കാലിക്കറ്റ് സർവകലാശാല കൈക്കൂലി വാങ്ങിയ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവനിലെ സേവനങ്ങൾക്ക് വിദ്യാർഥികളിൽനിന്ന് കൈക്കൂലി വാങ്ങിയ രണ്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ബിരുദ സർട്ടിഫിക്കറ്റിന്റെ സാധുത തെളിയിക്കുന്നതിനും മാർക്ക് ലിസ്റ്റിലെ തെറ്റുതിരുത്തുന്നതിനുമായിരുന്നു ജീവനക്കാർ കൈക്കൂലി വാങ്ങിയത്.
മതിയായ ചലാൻ അടയ്ക്കാത്തതിനാൽ പരീക്ഷാഭവനിൽനിന്ന് വിദ്യാർഥികൾക്ക് മെമ്മോ അയച്ചതിനെ തുടർന്നായിരുന്നു ജീവനക്കാർ പണംതട്ടിയ വിവരം അറിയുന്നത്. തുടർന്ന് വിദ്യാർഥികൾ പരാതി നൽകി.
എന്നാൽ പരാതി ഒരു മാസത്തോളം രജിസ്ട്രാറുടെയും പി.വി.സിയുടെയും ഓഫിസിൽ തീർപ്പാകാതെ വച്ചു. ഇന്നലെ പരീക്ഷാസ്ഥിരസമിതി യോഗത്തിൽ ഇതു സംബന്ധിച്ച ചോദ്യമുയർന്നു. തുടർന്നാണ് രണ്ടു ജീവനക്കാരെയും സസ്‌പെൻഡ് ചെയ്യാൻ പരീക്ഷാ സ്റ്റാന്റിങ്ങ് കമ്മറ്റി യോഗം വൈസ് ചാൻസലറോട് ശുപാർശ ചെയ്തത്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പിക്ക് സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് പരാതി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."