യു.പി തെരഞ്ഞെടുപ്പ് ; പുറംലോകം ശാന്തം; അകത്ത് പ്രചാരണച്ചൂട്
പ്രത്യേക ലേഖകന്‍
മഥുര
ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ പുറംലോകം ശാന്തം. അന്തരീക്ഷത്തിലെ ശൈത്യം പോലെ തന്നെ പുറംപ്രചാരണവും തണുത്ത അവസ്ഥയിലാണ്. എന്നാല്‍, വോട്ടർമാരെ നേരിൽ കണ്ടുള്ള പ്രചാരണം അതിശക്തവുമാണ്. പശ്ചിമ യു.പി അടക്കമുള്ള പ്രദേശങ്ങളിലെ 58 മണ്ഡലങ്ങളിലാണ് ഈ മാസം 10ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ തെരുവുകളിലൊന്നും തെരഞ്ഞെടുപ്പ് പ്രതീതി കാര്യമായി കാണുന്നില്ല.
കേരളത്തിലെ തെരഞ്ഞെടുപ്പ് രീതികളില്‍നിന്ന് ഏറെ ഭിന്നം. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വലിയ ആള്‍ക്കൂട്ടമുള്ള റാലികളൊന്നും നടക്കുന്നില്ല. ആള്‍ക്കൂട്ടം കുറഞ്ഞ പ്രചാരണ പരിപാടികള്‍ക്ക് നിയന്ത്രണമില്ലെങ്കിലും അതും കാര്യമായി നടക്കുന്നില്ല. ഇടയ്ക്ക് ഏതാനും പ്രവര്‍ത്തകരോടൊപ്പം സ്ഥാനാര്‍ഥികള്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നു. കൈകൂപ്പി വോട്ടഭ്യർഥിച്ച ശേഷം അടുത്ത കേന്ദ്രത്തിലേക്ക് പോകുന്നു. ഈ വോട്ടഭ്യര്‍ഥന കാര്യമായി നാട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല.
തെരുവുകളില്‍ പോസ്റ്ററുകളും ബാനറുകളും മറ്റും വിരളമാണ്. അന്വേഷിച്ചു നടന്നാല്‍ എവിടെയെങ്കിലും വലിയ വലുപ്പമില്ലാത്ത പോസ്റ്ററുകള്‍ കണ്ടെങ്കിലായി. പിന്നെ വളരെ ചെറിയ സ്റ്റിക്കറുകളും. വളരെ കുറഞ്ഞ ഇടങ്ങളില്‍ പരസ്യക്കമ്പനികള്‍ വഴി സ്ഥാപിച്ച ഹോര്‍ഡിങ്ങുകൾ കാണാം. എന്നാല്‍, ഇതിനര്‍ഥം തെരഞ്ഞെടുപ്പിന് വീറും വാശിയും കുറവാണെന്നല്ല. വീടുകള്‍ കയറിയുള്ള പ്രചാരണം രാഷ്ട്രീയകക്ഷികള്‍ സജീവമായി തന്നെ നടത്തുന്നുണ്ട്.
പ്രവര്‍ത്തകര്‍ പലതവണ വീടുകളിലെത്തി വോട്ടഭ്യര്‍ഥിച്ചതായി നാട്ടുകാര്‍ പറയുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സവിശേഷത കാരണം മത, സാമുദായിക വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഇവിടെ അതു തന്നെയാണ് ഏറ്റവും പ്രധാന പ്രചാരണായുധം. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വലിയതോതില്‍ വികസനം കൊണ്ടുവന്നതായി ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വികസനത്തിന്റെ അടയാളങ്ങള്‍ എങ്ങും കാര്യമായി കാണാനില്ലെന്നതാണ് യാഥാര്‍ഥ്യം.
പുറത്തെ ശാന്തതയിലും ജനഹൃദയങ്ങളില്‍ രാഷ്ട്രീയ ചേരിതിരിവ് അതിശക്തമാണ്. രാഷ്ട്രീയ നിലപാട് ആരോടു ചോദിച്ചാലും അവര്‍ക്കത് തുറന്നുപറയാന്‍ മടിയില്ല. സ്വന്തം പാര്‍ട്ടിയെ അവര്‍ ശക്തമായി ന്യായീകരിക്കുകയും ചെയ്യുന്നു. രാഷ്ട്രീയാഭിമുഖ്യത്തില്‍ മലയാളികളുടെ ഒരുപടി മുന്നിലാണ് യു.പിക്കാര്‍. പ്രത്യേകിച്ച് സാധാരണക്കാര്‍. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ഭോജനശാലകളിലെ ജീവനക്കാര്‍ തുടങ്ങി കുറഞ്ഞ വരുമാനക്കാരായവരിലാണ് രാഷ്ട്രീയാഭിമുഖ്യം ഏറ്റവും ശക്തം. ഇടത്തരക്കാരും രാഷ്ട്രീയാഭിമുഖ്യം പരസ്യമായി പ്രകടിപ്പിക്കാന്‍ മടിക്കുന്നില്ലെങ്കിലും അവരുടെ വാദങ്ങള്‍ അത്ര ശക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."