാനികള്‍ക്ക് 20 ശതമാനം മാത്രമാണെന്നുമാണ്. തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട 100 ശതമാനത്തില്‍നിന്ന് 20 മറ്റു ന്യൂനപക്ഷത്തിന് നല്‍കിയിട്ടുപോലും വീണ്ടും അനര്‍ഹമായത് നേടിയെടുക്കാനുള്ള ശ്രമമെന്നല്ലാതെ മറ്റെന്താണ് ഇത്തരം പ്രചാരണങ്ങളെ സംബന്ധിച്ച് പറയുക?
സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ പദ്ധതിയില്‍ മുസ്‌ലിംകള്‍ക്ക് അനര്‍ഹമായി ഒരു പൈസ പോലും അനുവദിക്കുന്നില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും ഇതിന്റെ പേരില്‍ ധാരാളം പഴികളാണ് സമുദായം കേള്‍ക്കേണ്ടിവന്നത്. ഈ വസ്തുത ക്രൈസ്തവ സഭകളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായതുമില്ല. ഫലമോ, മുസ്‌ലിംകള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുകയാണെന്ന കുപ്രചാരണം സമൂഹത്തില്‍ പരന്നു. കേരള രാഷ്ട്രീയത്തില്‍ ഒരു ഇടം തേടി നടക്കുന്ന ബി.ജെ.പി അവസരം പാഴാക്കിയതുമില്ല. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ മിസോറം ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ള അവസരം മുതലാക്കി കത്തോലിക്കാ കര്‍ദിനാള്‍മാരെ പ്രധാനമന്ത്രിക്കു മുന്നിലെത്തിച്ച് ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡ പുറത്തെടുക്കുയും ചെയ്തു. അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെട്ടില്ല. മുസ്‌ലിം സമൂഹത്തോടുള്ള ക്രിസ്ത്യന്‍ സഹോദരങ്ങളുടെ അകാരണമായ അകല്‍ച്ച വര്‍ധിപ്പിക്കാന്‍ മാത്രമേ ഈ മൗനം ഉപകരിച്ചുള്ളൂ.
ക്രിസ്ത്യന്‍ സമൂഹം ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിതരണത്തില്‍ പക്ഷപാതിത്വം കേരളത്തില്‍ സംഭവിക്കുന്നില്ലെങ്കില്‍ അതിന്റെ നിജസ്ഥിതി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ ബോധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. നിസ്സംഗ നിലപാട് പുലര്‍ത്തി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കിടയില്‍ ചിലര്‍ക്ക് മുസ്‌ലിംകളോടുള്ള എതിര്‍പ്പ് കൂടട്ടെ എന്നും അതുവഴി രാഷ്ട്രീയ നേട്ടം കരസ്ഥമാക്കാമെന്നും സര്‍ക്കാര്‍ കരുതുന്നുവോ? ഇല്ലായിരുന്നെങ്കില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ ഒരു മേശയ്ക്കു ചുറ്റുമിരുത്തി എന്തുകൊണ്ട് സത്യാവസ്ഥ അവരെ ബോധ്യപ്പെടുത്തിയില്ല? സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരേയും നിരന്തരം വിമര്‍ശനങ്ങള്‍ നടത്തിയിട്ടു പോലും കുറ്റകരമായ മൗനം തുടര്‍ന്നു. ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രിസ്ത്യന്‍ സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റുമെന്ന് പ്രഖ്യാപിച്ചത് വൈകിയ വേളയിലാണെങ്കില്‍ പോലും ഉചിതമായി. ഇതല്‍പ്പം നേരത്തെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാനേതൃത്വവുമായി ബന്ധപ്പെട്ട് സത്യാവസ്ഥ അവരെ ബോധ്യപ്പെടുത്തേണ്ടതാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. അവര്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പുനഃസ്ഥാപിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."