കേന്ദ്ര ബജറ്റ് ഇന്ന്; സാമ്പത്തിക ഉത്തേജന പാക്കേജുകളുണ്ടാകുമോ ?
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റ് ഇന്ന്. ചൊവ്വാഴ്ച രാവിലെ 11-ന് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാകും.
സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ മാന്ദ്യത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം കരകയറിയതിന് ശേഷം ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 2019 ലെ നിലവാരത്തിനപ്പുറമുള്ള വളര്‍ച്ച ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പ്രധാനമായും അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജിത സ്വകാര്യവല്‍ക്കരണം, വിഭവസമാഹരണം എന്നിവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കിയേക്കും.
നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജി ഡി പി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബജറ്റ് അവതരിപ്പിയ്ക്കുക. കാര്‍ഷിക മേഖലയ്ക്ക് 3.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. വ്യവസായ മേഖല 11.8 ശതമാനം വളര്‍ച്ച നേടും.
ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ചൊവ്വാഴ്ചയിലെ സഭാ കാര്യപരിപാടിയിലില്ല. ബജറ്റ് അവതരിപ്പിച്ചശേഷം സഭ ബുധനാഴ്ച രാവിലെയാണ് പിരിയുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ബുധനാഴ്ച ആരംഭിച്ച് നാല് ദിവസം നീണ്ടുനില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടിയ്ക്ക് ശേഷം ബജറ്റ് ചര്‍ച്ചയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."