തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലാണെന്ന് സ്പീക്കർ എം.ബി രാജേഷ്. മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടി അതു കൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റമായി കണക്കാക്കണം.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട നീക്കങ്ങൾ ശക്തിപ്പെട്ടിട്ടുണ്ട്. ആ ഭരണകൂട നീക്കങ്ങൾ ജനാധിപത്യത്തിന് ആഘാതമേൽപ്പിക്കുന്നവയാണ്.
മാധ്യമങ്ങളെ പ്രലോഭനവും സമ്മർദവും ഭീഷണിയും ഉപയോഗിച്ച് വരുതിയിലാക്കാനുള്ള ശ്രമങ്ങളും നിരന്തരമായും ആസൂത്രിതമായും നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും എം.ബി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.