കസ്റ്റംസ് കമ്മിഷ്ണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പിന്തുടര്‍ന്ന വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുക്കം സ്വദേശികളായ ജസിം, തന്‍സിം എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ തന്നെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി കമ്മിഷ്ണര്‍ സുമിത് കുമാര്‍ തന്നെയാണ് കൊണ്ടോട്ടി പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
കല്‍പ്പറ്റയിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുക്കം മുതല്‍ എടവണ്ണപ്പാറവരെ നാല് വാഹനങ്ങള്‍ തന്റെ വാഹനത്തെ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നത്. നാല് തവണ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം വീടിന് അടുത്തുവച്ച് പോലും ആക്രമണ ശ്രമം ഉണ്ടായെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സുമിത് കുമാര്‍ പോലീസിന് നല്‍കിയ പരാതിയിലുണ്ട്.
രണ്ട് ബൈക്കുകളാണ് ആദ്യം തന്റെ വാഹനത്തെ പിന്തുടര്‍ന്ന് എത്തിയതെന്ന് പരാതിയില്‍ സുമിത് കുമാര്‍ പറയുന്നു. രണ്ട് കാറുകള്‍കൂടി പിന്നീട് എത്തി. ഒരു ബൈക്കും കാറും വാഹനത്തെ മറികടന്ന് മുന്നില്‍ കയറി. എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ നമ്പറുകള്‍ അദ്ദേഹം പോലിസിന് കൈമാറിയിട്ടുണ്ട്. തന്റെ വാഹനത്തെ മറികടന്ന് മുന്നിലെത്തിയ ഒരു ബൈക്കിന്റെയും കാറിന്റെയും രജിസ്റ്റര്‍ നമ്പറുകളാണ് കൈമാറിയിട്ടുള്ളത്.
കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങള്‍ അടുത്തിടെ കൊടുവള്ളി സ്വദേശികള്‍ വാങ്ങിയെന്ന വിവരവും അദ്ദേഹം പോലിസിന് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ വാഹനം വേഗത്തില്‍ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."