'തമാശക്ക് ന്യായീകരണം ആവശ്യമില്ല'- കോടതിക്കു മുന്നില്‍ മാപ്പു പറയാതെ കുനാല്‍ കമ്ര
ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി അയച്ച നോട്ടിസിന് മറുപടി നല്‍കി സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ക്ഷമാപണം നടത്തില്ലെന്നു വ്യക്തമാക്കുന്നതാണ് മറുപടി.
കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്നും എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രസക്തമെന്ന് വിശ്വസിക്കുന്ന വിഷയങ്ങളില്‍ കോടതിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇടപെടലുണ്ടാക്കാന്‍ പ്രേരിപ്പിക്കാനും വേണ്ടി ആയിരുന്നു എന്നും അദ്ദേഹം തന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു. തമാശകള്‍ക്ക് ന്യായീകരണം ആവശ്യമില്ല, കൊമേഡിയന്റെ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജുഡീഷ്യറിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയല്ല തന്റെ ട്വിറ്റുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജുഡീഷ്യറിയിലെ പൊതുജനവിശ്വാസം ഒരു വിമര്‍ശനത്തിലൂടെയോ അഭിപ്രായപ്രകടനത്തിലൂടെയോ തകര്‍ക്കാന്‍ കഴിയില്ലെന്നും കോടതിയുടെ സ്വന്തം നടപടികളിലൂടെ മാത്രമേ അങ്ങനെയുണ്ടാകുള്ളൂവെന്നും കമ്ര ചൂണ്ടിക്കാട്ടി.
ട്വീറ്റുകളിലൂടെ സുപ്രിംകോടതിയെ അപമാനിച്ചെന്നാരോപിച്ചാണ് കമ്രക്കെതിരെ കോടതി കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചിരുന്നത്. ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ചായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ അഭിഭാഷകരുള്‍പ്പെടെ എട്ടുപേര്‍ കേസ് നല്‍കി. തുടര്‍ന്നാണ് കുനാല്‍ കമ്രക്കെതിരെ കഴിഞ്ഞ വര്‍ഷം കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് നോട്ടിസ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."