ലീഗിനോട് കാലം ആവശ്യപ്പെടുന്നത്
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നത് വസ്തുതയാണ്. ഒരര്‍ഥത്തില്‍ അതു നന്നായെന്നാണ് ഇപ്പോള്‍ തോന്നുന്നത്. കാരണം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നണി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പുകളാണ് യു.ഡി.എഫില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്. കോണ്‍ഗ്രസും വീഴ്ചകള്‍ പരിഹരിച്ച് സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. മുസ്‌ലിം ലീഗാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആ രക്ഷപ്പെടല്‍ സംഘടനയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ ആത്മവിശ്വാസം ഉദാസീനതയിലേക്ക് പോകാതിരിക്കാനും ലീഗ് നേതൃത്വം ശ്രദ്ധിച്ചു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപകടമായേക്കുമെന്ന തിരിച്ചറിവ് ലീഗ് നേതൃത്വത്തിനുണ്ടായിരുന്നു.
യു.ഡി.എഫിന്റെ വീഴ്ച സ്വന്തം വീഴ്ച കൂടിയായി കാണാന്‍ മുസ്‌ലിം ലീഗ് തയാറായി. പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിലുള്ള നിയമസഭാ ഇടപെടലുകള്‍ വിജയമാണെന്ന് വിലയിരുത്തിയ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണഫലം ലഭ്യമാവും എന്ന് മനസിലാക്കിയിട്ടു പോലും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതിനു പിന്നില്‍ വലിയ ബുദ്ധിയാണ്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വവും ഇടപെടലും ഒരു നിര്‍ണായക പോരാട്ടത്തില്‍ ലീഗ് അണികള്‍ക്കുണ്ടാക്കുന്ന ഊര്‍ജം ചെറുതല്ലെന്ന് ഏതൊരു രാഷ്ട്രീയവിദ്യാര്‍ഥിക്കും അറിയാം.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും പാര്‍ട്ടി നല്ല ശ്രദ്ധ കാണിക്കുമെന്ന് കരുതാം. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്നതോടൊപ്പം മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരേയും പരിചയസമ്പന്നരേയും നിലനിര്‍ത്തും. അങ്ങനെയെങ്കില്‍ മുസ്‌ലിം ലീഗിന് തിളക്കമുള്ള വിജയം നേടാനാവുമെന്നതില്‍ തര്‍ക്കമില്ല. മുന്നണി സംവിധാനത്തിന്റെ ഭാഗമായുള്ള മുസ്‌ലിം ലീഗിന്റെ വിട്ടുവീഴ്ച ദൗര്‍ബല്യമായി മാറരുത്. ഇതുകൊണ്ടൊക്കെ ചീത്തപ്പേരും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ അഞ്ചാം മന്ത്രി വിവാദം ഉദാഹരണമാണ്. അഞ്ചോ ആറോ മന്ത്രിമാരെ തുടക്കത്തില്‍ തന്നെ അവകാശപ്പെടാമായിരുന്നു. അതു ചെയ്യാതെ ശങ്കിച്ചു മാറിനിന്നു. പിന്നെ അണികളും നേതാക്കളുമൊക്കെ അടക്കം പറഞ്ഞ് പറഞ്ഞാണ് അഞ്ചാം മന്ത്രി ആവശ്യം മുന്നോട്ടുവച്ചത്.
അത് പഴയകഥ, ഇനിയും ലീഗ് കാലത്തിന്റെ ചുവരെഴുത്ത് കാണാതെ പോകരുത്. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഈ അമിതവിട്ടുവീഴ്ചാ മനോഭാവം വെടിയണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് സീറ്റിനെങ്കിലും അര്‍ഹതയുണ്ടായിട്ടും രണ്ടില്‍ ഒതുങ്ങി വിനീതവിധേയരായി നിന്നത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കൂട്ടണമെന്ന ആവശ്യം മുന്നില്‍ കണ്ടാണ്. ലീഗ് ജയിച്ചാലും യു.പി.എ ശക്തിപ്പെടും എന്ന വാദം ഏശിയില്ല, കോണ്‍ഗ്രസിന്റെ അംഗസംഖ്യ കൂട്ടണമെന്ന നിലയില്‍ മൂന്ന് സീറ്റ് പോലും വേണ്ടെന്നുവച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാം എന്ന ധാരണയായിരുന്നു.
യു.ഡി.എഫില്‍നിന്ന് വീരേന്ദ്രകുമാറിന്റെ എല്‍.ജെ.ഡി ഇടതുപക്ഷത്തേക്ക് പോയി. മാണി കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ജോസ് കെ. മാണിയുടെ നേതൃത്വത്തിലും എല്‍.ഡി.എഫിലേക്ക് ചേക്കേറി. എല്‍.ജെ.ഡി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് സീറ്റുകളും മാണി ഗ്രൂപ്പ് മത്സരിച്ച 15 സീറ്റില്‍ ജോസ് കെ. മാണി വിഭാഗത്തിന് അര്‍ഹതപ്പെട്ട വിഹിതവും ഉള്‍പ്പെടെ പതിനാല് - പതിനഞ്ച് സീറ്റെങ്കിലും ഇത്തവണ അധികമായി വരും. അതില്‍ കുറഞ്ഞത് 10 സീറ്റെങ്കിലും മുസ്‌ലിം ലീഗിന് അവകാശപ്പെട്ടതാണ്. ബാക്കി അഞ്ച് സീറ്റ് പുതുതായി എന്‍.സി.പി പോലെ ഏതെങ്കിലും പാര്‍ട്ടി യു.ഡി.എഫിലെത്തിയാല്‍ അവര്‍ക്ക് കൊടുക്കാം. അല്ലെങ്കില്‍ കോണ്‍ഗ്രസിന് ഏറ്റെടുക്കാം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 87 സീറ്റില്‍ മത്സരിച്ചു. 22 സീറ്റിലേ വിജയിക്കാനായുള്ളൂ. 24 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗ് 18 സീറ്റില്‍ വിജയിച്ചു. 15 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് മാണി ആറ് സീറ്റിലും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ഒരു സീറ്റും നേടി. ഇത്തവണ ധൃതിപിടിച്ച് പിന്‍വാതില്‍ നിയമനവും മന്ത്രിമാരുടെ സ്റ്റാഫ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലുമൊക്കെ നടക്കുമ്പോള്‍ തന്നെ അറിയാം കാറ്റ് യു.ഡി.എഫിന് അനുകൂലമാണെന്ന്. ഭരണം യു.ഡി.എഫിനെന്ന് ഇടതുമുന്നണി പോലും ഉറപ്പിച്ചുകഴിഞ്ഞു, പുറത്ത് എന്തൊക്കെ വീരവാദം മുഴക്കിയാലും.
കോണ്‍ഗ്രസ് 87 - 90 സീറ്റില്‍ മത്സരിച്ചാല്‍ 50 സീറ്റെങ്കിലും വിജയിക്കും. 30 സീറ്റിലെങ്കിലും മുസ്‌ലിം ലീഗ് മത്സരിച്ചാല്‍ 25 സീറ്റിലെങ്കിലും ജയിക്കുമെന്നതിലും തര്‍ക്കമില്ല. എട്ട് സീറ്റിലെങ്കിലും ജോസഫ് ഗ്രൂപ്പ് മത്സരിച്ചാല്‍ നാല് സീറ്റ് കിട്ടും. യു.ഡി.എഫിന് 75 - 80 സീറ്റേ കിട്ടാവൂ. അപ്പോഴേ ഭരണം കാര്യക്ഷമമാകൂ. ഇപ്പോഴുള്ള എല്‍.ഡി.എഫ് അംഗസംഖ്യ പരിശോധിച്ചാല്‍ ഈ ഭരണ കാര്യക്ഷമത മനസിലാകും.
യു.ഡി.എഫ് മുന്നണിയുടെ ഇപ്പോഴത്തെ ഘടനയും ശക്തിയുമനുസരിച്ച് 40-45 സീറ്റ് ചോദിക്കാനുള്ള അര്‍ഹത ലീഗിനുണ്ട്. കുറഞ്ഞ പക്ഷം 35 സീറ്റെങ്കിലും ന്യായമായും ലഭിക്കണം. പക്ഷേ, കിട്ടില്ല. അല്ല ലീഗ് ചോദിക്കില്ല. അതാണ് ലീഗ് ശൈലി. മുസ്‌ലിം ലീഗിന്റെ ശക്തി അറിയാത്ത ഒരു വിഭാഗമേ കേരളത്തിലുള്ളൂ. അത് മറ്റാരുമല്ല മുസ്‌ലിം ലീഗ് തന്നെയാണ്. കഴിഞ്ഞകാല തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇതു ബോധ്യമാകും. ഇത്തവണ മൂന്നോ നാലോ സീറ്റ് കൂടുതല്‍ നല്‍കി കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിക്കും. അങ്ങനെ ഒരു കൊടുക്കല്‍ വാങ്ങലാകരുത് യു.ഡി.എഫിലെ സീറ്റ് വിഭജനം. കോണ്‍ഗ്രസ് കൊടുക്കുന്നു, ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ വാങ്ങുന്നു എന്നതല്ല വേണ്ടത്, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരുമിച്ചിരുന്ന് ഭാഗിക്കുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ഐക്യജനാധിപത്യ മുന്നണി അര്‍ഥപൂര്‍ണമാവും
1957ലെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് ലീഗ് എട്ടു സീറ്റില്‍ വിജയിച്ചതും 1960 ല്‍ 12 സീറ്റില്‍ മത്സരിച്ച് 11 സീറ്റു നേടിയതും ഓര്‍മിപ്പിക്കുകയാണ്. 1967ല്‍ 14 സീറ്റു നേടി സി.എച്ചും അഹമ്മദ് കുരിക്കളും മന്ത്രിമാരായി മുസ്‌ലിം ലീഗ് ഭരണത്തില്‍ പങ്കാളിയായപ്പോള്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ കേവലം ഒന്‍പതു സീറ്റായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നതെന്ന വസ്തുതയും സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."