ജനാധിപത്യക്കസേരയില്‍ സ്വേച്ഛാധിപത്യം!
1921 ലെ മലബാറിലെ ഖിലാഫത്ത് പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ബ്രിട്ടിഷ്ഭരണകൂടം അന്നു ചെയ്തത് അതിനെ വര്‍ഗീയലഹളയെന്നു വരുത്തിതീര്‍ക്കുകയായിരുന്നു. തികച്ചും അക്രമരഹിതമായി പ്രക്ഷോഭം നടത്തിവന്ന ഖിലാഫത്ത് വളണ്ടിയര്‍മാരെ ചതിയിലൂടെ അക്രമത്തിലേയ്ക്കു വലിച്ചിഴയ്ക്കുകയായിരുന്നു അന്നത്തെ ബ്രിട്ടിഷ് പൊലിസ്.
അതിന് അവര്‍ കണ്ടെത്തിയ സൂത്രം തോക്കുമോഷണമെന്ന കള്ളക്കേസായിരുന്നു. നിലമ്പൂര്‍ കോവിലകത്തെ ഏതോ ഒരു തമ്പ്രാന്റെ തോക്കുമോഷണം പോയെന്ന കേസുണ്ടാക്കി ഖിലാഫത്ത് പ്രവര്‍ത്തകരിലൊരാളെ അറസ്റ്റുചെയ്യാന്‍ വന്‍പൊലിസ് സന്നാഹമെത്തി. നിരപരാധിയെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരേ നാട്ടുകാര്‍ സംഘടിച്ചു പ്രതിഷേധിച്ചു. വന്‍ജനാവലിയുടെ പ്രതിരോധം മറികടക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ പൊലിസ് അന്നു തോറ്റു പിന്‍വാങ്ങി.
പിറ്റേദിവസം അതിവിപുലമായ സന്നാഹവുമായാണ് പൊലിസെത്തിയത്. രണ്ടാം വരവിന് അവര്‍ക്കു തക്കതായ കാരണം കിട്ടി. പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കി, പൊലിസിനെ ആക്രമിച്ചു, പൊലിസുകാരെ കൊല്ലാന്‍ ശ്രമിച്ചു തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ആരോപിച്ചു നിരവധി ഖിലാഫത്ത് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും ജീവച്ഛവമാക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രക്ഷോഭകര്‍ പൊലിസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ഓഫിസുകളും മറ്റും ആക്രമിക്കാന്‍ തുടങ്ങിയത്.
ഇതിനിടയില്‍ ഭരണകൂടം മറ്റൊരു കുതന്ത്രം കൂടി ചെയ്തു. തങ്ങള്‍ക്കു കീഴടക്കാന്‍ കഴിയാത്ത ഖിലാഫത്ത് പ്രവര്‍ത്തകരുടെ ഒളിത്താവളം കണ്ടെത്തി കൊടുക്കാന്‍ ചാരന്മാരെ നിയോഗിച്ചു. അന്നത്തെ ഭൂപ്രഭുക്കന്മാരുടെയും ജന്മിമാരുടെയും നാടുവാഴികളുടെയും ആജ്ഞാനുവര്‍ത്തികളെയാണ് ഒറ്റുകാരാക്കിയത്. ഏറനാട്ടിലെ മാപ്പിള കര്‍ഷകരോടും കര്‍ഷകത്തൊഴിലാളികളോടും കടുത്ത വെറുപ്പായിരുന്ന ആ സവര്‍ണശിങ്കിടികള്‍ തങ്ങളുടെ ഉത്തരവാദിത്വം അത്യുത്സാഹത്തോടെ നിറവേറ്റി. അതോടെ ഇത്തരം ഒറ്റുകാര്‍ക്കെതിരേ സമരക്കാര്‍ തിരിഞ്ഞു. അങ്ങനെ ജനങ്ങളെ തമ്മില്‍ തല്ലിച്ചു ഒരു വന്‍ പ്രക്ഷോഭത്തെ എളുപ്പം ചോരയില്‍ മുക്കിക്കൊല്ലാന്‍ ബ്രിട്ടിഷ് ഭരണകൂടത്തിനായി.
ബ്രിട്ടിഷുകാരും വൈതാളികരും മാപ്പിള ലഹളയെന്നു മുദ്രകുത്തിയ ആ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇതാ അതിന്റെ തനിയാവര്‍ത്തനത്തിനു സ്വദേശി ഏകാധിപത്യവും വൈതാളികരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2020 നവംബര്‍ 26 മുതല്‍ 61 ദിവസം ഒരു തരത്തിലുള്ള അക്രമവും നടത്താതെ, കൊടുംതണുപ്പിലും കൊടും ചൂടിലും നരകയാതന അനുഭവിച്ചു തെരുവില്‍ സമരം ചെയ്ത കര്‍ഷകരെ ഒരൊറ്റ ദിവസം കൊണ്ടു അക്രമികളും രാജ്യദ്രോഹികളുമായി മുദ്രകുത്തിയിരിക്കുകയാണ് മോദി സര്‍ക്കാരും സംഘ്പരിവാറും.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അനിഷ്ടസംഭവങ്ങളുടെ മറവില്‍ പൊലിസും ഗുണ്ടകളും ചേര്‍ന്ന് സിന്‍ഗുവിലും മറ്റും സമരം തുടരുന്ന കര്‍ഷകരെ തുരത്താന്‍ ശ്രമിക്കുകയാണ്. നാട്ടുകാര്‍ എന്ന വ്യാജേനയെത്തുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ തടയാതെ പൊലിസ് നോക്കിനില്‍ക്കുന്ന കാഴ്ച നമ്മുടെ നാട്ടിലെ നിയമപാലനസംവിധാനത്തെക്കുറിച്ചു പുച്ഛഭാവമാണുളവാക്കുക.
പൊലിസും സമരക്കാരും ധാരണയിലെത്തിയ റാലി മാര്‍ഗത്തില്‍ നിന്നു വഴിമാറി കര്‍ഷകരില്‍ ഒരുകൂട്ടം ചെങ്കോട്ടയിലേയ്ക്കു കുതിച്ചുവെന്നതും അവിടെ പൊലിസുമായി ഏറ്റുമുട്ടിയെന്നതും സ്വാതന്ത്ര്യാനന്തരം ഇന്നുവരെ ദേശീയപതാകയല്ലാതെ മറ്റൊരു പതാകയും പാറിയിട്ടില്ലാത്ത ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയെന്നതും സത്യമാണ്. അതു സംഭവിക്കാന്‍ പാടില്ലാത്തതും അപലപനീയവുമാണ്.
പക്ഷേ, അതു ചെയ്തതും അതിനു വഴിയൊരുക്കിയതും ആരാണ്. തീര്‍ച്ചയായും ഇന്ത്യന്‍ ജനത ആത്മാര്‍ഥമായി സ്വയം മനസിരുത്തി ചോദിക്കേണ്ട ചോദ്യം അതാണ്.
ധാരണ മറികടന്നു ചെങ്കോട്ടയിലേയ്ക്കു ട്രാക്ടറുമായി കുതിച്ചവരില്‍ കര്‍ഷകസമരസമിതിയുടെ നേതാക്കളോ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. അങ്ങനെ വഴിമാറി, നിയമലംഘനം നടത്തി കുതിക്കാന്‍ തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കര്‍ഷകസമരസമിതിയുടെ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
വഴിമാറി സഞ്ചരിച്ച ട്രാക്ടറുകള്‍ക്കും ചെങ്കോട്ടയിലെ അക്രമങ്ങള്‍ക്കും പതാക ഉയര്‍ത്തലിനും നേതൃത്വം കൊടുത്തവരിലൊരാള്‍ ദീപ് സിദ്ദുവെന്ന പഞ്ചാബി നടനാണെന്നു തെളിഞ്ഞതാണല്ലോ. സിദ്ദു ബി.ജെ.പിയുടെ ഗുരുദാസ്പൂര്‍ എം.പിയും നടനുമായ സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പു ചുക്കാന്‍ പിടിച്ചയാളായിരുന്നുവെന്നതും പരസ്യസത്യം. സിദ്ദു പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമൊപ്പം രസിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഈ അക്രമം നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് സമരക്കാര്‍ക്കിടയിലേയ്ക്കു നുഴഞ്ഞു കയറിയ ഒരു ചാരനെ സമരക്കാര്‍ തന്നെ കൈയോടെ പിടികൂടി പൊലിസിനെ ഏല്‍പ്പിച്ചതു നാം കണ്ടതാണ്. അന്ന് ആ അക്രമി മാധ്യമങ്ങളോടു പറഞ്ഞതും ജനങ്ങളെല്ലാം കണ്ടതും കേട്ടതുമാണ്. താനുള്‍പ്പെടെ പത്തുപേര്‍ക്ക് അക്രമത്തിനു പരിശീലനം നല്‍കി പൊലിസാണു സമരക്കാര്‍ക്കിടയിലേയ്ക്കു വിട്ടതെന്നാണ് അയാള്‍ പറഞ്ഞത്.
ഇത്രയും യാഥാര്‍ഥ്യമായിരിക്കെ കര്‍ഷകസമരം ഒരൊറ്റ ദിനം കൊണ്ട് അക്രമസമരമായി മാറിയതിനു പിന്നിലെ കരങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. ഗുണ്ടകളെ രംഗത്തിറക്കി കര്‍ഷകരുമായി ഏറ്റുമുട്ടലുകളുണ്ടാക്കാനുള്ള തീവ്രശ്രമങ്ങളാണു നടന്നുവരുന്നത്. പൊലിസ് ആക്ഷന് ഒരു പിടിവള്ളിയും കാരണവും വേണമല്ലോ!
പക്ഷേ, ബി.ജെ.പി പ്രവര്‍ത്തകരും അവരുടെ സാമൂഹ്യമാധ്യമ സൈന്യവും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരാരും കര്‍ഷകരല്ല, രാജ്യദ്രോഹികളാണെന്നാണ്.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും അതിനടുത്തദിവസം സിന്‍ഗുവിലും കണ്ട ഒരു കാഴ്ചയുടെ അര്‍ഥം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെത്തി പതാകയുയര്‍ത്തിയവരെ തടയാന്‍ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫലപ്രദമായി ശ്രമിച്ചതായി തോന്നുന്നില്ല. കാഴ്ചക്കാരുടെ റോള്‍ മാത്രമായിരുന്നു ആദ്യ നിര്‍ണായക നിമിഷത്തില്‍ പൊലിസിനുണ്ടായിരുന്നത്. പിന്നീടാണ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജ്ജുമൊക്കെ ഉണ്ടാകുന്നത്.
അതിനടുത്ത ദിവസം സിന്‍ഗുവിലെ കര്‍ഷകസമരവേദിയിലേയ്ക്ക് ഇരച്ചുകയറിയത് ഇരുനൂറില്‍ താഴെ അക്രമികള്‍ മാത്രമാണ്. അവിടെയുണ്ടായിരുന്ന ആയിരക്കണക്കിനു കര്‍ഷകര്‍ ആഞ്ഞൊന്ന് ഊതിയാല്‍ പറന്നുപോകാവുന്നത്ര പേര്‍ മാത്രം.
എന്നിട്ടും തങ്ങളുടെ ടെന്റുകളും മറ്റും തകര്‍ക്കുന്ന അക്രമികളെ കായികമായി നേരിടാന്‍ കര്‍ഷകര്‍ തുനിഞ്ഞില്ല. സംഭവസ്ഥലത്തുള്ള പൊലിസും അര്‍ദ്ധസൈനികരും ആ ഗുണ്ടകളുടെ അക്രമം തടയുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കാം. അതല്ലെങ്കില്‍ വീണ്ടും ചോരചിന്തുന്ന രംഗങ്ങള്‍ ഉണ്ടാവരുതെന്നു കരുതി സംയമനം പാലിച്ചതാകാം.
എന്നാല്‍, അവിടെയുണ്ടായിരുന്ന പൊലിസും ആദ്യഘട്ടത്തില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന രംഗമാണുകാണാനായത്.
ഏറ്റവും വലിയ തമാശ, ഈ അക്രമസംഭവങ്ങളിലൊന്നും പങ്കാളികളല്ലാത്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍, മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി എന്നിവരെയൊക്ക രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നുവെന്നതാണ്.
സ്വേച്ഛാധിപത്യത്തില്‍ രാജ്യസ്‌നേഹവും കര്‍ഷകസ്‌നേഹവും രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടാം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."