ഡോ: ഫഹ്ദ് അൽ മുബാറക് സഊദി സെൻട്രൽ ബാങ്ക് ഗവർണർ, ഭവന, മുനിസിപ്പൽ മന്ത്രാലയങ്ങളെ ലയിപ്പിച്ചു; സൽമാൻ രാജാവിന്റെ പുതിയ ഉത്തരവ്
റിയാദ്: സഊദി സെൻട്രൽ ബാങ്ക് ഗവർണറായി ഡോ: ഫഹ്ദ് അൽ മുബാറകിനെ നിയമിച്ച് ഉത്തരവിറക്കി. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഞായറാഴ്ച രാത്രി പുറപ്പെടുവിച്ച രാജകൽപ്പനയിലാണ് ഏതാനും ഉത്തരവുകൾ ഉൾപ്പെടുന്നത്. പുതിയ സെൻട്രൽ ബാങ്ക് ഗവർണറെ പ്രഖ്യാപിച്ചതിന് പുറമെ ഭവന മന്ത്രാലയത്തെ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവുമായി ലയിപ്പിക്കാനും ഉത്തരവുണ്ട്. മാജിദ് അൽ ഹുഖൈൽ ആണ് പുതിയ വകുപ്പിന്റെ മന്ത്രി. പുതിയ മന്ത്രാലയം മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം എന്നറിയപ്പെടും.
സെൻട്രൽ ബാങ്ക് ഗവർണറായി നിയമിതനായ ഡോ: ഫഹദ് അൽ മുബാറക്കിനെ സഹമന്ത്രി, മന്ത്രിസഭാംഗം എന്നീ പദവികളിൽ നിന്ന് മാറ്റിയാണ് പുതിയ നിയമനം നൽകിയത്. നേരത്തെ സെൻട്രൽ ബാങ്ക് മേധാവിയായിരുന്ന ഡോ: അൽ ഖുലൈഫിയെ റോയൽ ഉപദേശകനായും നിയമിച്ചു. മന്ത്രി പദവിയോടെയാണ് നിയമനം. പാസ്‌പോർട്ട് ഡയറക്ടർ ജനറൽ (ജവാസാത്) സുലൈമാൻ അൽ യഹ്‌യയെ മേജർ ജനറലിൽ നിന്നും ലഫ്റ്റനന്റ് ജനറൽ ആക്കി ഉയർത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."