നീളം കുറക്കുന്നത് നവീകരണമടക്കം പൂർത്തിയാക്കിയ രാജ്യത്തെ മികച്ച റൺവേകളിലൊന്ന്
അശ്‌റഫ് കൊണ്ടോട്ടി
കരിപ്പൂർ
കരിപ്പൂരിൽ നീളം കുറയ്ക്കുന്നത് ഭാരവാഹകശേഷി അടക്കം ഉയർത്തി മൂന്ന് വർഷം മുമ്പ് നവീകരിച്ച രാജ്യത്തെ മികച്ച റൺവേകളിലൊന്ന്. 65 കോടി മുടക്കിയാണ് മൂന്ന് വർഷം മുമ്പ് എയർപോർട്ട് അതോറിറ്റി നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്.
വിമാനങ്ങൾ വന്നിറങ്ങി ബലക്ഷയം ഉണ്ടായ 400 മീറ്റർ റൺവേ ഭാഗം പൊളിച്ചുമാറ്റിയും ശേഷിക്കുന്ന സ്ഥലം ടാറിങ് നടത്തിയുമാണ് കരിപ്പൂർ റൺവേ നവീകരിച്ചത്. രണ്ട് പാളികളായുളള ടാറിങ് പൂർത്തിയായതിന് ശേഷമാണ് റൺവേ മുഴുവൻ ഉപയോഗിക്കാനായി തുറന്ന് നൽകിയത്. ലാൻഡിങ്ങിനിടെ റൺവേയ്ക്ക് താങ്ങാനാവുന്ന വിമാനത്തിന്റെ ഒരു ചക്രത്തിന്റെ ഭാരത്തെ സൂചിപ്പിക്കുന്ന പി.സി.എൻ(പേവ്‌മെൻറ് ക്ലാസിഫിക്കേഷൻ നമ്പർ) 55ൽ നിന്ന് 71 ആക്കിയാണ് കരിപ്പൂർ റൺവേ നവീകരിച്ചത്. ഇതോടൊപ്പം ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള യൂറോപ്പ്യൻ ലൈറ്റിങ് സംവിധാനവും സ്ഥാപിച്ചിരുന്നു.
ഈ റൺവേയാണ് നിലവിൽ നീളം കുറക്കുന്നത്. 2,860 മീറ്റർ നീളമാണ് കരിപ്പൂർ റൺവേക്കുള്ളത്. 2015ൽ റൺവേ റീ-കാർപ്പറ്റിങ് നടത്തിയപ്പോഴാണ് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ)90 മീറ്ററായി വർധിപ്പിച്ചത്. ഇതോടെ റൺവേ നീളം 2,700 മീറ്റർ ആയി. വിമാനങ്ങൾ തെന്നിമാറിയുള്ള അപകടം ഒഴിവക്കാൻ റൺവേയുടെ രണ്ടറ്റത്തും ഉള്ള ചതുപ്പുപോലുള്ള പ്രദേശമാണിത്. റിസ 240 മീറ്ററാക്കണമെന്നാണ് നിലവിലെ നിർദേശം. ഇതോടെ റൺവേ നീളം 2,540 മീറ്ററായി ചുരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."