സഊദിയിൽ ഒന്നേകാൽ ലക്ഷത്തോളം സ്വദേശികൾക്ക് തൊഴിൽ നൽകാൻ പദ്ധതി, വൻകിട കമ്പനികളുമായി കരാർ ഒപ്പ് വെക്കും
റിയാദ്: സഊദിയിൽ ഒന്നേകാൽ ലക്ഷത്തോളം സഊദികൾക്ക് തൊഴിൽ നൽകാൻ പദ്ധതിയുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങൾ പദ്ധതി തയ്യാറാക്കുന്നു. സ്വകാര്യ മേഖലയിലെ വൻകിട കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിന് സ്വകാര്യ മേഖലയിലെ കമ്പനികളുമായി മന്ത്രാലയം കരാർ ഒപ്പ് വെക്കും. സ്വകാര്യ മേഖലയി 115,000 സഊദി പുരുഷന്മാർക്കും സ്ത്രീകൾക്കും “തൗതീൻ” പ്രോഗ്രാം പ്രകാരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ശൂറ കൗൺസിൽ മെമ്പർ അത്ത അൽ സബൈതിയുടെ മേൽനോട്ടത്തിൽ ശൂറ കൗൺസിലിന്റെ അഡ്മിനിസ്ട്രേഷൻ ആന്റ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തൊഴിൽ മേഖലാ ഉപമന്ത്രി അബ്ദുല്ല അബുത്തുനൈൻ, സാമൂഹിക വികസന മേഖലാ ഉപമന്ത്രി മജീദ് അൽ-ഗനേമി എന്നിവർ വെളിപ്പെടുത്തിയത്.
2021 ലെ ബജറ്റിൽ മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളും ഉപമന്ത്രിമാർ വെളിപ്പെടുത്തി. ഇതിൽ ഏഴ് ലക്ഷ്യങ്ങളാണുള്ളത്. വിവിധ മേഖലകളിലെ 115,000 സഊദി യുവാക്കൾക്ക് തൊഴിൽ നൽകുന്നതാണ് പ്രധാനം. കൂടാതെ, അകൗണ്ടിങ്, എഞ്ചിനീയറിംഗ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലെ സഊദിവത്കരണവും ബജറ്റ് ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."