' എന്റെ കാലത്ത് എല്ലാം നിയമപരമായി'; ചെയര്‍മാനെക്കൊണ്ട് മന്ത്രി പറയിപ്പിച്ചതാണോയെന്ന് എം.എം മണി
തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ സമരം ചെയ്യുന്ന ഇടത് യൂനിയനുകളെ, അഴിമതികള്‍ അക്കമിട്ട് നിരത്തി ചെയര്മാന് ബി. അശോക് വിമര്‍ശിച്ചതില്‍ പ്രതികരണവുമായി മുന്‍ വൈദ്യുതിമന്ത്രി എം.എം മണി. തന്റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലിസിനെ കയറ്റേണ്ട അവസ്ഥയായി. ഇപ്പോള്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്റെ പ്രതികരണമെന്നാണ് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോള്‍ മറുപടി പറയാനില്ല. താന്‍ മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി. വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. നാലര വര്‍ഷമാണ് താന്‍ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവര്‍ണകാലമായിരുന്നുവെന്നും മണി പറഞ്ഞു.
സര്‍ക്കാര്‍ അറിയാതെ നൂറുകണക്കിന് ഏക്കര്‍ ഒരു സിഇഒ വാണിജ്യ പാട്ടത്തിന് നല്‍കിയെന്നും 'ഒപ്പിടെടാ' എന്ന് ഒരു ചീഫ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തിയെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥിരമായി ഔദ്യോഗിക വാഹനം ദുരുപയോഗിച്ചുവെന്നും കെഎസ്ഇബി ചെയര്മാന് ഉന്നയിച്ചിരുന്നു. കെഎസ്ഇബിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."