ഡോളര്‍ കടത്ത് കേസ്: സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: വിദേശ ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടിസ് നല്‍കാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം.
സ്പീക്കറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം സ്പീക്കര്‍ക്കെതിരെയുള്ള പ്രതികളുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്പീക്കര്‍ക്കായുള്ള ചോദ്യാവലിയടക്കം തയ്യാറാക്കിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി. കേസില്‍ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. എന്നാല്‍ അതേ സമയം നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.
കൂടാതെ സ്വപ്നയുടേയും സരിത്തിന്റേും മൊഴിയും സ്പീക്കര്‍ക്കെതിരായ തെളിവാണെന്ന് കസ്റ്റംസ് പറയുന്നു.
ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്പീക്കര്‍ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാര്‍ഡ് എടുക്കുമ്പോള്‍ തന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടാണ് നാസിന്റെ പേരിലുള്ള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തതെന്നുമാണ് സ്പീക്കര്‍ അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളെ താന്‍ വിളിച്ചിട്ടുണ്ടാകാമെന്നുമായിരുന്നു അദ്ദേഹത്തിന്രെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."