വീണ്ടും പോർമുഖം തുറന്ന് ഗവർണർ ; അടിയോടടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതുവർഷ സഭാസമ്മേളനം ആരംഭിക്കാൻ രണ്ടു നാൾ മാത്രം ശേഷിക്കേ സർക്കാർ- ഗവർണർ പോര് വീണ്ടും കടുക്കുന്നു.
ഗവർണറുടെ പഴ്‌സണൽ സ്റ്റാഫിലേക്ക് ബി.ജെ.പി സംസ്ഥാന സമിതി അംഗവും മാധ്യമ വിഭാഗം തലവനുമായ ഹരി എസ് കർത്തയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ വിയോജനക്കുറിപ്പെഴുതിയതാണ് ഗവർണറെ ചൊടിപ്പിച്ചത്. പഴ്‌സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തിൽ സർക്കാർ തലയിടേണ്ടതില്ലെന്നും ഗവർണർ തുറന്നടിച്ചു.
ആരെ നിയമിക്കണമെന്ന് താൻ തന്നെ തീരുമാനിക്കും. അത് അംഗീകരിക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. അല്ലെങ്കിൽ അതു തള്ളണമായിരുന്നു. വിയോജന കുറിപ്പെഴുതി അംഗീകരിക്കുക എന്നത് സർക്കാരിനു ചേർന്ന നടപടിയാണോ എന്നു പരിശോധിക്കണമെന്നും ഗവർണർ പറഞ്ഞു.
നേരത്തെ ലോകായുക്ത ഓർഡിനൻസിൽ ഒപ്പിടുന്നതിനായി മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടപ്പോൾ ഹരി എസ് കർത്തയെ തന്റെ പഴ്‌സണൽ സ്റ്റാഫിൽ നിയമിച്ച നടപടി അംഗീകരിക്കണമെന്ന നിർദേശം ഗവർണർ മുന്നോട്ടു വച്ചിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രി യാതൊരു വിയോജിപ്പും കൂടാതെ ഗവർണർക്ക് ഉറപ്പുനൽകിയിട്ട് നിയമന ഉത്തരവിൽ വിയോജനക്കുറിപ്പെഴുതി രാജ്ഭവനെ അറിയിച്ചതാണ് ഗവർണറെ ചൊടിപ്പിച്ചത്. മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിനെതിരേയും ഗവർണർ ആഞ്ഞടിച്ചു.
മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ടു വർഷത്തിനുശേഷം ഇത്തരക്കാർക്ക് പെൻഷൻ നൽകുന്ന നടപടി നിയമവിരുദ്ധമാണ്. പഴ്‌സണൽ സ്റ്റാഫ് പദവിയിൽനിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാർട്ടിയിലേക്ക് തിരികെയെത്തി പ്രവർത്തിക്കുന്നു. ഇപ്രകാരം പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു. രണ്ടു വർഷത്തിനു ശേഷം പെൻഷൻ നൽകുന്ന ഇത്തരം സ്റ്റാഫ് നിയമനം നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ പറഞ്ഞു.
ലോകായുക്ത ഓർഡിനൻസിൽ ബി.ജെ.പിയുടെ അതൃപ്തി കാര്യമാക്കുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം നോക്കിയല്ല താൻ നിലപാട് സ്വീകരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."