ലോകായുക്തക്കെതിരെ ആക്ഷേപം: കെ.ടി ജലീലിനെതിരേ പ്രതിപക്ഷം; ജസ്റ്റിസിനെ നിയമിച്ചത് പിണറായി; ആ കണക്ക് യു.ഡി.എഫ് ചെലവില്‍ വേണ്ട
തിരുവനന്തപുരം: ലോകായുക്തക്കെതിരെ ഗുരുതര ആക്ഷേപവുമായി രംഗത്തെത്തിയ കെ.ടി ജലീലിനെതിരേ രമേശ് ചെന്നിത്തലയും വി.ഡി സതീശനും. ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യവെല്ലുവിളിയാണിതെന്നും കെ.ടി ജലീല്‍ സര്‍ക്കാറിന്റെ ചാവേറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത്. കോണ്‍ഗ്രസാണ് ലോകായുക്തക്ക് പിന്നില്ലെന്നുപറയുമ്പോഴും സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണെന്ന കാര്യം ജലീല്‍ മറന്നുപോകുന്നു.
ലോകായുക്ത ഓര്‍ഡിനന്‍സിനെ ചൊല്ലിയുള്ള പുതിയ വിവാദത്തിനിടെയാണ് ജലീലിന്റെ ഒളിയമ്പ്.
കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച മാന്യനെ പന്തീരാണ്ട് കാലം ഇരുത്തി എല്‍.ഡി.എഫ് സര്‍ക്കാറിനെ അസ്തിരപ്പെടുത്താനാണ് യു.ഡി.എഫ് പടപ്പുറപ്പാടെന്നാണ് ജലീലിന്റെ കുറ്റപ്പെടുത്തല്‍.
അതേ സമയം ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടത് നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സാംസ്‌കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
അതേ സമയം ചെന്നിത്തലയുടേയും വി.ഡി സതീശന്റേയും വിമര്‍ശനത്തിന് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായാണ് കെ.ടി.ജലീലിന്റെ മറുപടി. ജസ്റ്റിസ് സിറിയക് ജോസഫിന്റെ പഴയ വിധി പകര്‍പ്പാണ് ജലീല്‍ പങ്കുവച്ചിരിക്കുന്നത്.
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനും മുന്‍ പ്രതിപക്ഷ നേതാവിനും സമര്‍പ്പിക്കുന്നു. ശ്രദ്ധിച്ച് വായിച്ച് മറുപടി പറഞ്ഞാല്‍ നന്നാകും. രമേശ്ജി, നിയമനം നടത്തുമ്പോള്‍ ചൂഴ്ന്ന് നോക്കാന്‍ ചക്കയല്ലല്ലോ എന്നും ജലീല്‍ പോസ്റ്റില്‍ പരിഹസിക്കുന്നുണ്ട്.
2005 ജനുവരി 25-ന് പുറത്ത് വന്ന വിധിയുടെ കോപ്പിയും 2004 നവംബര്‍ 14-ന് സിറിയക് ജോസഫിന്റെ സഹോദരഭാര്യ വി.സി പദവി ഏറ്റെടുത്തതിന്റേയും രേഖയുമാണ് ജലീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐസ്‌ക്രീം കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി പുറപ്പെടുവിച്ച ഡിവിഷന്‍ ബെഞ്ചില്‍ സിറിയക് ജോസഫുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."