കാര്‍ഷിക മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍'ആര്യ' വരുന്നു
തളിപ്പറമ്പ്: യുവാക്കളെ കാര്‍ഷികമേഖലയിലലേക്ക് ആകര്‍ഷിക്കുന്നതിനും ഉറപ്പിച്ചുനിര്‍ത്തുന്നതിനുമായി പദ്ധതി നടപ്പാക്കുന്നു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സില്‍(ഐ.സി.എ.ആര്‍) ആവ്ഷ്‌കരിക്കുന്ന പദ്ധതിക്ക് ആര്യ(അട്രാക്ടിങ്ങ് ആന്റ് റീട്ടെയിനിങ് യൂത്ത് ഇന്‍ അഗ്രിക്കള്‍ച്ചര്‍) എന്നാണ് പേരിട്ടിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ജില്ലയിലാണ് തുടക്കത്തില്‍ നടപ്പാക്കുക. സംസ്ഥാനത്ത് കണ്ണൂര്‍ ജില്ലയിലാണ് തുടക്കം കുറിക്കുന്നത്.
ഇതിന് പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണ മേഖലയിലെ 18 മുതല്‍ 40 വയസുവരെയുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 200 ആളുകളുള്ള ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത് ഉത്പ്പാദനം,സംസ്‌കരണം,വിപണനം എന്നീ മേഖലകളില്‍ പ്രാപ്തരാക്കുന്നതിന് ഒരു കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
കണ്ണൂരില്‍ തേങ്ങ, ചക്ക വിളകളാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്. നടീല്‍, വിളവെടുപ്പ്, സംസ്‌കരണം, മൂല്യവര്‍ധിത വസ്തുക്കളുടെ ഉത്പാദനം എന്നിവ പൂര്‍ണമായും ഈ സംഘം തന്നെയാണ് നിര്‍വഹിക്കുക. ഇതിനുവേണ്ട എല്ലാ സഹായങ്ങളും പരിശീലനങ്ങളും കൃഷി വിജ്ഞാന കേന്ദ്രം ലഭ്യമാക്കും. മികച്ച സംരംഭകരായി ഇവരെ മാറ്റിയെടുക്കുന്ന പദ്ധതി അടുത്തമാസം അവസാനം ഇന്ത്യ മുഴുവന്‍ നടപ്പാക്കാനാണ് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
കൃഷി സ്വയംതൊഴിലായി ഏറ്റെടുക്കാന്‍ യുവാക്കളെ പ്രോത്‌സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ അന്തസ് ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള മാതൃകാപദ്ധതി എല്ലാ സംസ്ഥാനങ്ങളിലെയും രണ്ട് പ്രധാന കാര്‍ഷികവിളകളെ മുന്‍നിര്‍ത്തിയാണ് നടപ്പാക്കുക.
അടുത്തമാസം അവസാനവാരത്തില്‍ വിപുലമായ പ്രചാരണ പരിപാടികളോടെയാണ് ജില്ലയില്‍ പദ്ധതിക്ക് തുടക്കമാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."