HOME
DETAILS
MAL
സത്യാനന്തരകാലത്തെ കലാഭാഷ
backup
January 31 2021 | 04:01 AM
എന്താണ് സത്യം? മനുഷ്യ ജീവിതത്തിന്റെ നൈതികതയുമായി ബന്ധപ്പെട്ട ഒരു വ്യവഹാരമെന്ന നിലയില്‍ മനുഷ്യന്‍ ഉണ്ടായതുമുതല്‍ അവന്റെ ചിന്തയെ മഥിച്ചുകൊണ്ടിരിക്കുന്ന താത്വികമായ ഒരു സമസ്യയാണത്. സത്യത്തെ സംബന്ധിക്കുന്ന മനഷ്യന്റെ ദാര്‍ശനികമായ അന്വേഷണങ്ങള്‍ എന്നു തുടങ്ങിയെന്നത് അജ്ഞാതമാണ്. സത്യം അനശ്വരമാണെന്ന പരമ്പരാഗത സങ്കല്‍പ്പങ്ങളെ അപ്പാടെ റദ്ദ് ചെയ്ത്, സത്യത്തിനുമപ്പുറം മറ്റൊരു സത്യം ഒളിഞ്ഞിരിപ്പുണ്ടെന്ന രീതിയില്‍ സത്യാനന്തര കാലം സത്യത്തിന്റെ സത്തയെ നിരസിക്കുമ്പോള്‍, സത്യത്തിനും നുണക്കുമിടയില്‍ മറ്റെന്തോ ഉണ്ടെന്ന സമസ്യ നമ്മെ ചൂഴുകയാണ്. സത്യമെന്നത് എന്തായിരുന്നാലും, അതിനെ സമര്‍ഥമായി മൂടിവയ്ക്കുകയാണ് പുതിയ കാലത്തെ രാഷ്ട്രീയമെന്ന് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. നുണകളുടെ പകര്‍പ്പെടുത്ത് സത്യത്തിനുമേല്‍ നിന്തരമായി സൂപ്പര്‍ ഇംപോസ് ചെയ്തുകൊണ്ട്, നുണകളെ സത്യമാക്കുന്ന മാസ്മരിക കാലത്താണ് നാമിന്നു ജീവിക്കുന്നത്. ഈ പ്രഹേളിക ഒരു പുതിയ കാര്യമല്ല.
നുണകളെ സത്യമാക്കുന്ന വിദ്യയുമായി ഫാസിസത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഫാസിസക്കാലത്ത് അതിന്റെ ഉപജ്ഞാതാവായിരുന്നു പോള്‍ ജോസഫ് ഗീബല്‍സ്. ഹിറ്റ്‌ലറുടെ ക്രൂരവും മാരകവുമായ മുഴുവന്‍ പീഡനങ്ങളെയും വെള്ളപൂശി വിശുദ്ധീകരിക്കുവാന്‍, ലോകമാകെ പ്രചാരണം നടത്താന്‍ ആവശ്യമായ സാങ്കേതിക ചമയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗീബല്‍സായിരുന്നു. ലോകത്താദ്യമായി ടെലിവിഷന്‍ തങ്ങളുടെ പ്രചാരണത്തിനുപയോഗിച്ചുകൊണ്ട്, നുണകളെ സത്യങ്ങളാക്കി നിരന്തരം ജനതക്കുമുന്നില്‍ അവതരിപ്പിച്ച്, അവ സത്യമാണെന്ന് ജനതയെ വിശ്വസിപ്പിക്കുന്നതില്‍ വിജയിച്ച കുടില മാന്ത്രികനാണ് ഗീബല്‍സ്. ഹിറ്റ്‌ലറുടെ കുത്സിത വചനങ്ങളെ, സത്യാത്മകതയുടെ ആപ്തവാക്യങ്ങാണെന്ന മട്ടില്‍ ആവിഷ്‌കരിച്ച്, ഹിറ്റ്‌ലറുടെ കൃത്രിമ പുഞ്ചിരി പൊഴിക്കുന്ന ഛായാചിത്രങ്ങള്‍ ഒപ്പം ചേര്‍ത്ത്, കാണികളെ തെറ്റിദ്ധരിപ്പിക്കും വിധം ആകര്‍ഷകമായി സംവിധാനം ചെയ്ത പോസ്റ്ററുകള്‍, കിരാത സുരതത്തിന്റെ അശ്ലീലതപോലെ, അക്കാലത്ത് ജര്‍മനിയിലെ ചുമരുകളില്‍ തിണര്‍ത്തു കിടന്നിരുന്നു. കൂടാതെ ഹിറ്റ്‌ലറെ വാഴ്ത്തുകയും, മഹത്വവല്‍കരിക്കുകയും ചെയ്യുന്ന ചലച്ചിത്രങ്ങള്‍, നാസികള്‍ തന്നെ നിര്‍മിച്ച് ജനങ്ങളുടെ മുന്നില്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഹിറ്റ്‌ലറുടെ സ്ഥാനാരോഹണം, പാപികളായ ജര്‍മന്‍കാരെ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാനുള്ള ദൈവഹിതത്തിന്റെ ഭാഗമാണെന്ന്, വന്‍തോതില്‍ കൈക്കൂലികൊടുത്ത് ഗീബല്‍സ് ഏര്‍പ്പാടാക്കിയ ചില സുവിശേഷക സംഘങ്ങള്‍, ജര്‍മനിയുടെ ഓരോ തെരുവുകളിലും നിന്നു നുണ പ്രസംഗിച്ചിരുന്നു. ഇത് സത്യത്തിന്റ കാലത്തും സത്യാനന്തര വ്യവഹാരങ്ങള്‍ ഭരണാധികാരികള്‍ സമൃദ്ധമായി ഉപയോഗിച്ചിരുന്നതിന്റ സൂചനയാണ്.
ഇന്ത്യയില്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അന്ന് ഇന്ത്യ ഭരിച്ചിരുന്ന രാജാക്കന്മാരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇവിടെ കച്ചവടം നടത്തുകയും, പില്‍ക്കാലത്ത് അതേ തന്ത്രമുപയോഗിച്ച് രാഷ്ട്രീയാധികാരം കയ്യാളുകയും ചെയ്തപ്പോള്‍, ബ്രിട്ടനിലെ അന്നത്തെ ഭരണാധികാരി, ഇന്ത്യയിലെ ജനങ്ങള്‍ മണ്ടന്മാരണെന്നും അവരെ നുണകളില്‍ കുടുക്കിയിടാമെന്ന വിശ്വാസത്തില്‍, ഒരു വലിയ സംഘം സുവിശേഷകരെ ഇന്ത്യയിലേക്കയച്ചിരുന്നു. പഴയ പാണരെപ്പോലെ, അവര്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ തോറും ജനങ്ങളെ അഭിസംബോധനചെയ്ത് പറഞ്ഞുകൊണ്ടിരുന്നത്, പാപികളായ ഇന്ത്യക്കാരെ പാപത്തില്‍ നിന്നു രക്ഷിക്കാന്‍ ദൈവവിളിയുമായി വന്ന ദൈവദൂതരാണ് ബ്രിട്ടീഷുകാര്‍ എന്നാണ്. അവരെ അനുസരിക്കുക, അവര്‍ നിങ്ങള്‍ക്ക് സ്വര്‍ഗരാജ്യം തരുമെന്നായിരുന്നു വാഗ്ദാനം. അവസാനം അവര്‍ തന്നതെന്തായിരുന്നുവെന്നത് ചരിത്രം. ഇങ്ങനെ അധികാരത്തിനും ധനത്തിനും വേണ്ടി മനഷ്യര്‍ നുണകളെ സത്യത്തിനുമേല്‍ സൂപ്പര്‍ ഇംപോസ് ചെയ്യുകയാണ്. ഇത് നമ്മെ ആദ്യം ഓര്‍മിപ്പിച്ചത്, കീര്‍ത്തിമാനായ കവിയും ദാര്‍ശനികനുമായിരുന്ന നീഷെയാണ്. ''ട്രൂത്ത് ആന്റ് ലൈ ഇന്‍ ഏന്‍ എക്‌സ്ട്ര മോറല്‍ സെന്‍സ്'' എന്ന തന്റെ, 1873ല്‍ പ്രസ്ദ്ധീകരിച്ച പുസ്തകത്തില്‍, 'അധികാരത്തിനുവേണ്ടി മനുഷ്യര്‍ നുണകളെ സത്യങ്ങളാണെന്ന വ്യജേന ജനത്തിനുമുന്നില്‍ അവതരിപ്പിക്കു'മെന്ന് നീഷെ നിരീക്ഷിക്കുന്നു.
സത്യമെന്നത് ഏകവും അനശ്വരവുമാണെന്നുള്ള നമ്മുടെ വിശ്വാസങ്ങള്‍ക്ക് അരിസ്‌റ്റോട്ടിലിന്റെ കാലത്തോളം പഴക്കമുണ്ട്. സത്യമെന്നത് അക്ഷരനക്ഷത്രമാണെന്ന വിശ്വാസമാണ് തന്റെ ആത്മകഥക്ക് സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്ന് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി പേരിട്ടതും. പക്ഷേ, ഇന്ന് സത്യം ഏകമല്ലെന്നും അതിന് നിരവധി അടരുകളുണ്ടെന്നുമാണ് സമാകലീന രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പുതുകാല ദാര്‍ശനികര്‍ നിരൂപിക്കുന്നത്. അതിന് മതിയായ കാരണങ്ങളുണ്ട്. ''സത്യാത്മകതയുടെ വ്യാവഹാരിക ഭാഷയില്‍ നിങ്ങള്‍ ഒരു പണ്ഡിതനാണെങ്കില്‍ സത്യത്തോളം ചാരുതയുള്ള ഒരു നുണ കെട്ടിച്ചമക്കാന്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കും. അത് വളരെ എളുപ്പമാണെങ്കിലും അതീവ മാരകമാണെന്ന് മാത്രം.'' സ്പാനിഷ് ചിത്രകാരിയും ഡോക്യുമെന്ററി ഫോട്ടോഗ്രാഫറുമായ ക്രിസ്റ്റീന ദെ മിഡ്ഡ്ല്‍ ന്റെ ഈ കണ്ടെത്തല്‍ സത്യനിരാസത്തിന്റെ രാസപ്രക്രിയയെയാണ് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത്. അധികാരലബ്ധിക്ക് വിജ്ഞാനം ഒരു പ്രധാനഘടകമാണ്. വിവരസാങ്കതിക വിദ്യയുടെ മികവിന്റെ അടിമകളായി മാറിയ മനുഷ്യകുലമിന്ന് അറിവിന്റെ അറകളിലാണ് കഴിയുന്നത്. ഓരോ വ്യക്തിയും തന്നെപ്പോലെ അറിവുമായി ജീവിക്കുന്ന ഒരു സമൂഹത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ആ സമൂഹം ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ ആ വ്യക്തിക്കുമാവുന്നു. അല്ലെങ്കില്‍ ആ വ്യക്തി ചിന്തിക്കുന്നതു പോലെ സമൂഹം ചിന്തിക്കുന്നു. നവവിനിമയ മാധ്യമങ്ങളുടെ സ്വാധീനമാണ് ഇത്തരത്തിലൊരു ജ്ഞാനസ്‌നാനത്തിനു മനുഷ്യരെ പ്രാപ്തരാക്കുന്നത്. അതുകൊണ്ട് ജനം അവര്‍ക്കിഷ്ടമുള്ളത് സ്വീകരിക്കുകയും അല്ലാത്തവയെ, അതെത്ര സത്യസന്ധമായിരുന്നാലും, തൃണവല്‍ഗണിക്കുകയും ചെയ്യുന്നു. സത്യത്തെ മറച്ചു നിര്‍ത്താന്‍ അതാഗ്രഹിക്കുന്നവര്‍ക്ക് സധിക്കുന്നത് ഇങ്ങനെയാണ്. കാരണം 'പോസ്റ്റ് ട്രൂത്ത്' എന്ന ഈ സാമൂഹിക പ്രതിഭാസത്തിന് ഫാസിസവുമായി അഭേദ്യമായ ബന്ധമുണ്ട്. അത് ഒരു തരത്തില്‍ ഫാസിസത്തിന്റെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള മണ്ണൊരുക്കലാണ്. ''കെട്ടിച്ചമച്ച സത്യങ്ങള്‍കൊണ്ടു നമ്മുടെ പ്രജ്ഞയെ കവര്‍ന്നെടുക്കാന്‍ കഴിയുന്നിടത്തോളം സത്യമെന്നു പറഞ്ഞ് നമുക്കു മുന്നിലെത്തുന്നത് സത്യമായിരിക്കണമെന്നില്ല. പുതിയ കാലത്ത രാഷ്ടീയ നേതാക്കള്‍ അധികാരം കൈക്കലാക്കാന്‍ സത്യനിരാസമാണ് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത്.'' ദി ഒര്‍ജിന്‍സ് ഓഫ് ടോട്ടലിറ്റേറിയനിസം എന്ന ഗ്രന്ഥത്തില്‍ ഹന്ന അര്‍സന്റ് എന്ന ചിന്തക സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കലകളിലെ സത്യനിരാസം
ഇത്തരത്തില്‍ സത്യം മറയ്ക്കപ്പെടുന്ന കാലത്ത് കല എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ കലാകാരനു ബാധ്യതയുണ്ട്. കല യാഥാര്‍ഥ്യത്തെ, അഥവാ സത്യത്തെ ആവിഷ്‌കരിച്ചിരുന്ന കാലത്തും അത് യാഥാര്‍ഥ്യത്തെ നിരസിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം വൈയക്തികമായ സത്യങ്ങളല്ല കല ആവിഷ്‌കരിക്കാന്‍ തുനിയുന്നത്. പ്രാപഞ്ചികവും സാമൂഹികവുമായ പാരമാര്‍ഥിക യാഥാര്‍ഥ്യങ്ങളാണ് കലയുടെ വിഷയമായി തീരുന്നത്. കലാപ്രവര്‍ത്തനമെന്നത് ഭൂതകാലത്തിലെന്നോ തങ്ങള്‍ മറന്നുവച്ചു പോയ ഒന്നിനെ വീണ്ടെടുക്കാനുള്ള ലാവണ്യപൂര്‍ണമായ ഒരു സഞ്ചാരമാണത്. റിയലിസത്തിന്റെ വക്താക്കളായി യൂറോപ്യന്‍ കലയുടെ നവോഥാന കാലത്ത് വന്ന പല കലാകാരന്മാരും റിയലിസത്തെ തങ്ങളുടെ രചനകളില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. റിയലിസമെന്നത് സത്യത്തെ സത്യമായി ആവിഷ്‌കരിക്കാനുള്ള ശ്രമമാണെങ്കിലും അത് ഒരു ഫോട്ടോഗ്രഫിക് റിയാലിറ്റിയെ അതേപടി അനുവര്‍ത്തിക്കലല്ല. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ചിത്രകാരനും നവോഥാന കലയുടെ വക്താവുമായിരുന്ന തിതിയന്റെ ''ടച്ച് മീ നോട്ട് '' എന്ന ചിത്രം കലയിലെ സത്യനിരാസത്തെ സ്പര്‍ശിക്കുന്ന ഒരു രചനയാണ്. ബൈബിളിലെ ഒരു സംഭവത്തെയാണ് തിതിയന്‍ തന്റെ രചനയില്‍ ആവിഷ്‌കരിക്കുന്നത്. തന്റെ മുന്നില്‍ നില്‍ക്കുന്ന ക്രിസ്തുവിനെ ഒന്നു തൊട്ടുനോക്കാനായി അടുത്തേക്കു വരുന്ന മഗ്ദലന മറിയത്തോട് തന്നെ തൊടരുതെന്ന് വിലക്കുന്ന ക്രിസ്തുവിനെയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇവിടെ ചിത്രത്തില്‍ പരാമര്‍ശിതമായതെല്ലാം സത്യമാണെന്ന് ചിത്രകാരന്‍ അനുവാചകനെ ഓര്‍മിപ്പിക്കുമ്പോഴും അത് കേവലമൊരു ഐതിഹ്യഘടകമാണ്. അതിലെ ക്രിസ്തുവിന് യഥാര്‍ഥ ക്രിസ്തുവുമായി എന്തെങ്കിലും ഛായാസാമ്യമുണ്ടെന്ന് നമുക്ക് പറയാനാവില്ല. അതേസമയം നാം കാലങ്ങളായി വിശ്വസിക്കുന്ന ഒന്നിന്റെ പുനരാവിഷ്‌കാരമെന്ന നിലയില്‍ അതില്‍ സത്യവും കുടിയിരിക്കുന്നുണ്ട്. ഒരു ഛായഗ്രഹണയന്ത്രം ഒപ്പിയെടുക്കുന്ന സത്യവും, കലാകാരന്റെ മസ്തിഷ്‌കത്തില്‍ രൂപപ്പെടുന്ന സത്യവും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അതേസമയം കലാകാരന്‍ നടത്തുന്ന സത്യനിരാസമെന്നത് കേവലം ലാവണ്യാത്മകമായ ഒരു വ്യവഹാരം മാത്രമാണെന്നും, അതിനെ സത്യനന്തരകാലം മുന്നോട്ടുവയ്ക്കുന്ന സത്യനിഷേധവുമായി സമരസപ്പെടുത്താവില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. മൈക്കലാഞ്ചലോ, ദാവിഞ്ചി, റാഫേല്‍ തുടങ്ങിയ കലാകാരന്മാരുടെ നിരവധി രചനകള്‍ ഇതിനുപോല്‍ബലകമായി നിരത്തിവയ്ക്കാനാവും.
സത്യത്തെപ്പറ്റി പറയുന്നതിനേക്കാള്‍ സത്യാത്മകതയെ വിശദീകരിക്കലാണ് ഇന്ന് ദാര്‍ശനിക ലോകം നേരിടുന്ന വലിയ പ്രതിസന്ധി. സത്യാനന്തരതയെന്നത് യഥാര്‍ഥത്തിലെന്താണെന്ന് പല ചിന്തകരും പല രീതിയില്‍ തേടുന്നുണ്ട്. അത് സത്യത്തെ മറക്കാനുപയോഗിക്കുന്ന നുണയാണോ അല്ലെങ്കില്‍ സത്യത്തിനും നുണക്കുമിടയില്‍ സാങ്കല്‍പ്പികമായി സൃഷ്ടിച്ചെടുത്ത സ്ഥാലീയതയാണോ?. സത്യം മാഞ്ഞുപോകുന്നിടത്ത് സത്യാനന്തരത ആരംഭിക്കുകയും, സത്യാനന്തരതയുടെ അതിര്‍വരമ്പില്‍ നിന്ന് നുണ ആരംഭിക്കുകയുമാണോയെന്ന് ചിലപ്പോഴൊക്കെ ഇതിനെ വിശകലനം ചെയ്യുന്ന ചിന്തകര്‍ അന്വേഷിക്കുന്നുണ്ടെങ്കിലും, അത് കേവലമൊരു സാങ്കല്‍പിക പ്രഹേളികയല്ലെന്ന് എല്ലാവരും മനസിലാക്കുന്നുണ്ട്. കലയിലെ അയഥാര്‍ഥതയെന്നാല്‍ അത് നുണയെ പ്രകാശിപ്പിക്കലാണെന്ന് അതിന്റെ സര്‍ഗാത്മക ഘടകങ്ങള്‍ തിരിച്ചറിയുന്നവര്‍ക്ക് പറയാനാവില്ല. യാഥാര്‍ഥ്യത്തെ കലാകാരന്‍ പലപ്പോഴും പല വീക്ഷണകോണുകളില്‍ നിന്നും സമീപിക്കും. പീറ്റര്‍ ബ്രൂഗേലും ഹൈറോണിമസ് ബോഷും റിയലിസത്തെ തങ്ങളുടെ രചനയില്‍ നിന്ന് അകറ്റി നിര്‍ത്തി. റിയലിസം ഒരര്‍ഥത്തില്‍ സത്യത്തിന്റെ രൂപകത്തെത്തന്നെയാണ് പ്രകാശിപ്പിക്കുന്നതെന്നത് അവരുടെ രചനകള്‍ പറയുന്നുണ്ട്. മൈക്കലാഞ്ചലോയും റാഫേലും തിതിയനുമുപയോഗിച്ച അതേ മനുഷ്യരൂപങ്ങളാണ് ബോഷും ബ്രൂഗേലുമുപയോഗിച്ചെതെങ്കിലും അവ യാഥാതഥ്യത്തെ നിരസിക്കുന്നുണ്ട്. എന്നാല്‍ ആ രചനകള്‍ സത്യവിരുദ്ധവുമല്ല. മനുഷ്യാകാരങ്ങളുടെ നിയതമായ ആകാരസൗഷ്ഠവത്തെ തങ്ങളുടെതായ ഒരു യാഥാര്‍ഥ്യത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന ലാവണ്യപരമായ ഒരു വ്യവഹാരമാണ് അവരുടെ രചനകളെ വ്യത്യസ്തമാക്കുന്നത്. അവിടെ സത്യമെന്ന നിത്യതയെ താത്വികമായി നിരസിക്കാതെ മറ്റൊരു യാഥാര്‍ഥ്യത്തെ പകരം വയ്ക്കുകയാണവര്‍ ചെയ്തത്. അവരെങ്ങനെയാണ് സത്യത്തെ ആവിഷ്‌കരിച്ചത് എന്ന കലാചരിത്രപരവും ലാവണ്യപരവുമായ അന്വേഷണങ്ങല്‍ നിരവധി കാലത്തെ അവരുടെ സാധനകള്‍ നമുക്ക് വെളിപ്പടുത്തിത്തരും. ഇവിടെ കാഴ്ചയെന്ന പ്രതിഭാസത്തെയാണ് ഈ കലാകാരന്മാര്‍ വിശ്ലേഷണം ചെയ്യാന്‍ ശ്രമിക്കുന്നത്. മനുഷ്യ നേത്രങ്ങളുടെ വിചിത്രമായ രൂപകല്‍പനകൊണ്ട് സത്യദൃശ്യങ്ങളെ മയാജാലക്കരാന്റെ ചെപ്പടിവിദ്യപോലെ നമുക്ക് അവിശ്വനീയമായി അനുഭവപ്പെടുന്ന ചില നിമിഷങ്ങളുണ്ട്. ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതുവരെ അത് പരന്നതാണെന്നു നാം വിശ്വസിക്കാന്‍ കാരണം മനുഷ്യനേത്രത്തിന്റെ പരിമിതിയായിരുന്നു. ഓടുന്ന ഒരു ട്രയിനിലിരുന്നു യാത്രചെയ്യുമ്പോള്‍ ട്രയിനിനോടടുത്തുള്ള വസ്തുക്കള്‍ ട്രെയിനിനെതിര്‍വശത്തേക്കോടി മറയുകയും ദൂരെയുള്ളവ ട്രെയിനിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതായി നമുക്കനുഭവപ്പെടുന്നു. യഥാര്‍ഥത്തില്‍ നാം കാണുന്നതെല്ലാം നാം പിന്നിടുകയാണ്. ആ യാഥാര്‍ഥ്യത്തെ നമ്മുടെ കണ്ണുകളുടെ പരിമിതിമൂലം നാം തെറ്റിദ്ധരിക്കുന്നു. ഇത്തരത്തില്‍ മനുഷ്യന്റെ കണ്ണുകളുടെ പരിമിതികളെ പുനര്‍നിര്‍വചിക്കുന്ന ഒരു പ്രക്രിയ കൂടിയാണവര്‍ തങ്ങളുടെ രചനകളിലൂടെ നിര്‍വഹിക്കുന്നത്. അവരുടെ ചിത്രങ്ങളിലെ മനുഷ്യരൂപങ്ങളൊന്നും സത്യത്തെ നിരാകരിക്കുന്നില്ലെന്നുമാത്രമല്ല സത്യത്തിന് നാമറിയാത്ത ചില മുഖങ്ങള്‍കൂടിയുണ്ടെന്നു ഓര്‍മപ്പെടുത്തുകകൂടിയാണ്.
ഫാസിസത്തിന് വീഥിയൊരുക്കുന്ന ആയുധം
വാര്‍ത്തകളുടെ ഉത്ഭവസ്ഥാനങ്ങളില്‍ സംഭവിക്കുന്ന ശൈഥില്യം സത്യാനന്തരകാലത്തെ സൃഷ്ടിച്ചെടുക്കുന്ന കുറ്റവാളികളെ നാം ജീവിക്കുന്ന കാലവുമായി ഇഴചേര്‍ത്തുവയ്ക്കുമ്പോള്‍ മാധ്യമങ്ങളുടെ ബഹുസ്വരവല്‍ക്കരണം നുണകളുടെയും ഊഹോപോഹങ്ങളുടെയും പരിധിയില്ലാത്ത വ്യപനത്തിനാശ്യമായ ഒരു വ്യാജ ഇടം മുഖ്യധാരാമാധ്യമങ്ങള്‍ നിര്‍മിച്ചെടുക്കുന്നുണ്ട്. ചെറു സംഘങ്ങളായും വിഭാഗങ്ങളായും നിലകൊള്ളുന്ന അണുവല്‍ക്കരിക്കപ്പെട്ട നമ്മുടെ സമൂഹത്തില്‍ കല സത്യാനന്തരതയുടെ കുടില വ്യവഹാരങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ദൃശ്യതലങ്ങളുടെ സത്യങ്ങളിലേക്ക് കാഴ്ചക്കാരനെ കൊണ്ടുവരാനുള്ള വഴികളാണ് കലക്ക് തേടാനുള്ളതും.
ഉത്തരാധുനികതയുടെ സൃഷ്ടാക്കളായ മുതലാളിത്തമാണ് കലയിലെ സത്യങ്ങളെ ഭയന്ന് അവ സത്യരഹിതമാക്കണമെന്ന് ആഗ്രഹിച്ചത്. അമൂര്‍ത്ത ചിത്രകല നമുക്ക് പരിചിതമായിരുന്ന എല്ലാ രൂപകങ്ങളെയും ഉപേക്ഷിച്ച് രൂപരഹിതമായി നിറങ്ങളുടെ ഉത്സവമായി തങ്ങളുടെ കാന്‍വാസുകളെ മാറ്റി. ജാക്‌സണ്‍ പൊള്ളാക്, റോഷന്‍ ബെര്‍ഗ്, ജ്വോന്‍ മിറോ തുടങ്ങി അനേകം പേര്‍ ഇത്തരത്തില്‍ രചനകള്‍ നിര്‍വഹിച്ചവരാണ്. പക്ഷേ, അവര്‍ക്കൊന്നും സത്യത്തെ നിരാകരിക്കാന്‍ സധിച്ചിട്ടില്ല. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ഉരുവംകൊള്ളുന്ന വൈഷയിക വസ്തുതകളെ പൊതുസമൂഹത്തിന്റെ ചിന്തകളില്‍ സന്നിവേശിപ്പിച്ച് അത് സത്യമാണെന്ന് ധ്വനിപ്പിക്കുന്ന ചില രൂപകങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടല്ലാതെ സത്യത്തെ നിരാകരിക്കാന്‍ സാധിക്കില്ലെന്നു ചരിത്രം സാക്ഷ്യം പറയുന്നുണ്ട്. ഒരു യഥാര്‍ഥ സംഭവത്തെ ധ്വനിപ്പിക്കുന്ന രൂപകത്തെ അത് സത്യത്തിന്റെ പ്രാതിനിധ്യമാണെന്ന് അറിയാത്തിടത്തോളം കാലം നുണയുമായി അതിനെ സങ്കലനം ചെയ്യുമെങ്കിലും അത് സത്യമാണെന്നു തിരിച്ചറിയുന്ന നിമിഷം മുതല്‍ ആ രൂപകത്തിന്റെ മൂല്യത്തിന് മാറ്റം വരും. ചില പക്ഷപാതങ്ങള്‍ ജന്മസിദ്ധമായി കിട്ടുന്ന ആളുകള്‍ അറിവുകളുടെ സമസ്തമേഖലകളിലും ഉപലബ്ധമാകുന്ന ഉറവകളേയും സ്വന്തം ഇച്ഛക്കൊത്ത് അപകീര്‍ത്തിപ്പെടുത്തി നിരാകരിക്കാനുള്ള കൗശലങ്ങളും ചാതുര്യവുമുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ ചില അസത്യങ്ങള്‍ സത്യമാണെന്ന് കരുതി ജനം ദീര്‍ഘകാലം വിശ്വസിച്ചേക്കും. ഭൂമി ഉരുണ്ടതാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടും ആ ശാസ്ത്രജ്ഞനെ ഇല്ലാതാക്കിയതിനു പിന്നില്‍ സത്യം അതേപടി സ്വീകരിക്കാന്‍ ചിലര്‍ പ്രകടിപ്പിക്കുന്ന വൈമുഖ്യം കൊണ്ടാണ്. ഭൂമി പരന്നതാണെന്ന ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള ഒരു വിശ്വാസത്തെയാണ് ഗലീലിയോ കടപുഴക്കിയത്. ചില നുണകള്‍ കാലങ്ങളോളം സത്യമായി നമുക്ക് മുന്നില്‍ നിലകൊള്ളുമെന്ന ദൗര്‍ഭാഗ്യം ഫാസിസത്തിന് വീഥിയൊരുക്കുവാനുള്ള ഒരായുധം കൂടിയാണിന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."