HOME
DETAILS

തഖിയുദ്ദീന്‍ ഉമര്‍ അലി മലൈബാരി

  
backup
January 30 2022 | 05:01 AM

846524563-2

അബ്ദുസ്സലാം കൂടരഞ്ഞി

അറബ് നാടും കേരളവും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിയതാണെന്നും പ്രവാചകന്റെ കാലത്ത് തന്നെ വിശുദ്ധ ദീനിന്റെ ദീപശിഖയുമായി അനുചരന്മാര്‍ കേരളത്തില്‍ എത്തിയെന്നതും നമുക്കറിയാവുന്നതാണ്. എന്നാല്‍, അതേ ചരിത്രവുമായി ചേര്‍ത്തു വായിക്കേണ്ട കേരള-അറബ് ബന്ധത്തിന്റെ നമുക്കിടയിലെ ഒരു നേര്‍ക്കണ്ണിയാണ് ഈയിടെ വിടപറഞ്ഞ തഖിയുദ്ദീന്‍ ഉമര്‍ അലി മലൈബാരി. പിതാവിന്റെ വഴിയില്‍ മക്കയില്‍ സ്ഥിരതാമസമാക്കുകയും പതിറ്റാണ്ടുകളോളം കേരളത്തില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് താങ്ങുംതണലുമായി പ്രവര്‍ത്തിക്കുകയും ചെയ്ത മലൈബാരി കുടുംബത്തിലെ ഒരു കണ്ണിയാണ് ആദ്യകാലത്ത് കേരളത്തില്‍ നിന്ന് സഊദിയിലെത്തി പിന്നീട് സഊദി പൗരത്വം സ്വീകരിച്ചവരുടെ പരമ്പരയില്‍ പെട്ട തഖിയുദ്ദീന്‍ മലൈബാരി.
ഉമര്‍കുട്ടി മുസ്‌ലിയാര്‍ മലൈബാരി

1940കളില്‍ ഹജ്ജ് നിര്‍വഹിക്കാനായി പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കൊക്കാടന്‍പറമ്പ് ഉമര്‍കുട്ടി മുസ്‌ലിയാര്‍ മലൈബാരി ആലപ്പുഴ ആറാട്ടുപുഴയില്‍ നിന്ന് മൂന്നരമാസം യാത്രചെയ്ത് മക്കയിലെത്തി. ഇദ്ദേഹത്തിന്റെ മകനാണ് തഖിയുദ്ദീന്‍ ഉമര്‍ അലി മലൈബാരി. കപ്പലിലും ഒട്ടകപ്പുറത്തും കാല്‍നടയായും ഏറെ ത്യാഗങ്ങള്‍ സഹിച്ച് യാത്രചെയ്തു മക്കയിലെത്തിയ ഉമര്‍കുട്ടി മുസ്‌ലിയാര്‍ ദൈവനിശ്ചയമെന്നോണം മക്കയില്‍ തന്നെ തുടരുകയായിരുന്നു. ഹജ്ജിനു ശേഷം പ്രദേശവാസിയുടെ വീട്ടില്‍ ജോലി ലഭിച്ചു. പിന്നെ മടങ്ങിപ്പോയില്ല. ഇതിനിടെയാണ് വീട്ടുടമസ്ഥന്റെ നിര്‍ബന്ധം മൂലം ഭാര്യയെയും തഖിയുദ്ദീന്‍ ഉമര്‍ എന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയും കപ്പലില്‍ ഹജ്ജിന് എത്തിച്ചത്. ആ വീട്ടില്‍ തന്നെ താമസിക്കാനുള്ള സൗകര്യം നല്‍കിയതോടെ ജീവിതം മലബാറില്‍ നിന്ന് മക്കയില്‍ പറിച്ചുനടപ്പെടുകയായിരുന്നു. ഒടുവില്‍ ഉമര്‍കുട്ടി മുസ്‌ലിയാര്‍ മക്കയില്‍ ദീര്‍ഘകാലം ജോലിചെയ്തുവരവെ സഊദി പൗരത്വം ലഭിക്കുകയും കുടുംബവുമായി അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു.
മലയാളിയെന്നതില്‍ അഭിമാനം

തഖിയുദ്ദീന്‍ മലൈബാരി മക്കയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഈജിപ്തില്‍ നിന്നും ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിരുദം നേടി. ശേഷം സഊദി ഇലക്ട്രിസിറ്റി കമ്പനിയില്‍ 30 വര്‍ഷം ഉദ്യോഗസ്ഥനായിരുന്നു. കമ്പനിയുടെ മക്ക പവര്‍ സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററായി 2006ല്‍ ജോലിയില്‍ നിന്നും വിരമിച്ചു വിശ്രമജീവിതം നയിക്കുന്നതിടെയാണ് മരണം. ഈ കാലത്തിനിടയ്ക്ക് മക്കയിലെ ജീവിതം അവിടെയുള്ള തനത് അറബ് കുടുംബത്തെ പോലെ ആയിത്തീര്‍ന്നിരുന്നു. മുക്കാല്‍ നൂറ്റാണ്ടിനിടെയുണ്ടായ മക്കയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കും വികസനങ്ങള്‍ക്കും ഈ കുടുംബം സാക്ഷിയായി. തഖിയുദ്ദീന്‍ മലൈബാരി ഇക്കാര്യം പലപ്പോഴും പച്ചമലയാളത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറബ് ജീവിതമായിരുന്നിട്ടും കേരളക്കരയില്‍ ജനിച്ചു വളര്‍ന്നവരെപോലെ അദ്ദേഹം ഒഴുക്കോടെ മലയാളം സംസാരിക്കുന്നത് ആരെയും ആശ്ചര്യപ്പെടുത്തുമായിരുന്നു. മലയാളം തന്റെ മാതൃഭാഷയാണെന്ന് പറയുകയും തങ്ങളോട് മലയാളത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് മക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.

കഅ്ബാ മുറ്റത്തെ ജീവിതം

മക്കയില്‍ ചെറുപ്പത്തില്‍ തന്നെ എത്തിയതോടെ കളിച്ചുവളര്‍ന്നതും ജീവിച്ചതും വിശുദ്ധ കഅ്ബയുടെ തിരുമുറ്റത്തായിരുന്നുവെന്ന് തഖിയുദ്ദീന്‍ മലൈബാരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്ന് വിശുദ്ധ കഅ്ബയ്ക്ക് ചുറ്റുമായിരുന്നു ജീവിതം. 'കഅ്ബയിലെ റാന്തല്‍ വെളിച്ചത്തിലെ സുബ്ഹി നിസ്‌കാരത്തോടെ തുടങ്ങുന്നു എല്ലാ ദിനങ്ങളും. ഹറമിന് ചുറ്റും നിരവധി വീടുകള്‍. കളിയും പഠനവുമെല്ലാം ഹറമില്‍ തന്നെ. അന്നത്തെ കാലത്ത് ഹറമില്‍ നാല് മഖാമുകള്‍ ഉണ്ടായിരുന്നു. മഖാമു ശാഫിഈ, മഖാമു ഹനഫീ, മഖാമു ഹമ്പലീ, മഖാമു മാലികി എന്നിങ്ങനെ. സംസം കിണറിന്റെ മുകളിലായിരുന്നു ശാഫിഈ മഖാം. സംസം കിണറില്‍ നിന്ന് തൊട്ടി ഉപയോഗിച്ച് വെള്ളം മുക്കിയെടുക്കും. അത് മതിയാവോളം കുടിക്കും. കുട്ടിക്കാലം മുതല്‍ സംസം വെള്ളത്തിന്റെ അളവ് കുറയുകയോ കൂടുകയോ ചെയ്തില്ല- അദ്ദേഹം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഒരു ഹജ്ജ് കാലത്ത് കഅ്ബയില്‍ വെള്ളം കയറിയതും ആളുകള്‍ നീന്തി ത്വവാഫ് ചെയ്തതും നേരില്‍ കാണാനിടയായ വ്യക്തികൂടിയായിരുന്നു തഖിയുദ്ദീന്‍. 1979ല്‍ ഹറം പള്ളി ജുഹൈമിന്‍ അല്‍ ഉതൈബിയുടെ നേതൃത്വത്തില്‍ ഒരുസംഘം ആയുധധാരികള്‍ പിടിച്ചെടുക്കുകയും രണ്ടാഴ്ചക്കാലം ഉപരോധിക്കുകയും ചെയ്തത് നേരിട്ട് കാണാനിടയായ അപൂര്‍വ മലയാളിയായിരുന്നു മലൈബാരി. 'അന്ന് ഹറമിലെ വാതിലുകള്‍ മുഴുവന്‍ അടച്ചു. എന്റെ ജീവിതത്തില്‍ ഇതുവരെ അങ്ങനെ കണ്ടിട്ടില്ല. അപ്പോള്‍ തന്നെ ആശ്ചര്യം തോന്നി. ഒരു വാതിലില്‍ നോക്കുമ്പോള്‍ ചങ്ങല ഉപയോഗിച്ച് അടച്ചിരിക്കുന്നു. അത് മെല്ലെ തള്ളിയപ്പോള്‍ വിടവ് കിട്ടി. അകത്തേക്ക് കയറി. അപ്പോള്‍ മൂന്നുപേര്‍ മുകളില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടു. അതില്‍ ഒരാളുടെ കൈയില്‍ വലിയൊരു തോക്കുണ്ട്. മറ്റൊരാളുടെ കൈയില്‍ മറ്റൊരു തോക്കും. അയാള്‍ മുകളിലേക്ക് വെടിവെച്ചു. ശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി. പെട്ടെന്ന് വാതിലിനു അടുത്തേക്ക് എത്തിയതുകൊണ്ട് രക്ഷപ്പെട്ടു. അപ്പോഴാണ് ഹറം പള്ളി പിടിച്ചെടുത്തുവെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ജോലിചെയ്യുന്ന വൈദ്യുതകേന്ദ്രത്തില്‍ എത്തി വൈദ്യുതി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. അപ്പോഴേക്ക് മുകളില്‍ നിന്നും നിര്‍ദേശങ്ങള്‍ എത്തിയിരുന്നു'- ആ ദാരുണ സംഭവത്തെ തഖിയുദ്ദീന്‍ മലൈബാരി ഓര്‍ത്തെടുത്തത് ഇങ്ങനെ. ഇതിന് ശേഷമാണ് ഹറമിന്റെ മുഖം ആകെ മാറിയതും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയതും.

കുടുംബം

മക്ക ശാര മന്‍സൂരിനടുത്താണ് മലൈബാരി കുടുംബത്തിന്റെ താമസം. ഭാര്യ റുഖിയ ബീഗം ആലുവ കാലടി സ്വദേശിനിയാണ്. റിയാദില്‍ ഡെന്റല്‍ സര്‍ജനായ ഡോ. ഫാഇസ്, ദമ്മാമില്‍ ഡെന്റിസ്റ്റായ ഡോ. ഫിര്‍ദൗസ് എന്നിവരാണ് മക്കള്‍. ലോകപ്രശസ്ത റേഡിയോഗ്രാഫറായ താജുദ്ദീന്‍, സഊദി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ്, ഫാര്‍മസി രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുല്ല എന്നിങ്ങനെ മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. ഇവരെല്ലാം സഊദി പൗരത്വം എടുത്തിരുന്നെങ്കിലും കേരളത്തോടുള്ള തന്റെ അടുപ്പം നിലനിര്‍ത്തി തഖിയുദ്ദീന്‍ മലൈബാരി സഊദി പൗരത്വം സ്വീകരിച്ചിരുന്നില്ല. കേരളത്തില്‍ നിന്ന് ഹജ്ജിനെത്തിയിരുന്ന ആദ്യകാല തീര്‍ത്ഥാടകരുടെ താമസം, ഭക്ഷണം തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും സേവനത്തിനുണ്ടായിരുന്നയാളാണ് തഖിയുദ്ദീന്‍ മലൈബാരി.
ഇദ്ദേഹം ഉള്‍പ്പെടുന്ന മക്കയിലെയും പരിസരപ്രദേശങ്ങളിലെയും മലബാരി സഊദി പൗരന്മാരെ ഈയിടെ ജിദ്ദയിലെ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റ് എന്ന സംഘടന ജിദ്ദ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ കോണ്‍സുലേറ്റ് അങ്കണത്തില്‍വെച്ച് ആദരിച്ചിരുന്നു. തഖിയുദ്ദീന്‍ ഉമര്‍ മലബാരിയുടെ മരണത്തോടെ കേരളത്തില്‍ നിന്നും സഊദിയില്‍ വേരോട്ടമുള്ള പഴയ തലമുറയിലെ ഒരു കണ്ണിയാണ് അടര്‍ന്നുവീണതെന്നും ഇത് മലയാളികളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും ജിദ്ദയിലെ പഴയകാല പ്രവാസികള്‍ അനുസ്മരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago