കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചും പ്രതിഷേധത്തെ വിമര്‍ശിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എന്നാല്‍, കര്‍ഷക സമരത്തെ പിന്തുണച്ച് 19 രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു.
പുതിയ കാര്‍ഷിക നിയമങ്ങളെ ന്യായീകരിക്കുന്നതായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അതോടൊപ്പം പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ വിമര്‍ശനവും അദ്ദേഹം അഴിച്ചു വിട്ടു.
നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ സംവിധാനങ്ങളും അവകാശങ്ങളും നല്‍കുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിലവിലുള്ള അവകാശങ്ങള്‍ പുതിയ നിയമങ്ങള്‍ ഇല്ലാതാക്കുന്നില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങള്‍ ഉണ്ടായി. റിപ്പബ്ലിക് ദിനത്തെയും ദേശീയ പതാകയെയും അപമാനിച്ചു. അഭിപ്രായം സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന, രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും ഗൗരവത്തോടെ പിന്തുടരണമെന്നും വിവരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ കൊവിഡ് വാക്‌സിനേയും രാഷ്ട്രപതി വാനോളം പുകഴ്ത്തി.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് പരിപാടി ഇന്ത്യ നടത്തുന്നത് അഭിമാനകരമാണെന്നു പറഞ്ഞ അദ്ദേഹം ഈ പ്രതിരോധ പദ്ധതിയിലെ രണ്ട് വാക്‌സിനുകളും ഇന്ത്യയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
'ഈ പ്രതിസന്ധിയില്‍ മനുഷ്യരാശിയോടുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുകയും നിരവധി രാജ്യങ്ങള്‍ക്ക് പ്രതിരോധ മരുന്ന് കൈമാറുകയും ചെയ്തു.
സ്വയംപര്യാപ്ത ഇന്ത്യ എന്നതാണ് നമ്മുടെ മുദ്രാവാക്യം. ഒരുമയാണ് ഇന്ത്യയുടെ ശക്തി. കൊവിഡിനെയും പ്രകൃതി ദുരന്തങ്ങളെയും രാജ്യം ശക്തമായി നേരിട്ടു. ലോക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും ട്രെയിനുകളും ഉറപ്പാക്കി. 80 കോടി ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം നല്‍കിയെന്നും മടങ്ങിവന്ന തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴില്‍ ഉറപ്പാക്കിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."