HOME
DETAILS
MAL
മണൽകാട്ടിലൊരു മലപ്പുറം വിജയഗാഥ
backup
January 30 2022 | 16:01 PM
ചുട്ടുപൊള്ളുന്ന മണല്ക്കാട്ടില് കഠിനാധ്വാനത്തിലൂടെ പച്ചവിരിച്ച് വിസ്മയം തീര്ത്തിരിക്കുകയാണ് തിരുനാവായക്കടുത്ത കുണ്ടിലങ്ങാടി കായല്മഠത്തില് സെയ്താലിക്കുട്ടി. ഖത്തറിലെ വുകൈറയില് സെയ്താലിക്കുട്ടി നട്ടുവളര്ത്തുന്ന കൃഷിയിടത്തിലെത്തുമ്പോള് മരുഭൂമിയിലാണെന്ന കാര്യം നാം മറന്നുപോകും. കേരളത്തിലെ ഏതോ ഗ്രാമത്തിലെ കൃഷിയിടത്തിലെത്തിയ പ്രതീതിയാണ് അവിടെ നമുക്ക് അനുഭവപ്പെടുക. അത്രക്കും പച്ചപ്പ് നിറഞ്ഞ കൃഷിയിടത്തില് വിളയുന്നത് നിരവധി വിഭവങ്ങളാണ്. മരുഭൂമിയെ മലര്വാടിയാക്കാന് ഖത്തറില് ബിസിനസുകാരനായ സെയ്താലിക്കുട്ടി നടത്തുന്ന ശ്രമങ്ങള് ഏവര്ക്കും മാതൃകയാണ്.
തുടക്കം വീട്ടാവശ്യങ്ങള്ക്കു വേണ്ടി
കര്ഷക കുടുംബത്തില് ജനിച്ചുവളര്ന്ന സെയ്താലിക്കുട്ടി ചെറുപ്പം മുതലേ കൃഷിയോട് താല്പര്യമുള്ളയാളായിരുന്നു. ചെറുപ്പത്തില് തന്നെ പ്രവാസിയായി ഖത്തറിലെത്തിയ സെയ്താലിക്കുട്ടിക്ക് കൃഷിയോടും മണ്ണിനോടുമുള്ള സ്‌നേഹവും ആവേശവും മാറ്റിവയ്ക്കാന് സാധിക്കുമായിരുന്നില്ല. കാരണം അത് തലമുറകളായി കൈമാറി ലഭിച്ചതാണ്. ആദ്യം വുഖൈറയിലെ താമസസ്ഥലത്തോട് ചേര്ന്നുള്ള ഇത്തിരി സ്ഥലത്ത് സൈതാലിക്കുട്ടി ചെറിയ വിളകള് നട്ട് പരിചരിക്കാന് ആരംഭിച്ചു. ചെറിയ പരിചരണം ലഭിച്ചപ്പോള് തന്നെ വിളകള് തഴച്ചുവളര്ന്നതോടെയാണ് കൃഷി ആദ്യം വീട്ടാവശ്യങ്ങള്ക്കുവേണ്ടിയും പിന്നീട് വ്യാപകമായ ജൈവകൃഷിയിലേക്കും വഴിമാറിയത്. വീടിന് ചുറ്റും പച്ചപ്പ് പരത്തിയത് സ്‌പോണ്സറുടെ മനം കവര്ന്നു. താമസസ്ഥലത്തിനു ചുറ്റുമുള്ള രണ്ടേക്കര് തരിശുഭൂമിയാണ് സെയ്താലിക്കുട്ടി തന്റെ വിളനിലമാക്കി മാറ്റിയെടുത്തത്. കഴിഞ്ഞ 40 വര്ഷമായി കൃഷിയില് സജീവമായി സെയ്താലിക്കുട്ടി മരുഭൂമിയിലുണ്ട്. വര്ഷത്തിലുടനീളം ഇദ്ദേഹത്തിന്റെ കൃഷിയിടം സജീവമാണ്. ഓരോ വര്ഷവും കൃഷിയിടത്തില് പുതിയ പരീക്ഷണങ്ങള് നടത്തിയാണ് നിലവിലെ സമൃദ്ധിയിലേക്ക് കൃഷികളെ മാറ്റിയെടുക്കാനായത്. ജൈവവളങ്ങള് മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
രഹസ്യം ഇതാണ്
കൃഷിയോടുള്ള താല്പര്യവും കൃത്യമായ ജലസേചനവും യഥാസമയത്തുള്ള പരിപാലനവുമാണ് പ്രവാസ ഭൂമിയിലും കാര്ഷിക സ്വയംപര്യപ്തതയിലെത്താന് സെയ്താലിക്കുട്ടിക്ക് സഹായകമായത്. സീസണെത്തുമ്പോള് കൃഷിയിടത്തില് ആവശ്യമായ മുന്നൊരുക്കങ്ങള് നടത്തും. പുതിയ പരീക്ഷണങ്ങള് നടത്താനുള്ള മനസ്സും കൃഷിയുടെ വളര്ച്ചയ്ക്ക് സഹായകമാണ്. ഗോതമ്പ് കൃഷി ആരംഭിച്ചത് അത്തരത്തിലൊരു പരീക്ഷണത്തെ തുടര്ന്നായിരുന്നു. ആടുകള്ക്ക് തീറ്റ നല്കാനായി വിതറിയ തവിടിലെ ഗോതമ്പ് നല്ല രീതിയില് വളരുന്നത് കണ്ടപ്പോഴാണ് ഗോതമ്പ് കൃഷിയിലേക്ക് നീങ്ങിയതെന്ന് സെയ്താലിക്കുട്ടി പറഞ്ഞു. ആട്, കോഴി കൃഷികള് കൂടി നടത്തുന്നത് ജൈവവളം ലഭിക്കാന് വഴിയൊരുക്കുന്നുണ്ട്. 44 വര്ഷമായി ഒരേ അറബിയുടെ കീഴില് ജോലി ചെയ്തുവരുന്ന സെയ്താലിക്കുട്ടിക്ക് അവരുടെ പ്രോത്സാഹനവും കൃഷിയില് തുണയാകുന്നു.
കുടുംബ വിജയം
സെയ്താലിക്കുട്ടിയെ കൂടാതെ സഹോദരങ്ങളായ അലി കായല്മഠത്തില്, യൂസുഫ് കായല്മഠത്തില്, മരുമകന് അബ്ദുല്ലക്കുട്ടി എന്ന മാനു, കുടുംബാംഗങ്ങളായ അബ്ദുല് നാസര്, അബ്ദുല് റസാഖ്, മുഹമ്മദ് ശരീഫ്, സഹോദരി പുത്രനായ നൗഫല് കുറ്റൂര് എന്നിവരുടെയും കൂട്ടായ പരിശ്രമമാണ് മരുഭൂമിയെ സ്വര്ഗമാക്കി മാറ്റാന് സഹായിക്കുന്നത്. സെയ്താലിക്കുട്ടി നാട്ടിലായിരിക്കുമ്പോള് വലിയ സഹോദരന് അലിയാണ് കൃഷിയുടെ മേല്നോട്ടം വഹിക്കുന്നത്. വിളവെടുപ്പിന്റെ കൃത്യമായ വിവരണങ്ങള് ചിത്രങ്ങള് സഹിതം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ നൗഫല് കുറ്റൂര് പുറത്തെത്തിക്കുമ്പോള് അത് കണ്ടും കേട്ടറിഞ്ഞും നിരവധിപേരാണ് വിഷരഹിത പച്ചക്കറി വാങ്ങാനും കണ്ടാസ്വദിക്കാനുമായി ഇവിടേക്കെത്തുന്നത്. കൂടാതെ ആവശ്യക്കാര്ക്ക് താറാവും കോഴിയും കാടയും അവയുടെ മുട്ടയുമെല്ലാം ഇവര് നല്കിവരുന്നുണ്ട്. അക്കാര്യങ്ങള് നോക്കിനടത്തുന്നത് ഇളയ സഹോദരന് യൂസുഫാണ്.
അനുകൂല കാലാവസ്ഥ
കൃഷിയില് നിന്ന് കിട്ടുന്ന സുഖവും വിളവില് കിട്ടുന്ന സന്തോഷവും പറഞ്ഞറിയിക്കാന് കഴിയാത്തതാണ്. പ്രവാസജിവിതത്തിന്റെ ആകുലതകള് മറികടക്കാന് കൃഷിക്ക് കഴിയുമെന്ന് സെയ്താലിക്കുട്ടി പറയുന്നു. അവധിക്കാലത്ത് നാട്ടിലും കൃഷി ചെയ്യാറുണ്ട്. ഇത്ര വിപുലമായി ചെയ്യാറില്ല. നാട്ടില് കീടങ്ങളുടെ ആക്രമണം കൂടുതലാണ്. പൂര്ണമായും ജൈവികരീതിയില് കൃഷി ചെയ്യാനും പരിമിതികളുണ്ട്. ഗള്ഫിലെ മണ്ണും കാലാവസ്ഥയും മരുഭൂമിയില് പൊന്ന് വിളയിക്കാന് അനുയോജ്യമാണ്. ഈര്പ്പമുള്ള ഇവിടുത്തെ കാലാവസ്ഥ കീടാക്രമണങ്ങളില് നിന്ന് വിളകളെ സംരക്ഷിക്കാനും മികച്ച വിളവ് ലഭിക്കാനും സഹായകമാണെന്നും സെയ്താലിക്കുട്ടി പറയുന്നു.
പച്ചക്കറികള് മുതല് താറാവു വരെ
വിശാലമായ തക്കാളിത്തോട്ടം, അവയോട് ചേര്ന്ന് വിവിധ തരം ചെറുനാരങ്ങ മരങ്ങള്, പേരക്ക മരങ്ങള്, വിളഞ്ഞുനില്ക്കുന്ന റുമ്മാന് മരങ്ങള് തുടങ്ങിയവ തോട്ടത്തിന് അലങ്കാരമായി നില്ക്കുന്നു. നമ്മുടെ പ്രിയപ്പെട്ട മത്തനും കുമ്പളവും ചിരങ്ങയും തുടങ്ങി ഇലവര്ഗങ്ങളായ വ്യത്യസ്തയിനം ചീരകള്, ചേമ്പ്, ജര്ജില്, ലെറ്റൂസ്, മല്ലി, പുതിന, തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളില് വിളയുന്ന കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, നാട്ടിലെ സുലഭ വിഭവങ്ങളായ വെണ്ട, ബീന്സ്, പയര്, പടവലം, പാവയ്ക്ക, സവാള, കക്കിരി, വഴുതന, വിവിധയിനം മുളകുകള് തുടങ്ങിയവയെല്ലാം കാലാവസ്ഥയ്ക്കനുസരിച്ച് സെയ്താലിക്കുട്ടിയുടെ തോട്ടത്തിലെത്തില് ലഭിക്കും. വിവിധ തരത്തിലുള്ള ഉള്ളികളാണ് മറ്റൊരു പ്രധാന വിഭവം. അറബികള് സലാഡിന് ഉപയോഗിക്കുന്ന വെളുത്തുള്ളിയും ചുവന്നഉള്ളിയും തോട്ടത്തില് നന്നായി വളരുന്നുണ്ട്. റോബസ്റ്റ് വാഴയും കപ്പയുമൊക്കെ കൃഷിചെയ്യാറുണ്ട്. പഴവര്ഗങ്ങളായ തണ്ണിമത്തനും ശമാമും കൃഷിയിടത്തെ കൂടുതല് സമ്പന്നമാക്കുന്നു. കൂടാതെ ഇവര് നട്ടുവളര്ത്തിയ വിവിധയിനം മുന്തിയ ഈന്തപ്പനകളും കൃഷിയിടത്തിന് കാവലും അലങ്കാരവുമായി തോട്ടത്തില് തലയുയര്ത്തി നില്ക്കുന്നുണ്ട്. കാട മുട്ട മുതല് കോഴിയും താറാവും വരെ ഇവിടെ സുലഭമാണ്. നിത്യവും 60 കോഴിമുട്ടയും താറാവുമുട്ടയും ലഭിക്കും. ശുദ്ധമായ ആട്ടിന്പാലും നാടന് കോഴിമുട്ടയും ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.
കൃഷിയൊരുക്കുന്നതെങ്ങനെ?
മണ്ണൊരുക്കി ആട്ടിന്കാഷ്ഠവും ചാണകപ്പൊടിയുമടങ്ങിയ ജൈവവളം ചേര്ത്ത് കൃത്യമായ ഇടവേളകളില് വിളകള്ക്കനുസരിച്ച് നനച്ചും ക്ഷമയോടെ പരിചരിച്ചുമാണ് സെയ്താലിക്കുട്ടിയും കുടുംബവും മരുഭൂമിയില് മാതൃക തീര്ക്കുന്നത്. ഗോതമ്പ് കൃഷിക്ക് ഉപ്പുവെള്ളം ഉപയോഗിക്കാറുണ്ട്. പച്ചക്കറിക്ക് പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ഉപ്പ് കൂടിയ വെള്ളം പച്ചക്കറിക്ക് ഉപയോഗിക്കുന്നത് വിളവ് കുറയാന് കാരണമാകും. ഉപ്പ് വെള്ളം മിക്‌സായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മിക്കവാറും വിത്തുകളൊക്കെ ഖത്തറില് നിന്ന് തന്നെയാണ് വാങ്ങുന്നത്. ചിലപ്പോള് നാട്ടില് നിന്ന് കൊണ്ടുവരുകയും ചെയ്യും. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നതാണ് കൂടുതല് കൃഷിയിറക്കാന് പ്രോത്സാഹനമെന്ന് സെയ്താലിക്കുട്ടി പറയുന്നു. ഇതിനകം ജൈവകൃഷിയിലെ വിജയകഥ കേട്ടറിഞ്ഞ് നിരവധിപേരാണ് പ്രോത്സാഹനങ്ങളുമായി ഇവരെ തേടിയെത്തിയത്. മനസ് വെച്ചാല് അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായ കൃഷിചെയ്യാമെന്ന് അദ്ദേഹം പറയുന്നു. മരുഭൂമിയില് കൃഷി ചെയ്യുക ശ്രമകരമായ ജോലിയാണ്. മണ്ണൊരുക്കിയും വളംചേര്ത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കില് നല്ല ക്ഷമയും കൃഷിയോട് താല്പര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്നതിനെക്കുറിച്ചും എന്തൊക്കെ മുന്കരുതലുകള് എടുക്കണമെന്നതിനെക്കുറിച്ചും നല്ല ധാരണ വേണം. നിരന്തരമായ പരിശ്രമംകൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവകൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി മാറിയത്. അല്പം ശ്രദ്ധിച്ചാല് നാട്ടിലേതിലും എളുപ്പം കൃഷിയിറക്കാനും കൂടുതല് വിളവുണ്ടാക്കാനും മരുഭൂമിയാണ് നല്ലതെന്നാണ് സെയ്താലിക്കുട്ടിയുടെ കാഴ്ചപ്പാട്. ഒരുപാട് പ്രവാസി കുടുംബങ്ങള് കൃഷി അറിവുകള്ക്കും വിത്തുകള്ക്കും സമീപിക്കാറുണ്ടെന്ന് സെയ്താലിക്കുട്ടി പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."