ലോകായുക്ത ; കാനത്തിനെതിരേ ഒരുവിഭാഗം സി.പി.ഐ നേതാക്കൾ പാർട്ടി സെക്രട്ടറി സി.പി.എം തടവറയിലെന്ന് വിമർശനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ലോകായുക്ത നിയമഭേദഗതിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ തള്ളി സി.പി.ഐ സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം. ലോകായുക്ത നിയമദേദഗതി ഓർഡിനൻസ് പാർട്ടിയുടെ കൂടി അനുമതിയോടെയാണെന്ന കാനത്തിന്റെ ആദ്യത്തെ പരാമർശം സി.പി.ഐയുടെ ഏതു ഘടകത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നാണ് അവരുടെ ചോദ്യം.
ഇടതുമുന്നണി നയപരമായ തീരുമാനം കൈക്കൊള്ളേണ്ട വിഷയത്തിൽ സംസ്ഥാന സെക്രട്ടറി നേതൃത്വവുമായി ആലോചിക്കാതെ അഭിപ്രായം പറഞ്ഞതിനെതിരേ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കാനം അനുകൂലിക്കളടക്കം പരാതി നൽകിയിട്ടുണ്ട്. ലോകായുക്ത നിയമഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ഗവർണറുടെ തീരുമാനത്തിനയച്ചത് മുന്നണി മര്യാദയയെല്ലെന്ന അഭിപ്രായമാണ് കാനമൊഴികെയുള്ള സി.പി.ഐ നേതാക്കൾക്കുള്ളത്.
ഇപ്പോൾ പാർട്ടിയുമായി പോലും ആലോചിക്കാതെ തിടുക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ട ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നു വ്യക്തമാക്കുന്ന നേതാക്കൾ, പാർട്ടി സംസ്ഥാന സെക്രട്ടറി സി.പി.എമ്മിന്റെ രഹസ്യ തടവറയിലാണെന്ന ശക്തമായ ആരോപണവുമുന്നയിക്കുന്നു.
കാനം സി.പി.എമ്മിന്റെയും പിണറായിയുടേയും തടവറയിലെന്ന തലക്കെട്ടോടെയുള്ള പരാതികളാണ് ദേശീയ നേതൃത്വത്തിനു ലഭിച്ചിരിക്കുന്നത്.
കാനത്തിന്റെ നിലപാടിനെതിരേ സി.പി.ഐ വനിതാ ദേശീയ നേതാവും രംഗത്തുണ്ട്. കേരളത്തിലെ സംഘടനാ വിഷയങ്ങൾ ഗൗരവമുള്ളതിനാൽ ജനറൽ സെക്രട്ടറി പങ്കെടുത്തുകൊണ്ട് സംസ്ഥാന നേതൃയോഗം വിളിക്കണമെന്ന് നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതറിഞ്ഞതിനു ശേഷമാണ് നിയമഭേദഗതി ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന പുതിയ നിലപാടുമായി കാനം മറുകണ്ടം ചാടിയത്. അദ്ദേഹത്തോടൊപ്പം ഏതു സാഹചര്യത്തിലും ശക്തമായി നിൽക്കുന്ന പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും ലോകായുക്ത വിഷയത്തിൽ പാർട്ടി സെക്രട്ടറിയെ കൈവിട്ടിരിക്കുകയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളും സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാൻ അടുത്ത മാസം രണ്ടാം വാരം രാജ കേരളത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."