വധശ്രമ ഗൂഢാലോചന ദിലീപിന്റെ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് ഹാജരാക്കിയ ആറ് ഫോണുകൾ ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി കൈമാറി. ഫോണുകൾ തുറക്കാനുള്ള പാറ്റേൺ പ്രതികൾ കോടതിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫോണുകൾക്കായി അന്വേഷണ സംഘത്തിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമോയെന്നത് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദിലീപിന്റെ നാലാമത്തെ ഫോൺ ഹാജരാക്കാൻ നിർദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രണ്ടുമുതൽ ആറ് നമ്പർ വരെയുള്ള രജിസ്ട്രാറുടെ കൈവശമിരുന്ന അഞ്ച് ഫോണുകൾ പ്രതിഭാഗം അഭിഭാഷകരുടെ സാന്നിധ്യത്തിൽ അന്വേഷണ സംഘം ഐ.എം.ഇ.ഐ നമ്പറടക്കം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തി.
എന്നാൽ 2021 ജനുവരി മുതൽ ഓഗസ്റ്റ് വരെ ഉപയോഗിച്ച ഫോൺ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2000ൽ അധികം കോളുകൾ ചെയ്ത ഈ ഫോൺ ഏതെന്ന് അറിയില്ലെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ല. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.
ദിലീപിന്റെതടക്കം കൂടുതൽ മൊബൈൽ ഫോണുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ പരിശോധിക്കാനും അന്വേഷണസംഘം കോടതിയുടെ അനുമതി തേടി. അന്വേഷണ സംഘത്തിന്റെ അധികാരമുപയോഗിച്ച് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് പി.ഗോപിനാഥ് അനുമതി നൽകി.
ദിലീപിന് ഹൈക്കോടതി പ്രത്യേക പരിഗണന നൽകുന്നുവെന്ന് ആക്ഷേപമുയരുന്നതായും ഇതംഗീകരിക്കാനാവില്ലെന്നും അന്വേഷണസംഘവുമായി സഹകരിക്കുന്നില്ലെങ്കിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ചൂണ്ടിക്കാട്ടി. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ അന്തിമവാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."